

മലപ്പുറം: സംസ്ഥാനത്തെ ലഹരിക്കടത്ത് മാഫിയകൾക്കെതിരെ പൊലീസ് നടത്തുന്ന വിപുലമായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ നാല് പ്രധാന സൂത്രധാരന്മാരെ അതിസാഹസികമായി പിടികൂടി മലപ്പുറം ജില്ലാ പോലീസ്. സംസ്ഥാനത്തെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നായ മഞ്ചേരിയിലെ 13 കിലോഗ്രാം എംഡിഎംഎ കേസിലാണ് ബിഹാറിലെ ഭാഗൽപൂരിലും ചെന്നൈയിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി ഉയർന്നു.
മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയ് എന്ന കിങ്മേക്കർ (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭാഗൽപൂരിൽ നിന്നും, തമിഴ്നാട് ഉദഗമണ്ഡലം (ഊട്ടി) സ്വദേശി കാർത്തികിനെ (32) ചെന്നൈയിൽ നിന്നുമാണ് പൊലീസ് വലയിലാക്കിയത്. പൊലീസ് പരിശോധനയിൽ കുടുങ്ങാതിരിക്കാനായി ഫോണുകൾ ഉപേക്ഷിച്ചാണ് ഒളിത്താവളങ്ങളിൽ കഴിഞ്ഞിരുന്നത്. പ്രതികളെ പിടികൂടുന്നതിനായി പത്ത് സംസ്ഥാനങ്ങളിലായി അന്വേഷണ സംഘം വിപുലമായ നിരീക്ഷണമാണ് നടത്തിയത്. ഒരാഴ്ചയോളം നീണ്ട രഹസ്യ നീക്കങ്ങൾക്കൊടുവിലാണ് ഇവരുടെ താവളങ്ങൾ തിരിച്ചറിഞ്ഞത്. കണ്ണൂർ സിറ്റി ഡാൻസാഫ് (DANSAF) സംഘത്തിൽ നിന്ന് ലഭിച്ച വിവരങ്ങളും പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായി. നോയിഡ കേന്ദ്രീകരിച്ചാണ് ഈ വൻ ലഹരി ശൃംഖല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡൽഹി, നോയിഡ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങളിൽ എത്തിക്കുന്ന രാസലഹരി ഒന്നിലേറെ കാരിയർമാരെ മാറിമാറി ഉപയോഗിച്ചാണ് കേരളത്തിലേക്ക് കടത്തിയിരുന്നത്. കേരളത്തിന് പുറമെ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കും ഇവർ വൻതോതിൽ ലഹരിമരുന്ന് വിതരണം നടത്തിയിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, കൊളത്തൂർ ഇൻസ്പെക്ടർ സി.കെ. നൗഷാദ്, കൊണ്ടോട്ടി ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ നിജീഷ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതികൾക്ക് മലപ്പുറത്തെ കൊണ്ടോട്ടി, തേഞ്ഞിപ്പലം, കൊളത്തൂർ സ്റ്റേഷനുകളിലെ കേസുകൾക്ക് പുറമെ തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലും സമാനമായ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ട്. കൊലപാതകം, വൻകിട ലഹരിക്കടത്ത്, കവർച്ച തുടങ്ങിയ ഗുരുതര കേസുകളിൽ മുൻപും പ്രതികളായവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ലഹരി ഇടപാടുകളുടെ പണമിടപാടുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കോ അല്ലാതെയോ നൽകി സഹായിച്ചവരെയും വരും ദിവസങ്ങളിൽ കേസിൽ പ്രതിചേർക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates