പട്ടാപ്പകൽ യുവാവിൽ നിന്നും 9.95 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു
മുഹമ്മദ് ഷാഫി
മുഹമ്മദ് ഷാഫി
Updated on: 
1 min read

മലപ്പുറം: നിലമ്പൂരിൽ ബാങ്കിൽ നിന്നും പണവുമായി ഇറങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നാട്ടുകല്ല് കൊടക്കാട് സ്വദേശി പനങ്ങാട്ട് തൊടി മുഹമ്മദ് ഷാഫി (23) യെയാണ് പ്രത്യേക അന്വേഷണസംഘം പുലർച്ചെ കൊടക്കാടുള്ള വീട്ടിൽ വെച്ച് പിടികൂടിയത്.

ഇന്നലെ രാവിലെ 11:45-ഓടെ നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലുള്ള ബാങ്ക് ഓഫ് ബറോഡയ്ക്ക് മുൻവശത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കുമ്മാളി ഫിറോസ് ബാങ്കിൽ നിന്നും പണം പിൻവലിച്ച് പുറത്തേക്കിറങ്ങുമ്പോൾ, പുറത്തു കാത്തുനിന്ന കവർച്ചാ സംഘം ആക്രമിച്ച് പണം അടങ്ങിയ പൊതിയുമായി കാറിൽ കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ ഫിറോസിന്റെ കൈക്ക് പരിക്കേറ്റിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി കെ റഫീക്കിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. നിലമ്പൂർ ഇൻസ്പെക്ടർ എൻബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഫിറോസിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച് കവർച്ചാ സംഘത്തിന് വിവരം കൈമാറിയത് മുഹമ്മദ് ഷാഫിയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കവർച്ചയ്ക്കായി പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Summary

One person has been arrested by a special investigation team in connection with the daylight robbery of ₹9.95 lakh from a man outside a bank in Nilambur, Malappuram district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER