മലപ്പുറം: ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ശക്തമാക്കി എസ്ഡിപിഐ. ആവശ്യം നടപ്പാക്കാൻ നടപടിയെടുക്കാത്ത പക്ഷം മലപ്പുറത്തെ 16 യുഡിഎഫ് എംഎൽഎമാർക്ക് ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നാണ് പാർട്ടിയുടെ മുന്നറിയിപ്പ്. ആവശ്യം അംഗീകരിക്കാത്ത എംഎൽഎമാരെ ജില്ലയിൽ പ്രവേശിപ്പിക്കണമോയെന്ന് ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ തീരുമാനിക്കുമെന്ന് എസ്ഡിപിഐ നേതാവും ജില്ലാ വിഭജന സമരസമിതി ചെയർമാനുമായ വി.ടി. ഇക്രാമുൽ ഹഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇനി ഏതെങ്കിലും പുതിയ ജില്ല രൂപീകരിക്കുന്നുണ്ടെങ്കിൽ അത് മലപ്പുറം ജില്ല വിഭജിച്ചായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരൂർ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2027 ജനുവരി 26ന് മനുഷ്യച്ചങ്ങല തീർക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും വികസനത്തിൽ പതിനാലാം സ്ഥാനത്തുമാണ് മലപ്പുറമെന്ന് ഇക്രാമുൽ ഹഖ് പറഞ്ഞു. രൂപീകരിച്ച് 55 വർഷം പിന്നിട്ടിട്ടും ജില്ല വികസനത്തിൽ ഏറെ പിന്നിലാണ്. ഉയർന്ന ജനസംഖ്യയും അതുമൂലമുള്ള ഭരണപരമായ പ്രതിസന്ധികളുമാണ് വികസനത്തിന് പ്രധാന തടസ്സം. ജില്ല വിഭജിക്കുകയാണ് ഇതിനുള്ള ഏക പരിഹാരമെന്നും അദ്ദേഹം പറഞ്ഞു
ജില്ലയിൽ ഉണ്ടായ വികസനത്തിന്റെ വലിയൊരു പങ്കും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണെന്നും ആരോഗ്യരംഗം, പൊതുഗതാഗതം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകൾ ഇപ്പോഴും പിന്നാക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2010 മുതൽ തിരൂർ ജില്ലയ്ക്കായി എസ്ഡിപിഐ സമരം നടത്തിവരികയാണ്. സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടുത്തിടെ നടത്തിയ ചർച്ചകൾ ഈ ആവശ്യത്തിന് വീണ്ടും പ്രസക്തി നൽകിയെന്നും ഇക്രാമുൽ ഹഖ് പറഞ്ഞു.
അതേസമയം, ജില്ല വിഭജനത്തിന്റെ പേരിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് പ്രതികരിച്ചു. ലീഗും കോൺഗ്രസും നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട നിർദേശം സർക്കാരിന് മുന്നിൽ അവതരിപ്പിക്കുകയും റവന്യൂ മന്ത്രിയെ കാണുകയും ചെയ്തിട്ടുണ്ട്. വിഷയം നടപടിക്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
"പുതിയ ജില്ലയ്ക്കായി സമ്മർദം ചെലുത്തുന്നത് തങ്ങളാണെന്ന പ്രതീതി സൃഷ്ടിച്ച്, തീരുമാനം വരുമ്പോൾ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. അത് നടക്കില്ല. യുഡിഎഫ് എംഎൽഎമാർ ഇതിലും വലിയ ഭീഷണികൾ നേരിട്ട് അതിജീവിച്ചവരാണ്. ഇത്തരം ഭീഷണികൾ ഇനി അവരെ ബാധിക്കില്ല," അബ്ദുൽ ഹമീദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates