തിരുന്നാവായ: ആധുനിക യന്ത്രസാമഗ്രികളും മരമില്ലുകളും നാട്ടിൻപുറങ്ങളിൽ വ്യാപകമാകുന്നതിന് മുമ്പ്, നിർമ്മാണാവശ്യങ്ങൾക്കായി വൻമരത്തടികൾ പരമ്പരാഗത ശൈലിയിൽ അളന്നുപാകപ്പെടുത്തിയിരുന്ന രണ്ട് ഈർച്ചത്തൊഴിലാളികൾക്ക് സ്നേഹാദരം. വലിയ ഈർച്ചവാളിന്റെ രണ്ടറ്റത്തുനിന്ന് ഒരേ താളത്തിൽ വലിച്ചും താഴ്ത്തിയും മരങ്ങൾ ഈർന്നെടുത്ത് ജീവിതം കെട്ടിപ്പടുത്ത, 'കുഞ്ഞാപ്പുട്ടി' എന്ന ഒരേ വിളിപ്പേരിൽ അറിയപ്പെടുന്ന രണ്ട് മുതിർന്ന തൊഴിലാളികളെയാണ് റീ എക്കൗ സംഘടനയുടെ നേതൃത്വത്തിൽ ആദരിച്ചത്. കാരത്തൂർ സ്വദേശി തയ്യിൽ മൊയ്തീന്റെ മകൻ മൊയ്തീൻകുട്ടി, തെക്കൻ കുറ്റിക്കുറ്റൂർ സ്വദേശി തയ്യിൽ അലവിക്കുട്ടിയുടെ മകൻ മുഹമ്മദ്കുട്ടി എന്നിവരാണ് ആദരിക്കപ്പെട്ടത്.
പതിനാലാം വയസ്സിൽ ഈർച്ചപ്പണി തൊഴിലായി സ്വീകരിച്ച ഇരുവരും ദിവസക്കൂലിയായി നാലണ (25 പൈസ) വാങ്ങിയിരുന്ന കാലത്താണ് ജോലി തുടങ്ങിയത്. വാഹനസൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് ഉൾഗ്രാമങ്ങളിലും മലമുകളിലും കയറി കൂറ്റൻ മരങ്ങൾ മുറിച്ച് ഈർന്നെടുത്ത്, കൈവണ്ടികളിൽ ദുർഘടമായ വഴികളിലൂടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിച്ച് വാഗണുകൾ വഴി ചെന്നൈയിലേക്ക് അടക്കം അയച്ചിരുന്നതിൽ ഇരുവരുടെയും വൈദഗ്ധ്യം ശ്രദ്ധേയമായിരുന്നു. തിരുന്നാവായയിൽ നിന്ന് ഭാരതപ്പുഴയുടെ മണൽപ്പരപ്പിലൂടെ തടി ഉന്തിക്കൊണ്ടുപോയി പുന്നയൂർക്കുളത്ത് വലിയ പത്തായം നിർമ്മിക്കാൻ മരങ്ങൾ എത്തിച്ചതും, ആഴവാഞ്ചേരി മനയിലെ കൂറ്റൻ മാവ് വെട്ടി ഒരുക്കിയതും, തവനൂർ കേളപ്പൻ മെമ്മോറിയൽ കാർഷിക കോളേജിന് ആവശ്യമായ മരങ്ങൾ നൽകിയതുമെല്ലാം ഇവർ ഓർത്തെടുക്കുന്നു.
രണ്ട് കാലുകൾ ഉപയോഗിച്ച് നിർമ്മിച്ച താങ്ങിന്മേൽ ഒരാൾ മുകളിലും മറ്റൊരാൾ നിലത്തുനിന്നും വലിയ വാളിന്റെ ഇരുവശവും പിടിച്ചുവലിച്ച് ചെയ്തിരുന്ന ഈ കഠിനാധ്വാനം കായികശേഷി ഏറെ ആവശ്യമുള്ളതായിരുന്നു. വീടുകളിൽ ഉത്തരം വെക്കുന്ന ചടങ്ങുകളിൽ ലഭിച്ചിരുന്ന ആദരവുകളായിരുന്നു അക്കാലത്ത് ഇവർക്ക് കിട്ടിയ പ്രധാന അംഗീകാരം. പിന്നീട് മരമില്ലുകൾ വ്യാപകമായതോടെ പരമ്പരാഗത ഈർച്ചത്തൊഴിൽ പൂർണ്ണമായി അന്യംനിന്നുപോവുകയായിരുന്നു.
റീ എക്കൗവിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'നാടിന്റെ നാൾവഴികൾ, ഒരു ചരിത്ര പുനർവായന' പരിപാടിയിലാണ് ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചത്. പാരമ്പര്യ ഈർച്ചവാൾ സൂക്ഷിച്ചുപോരുന്ന പുച്ചങ്ങൽ അബൂബക്കറിനും ചടങ്ങിൽ പ്രത്യേക ആദരം നൽകി. റീ എക്കൗ പ്രസിഡന്റ് പൂവത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates