പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും ദീർഘകാലം പ്രാക്ടീസ് ചെയ്ത അഭിഭാഷകനെന്ന ഗിന്നസ് റെക്കോർഡ്;
Adv PB Menon Turns 100
Adv PB Menon Turns 100
Edited By:
Updated on: 
2 min read

പാലക്കാട്: കേരളത്തിന്റെ നിയമരംഗത്ത് തലമുറകൾക്ക് വഴികാട്ടിയായ മുതിർന്ന അഭിഭാഷകൻ അഡ്വ. പി.ബി. മേനോൻ നൂറാം ജന്മദിനത്തിന്റെ നിറവിലേക്ക്. പാലക്കാടിന്റെ അഭിമാനമായ ഈ നിയമപ്രതിഭയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളും ഏഴു പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത നിയമസേവനവും സ്വന്തമായുള്ള അദ്ദേഹത്തിന്റെ ജീവിതം ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും അടങ്ങാത്ത പഠനതൃഷ്ണയുടെയും ഉത്തമ മാതൃകയാണ്. ലോകത്ത് ഏറ്റവും ദീർഘകാലം അഭിഭാഷകവൃത്തിയിൽ തുടർന്ന വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡും പി.ബി. മേനോന്റെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളത്.

പാച്ചുവീട്ടിൽ ബാലസുബ്രഹ്മണ്യ മേനോൻ എന്ന പി.ബി. മേനോൻ 1926 ഒക്ടോബർ 15-ന് പാലക്കാട് പല്ലശ്ശനയിൽ കോമൻ നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായാണ് ജനിച്ചത്. പാലക്കാട് മുനിസിപ്പൽ (പി.എം.ജി) ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഗവൺമെന്റ് വിക്ടോറിയ കോളേജിൽ നിന്ന് 1947-ൽ ബിരുദം നേടി. തുടർന്ന് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കി മദ്രാസ് ഹൈക്കോടതിയിൽ അന്നത്തെ അഡ്വക്കറ്റ് ജനറൽ കുട്ടിക്കൃഷ്ണമേനോന്റെ കീഴിൽ രണ്ടു വർഷം പരിശീലനം നേടി. മാതാപിതാക്കളുടെ നിർബന്ധപ്രകാരം പാലക്കാട്ടേക്ക് മടങ്ങിയെത്തിയ അദ്ദേഹം, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കെ.എസ്. രാമകൃഷ്ണയ്യരുടെ കീഴിൽ പ്രാക്ടീസ് തുടങ്ങി.

1950 ജൂലൈ 18-നാണ് പി.ബി. മേനോൻ പാലക്കാട് കോടതിയിൽ സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തിരുന്നെങ്കിലും പിന്നീട് സിവിൽ കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഈ രംഗത്ത് അഗ്രഗണ്യനായി മാറുകയും ചെയ്തു. ഓരോ കേസിനെയും അതീവ സൂക്ഷ്മതയോടെയും ഗൗരവത്തോടെയും സമീപിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. കക്ഷികൾ തന്നിൽ അർപ്പിക്കുന്ന അചഞ്ചലമായ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണ് തൊഴിൽജീവിതത്തിലെ പരമപ്രധാനമായ മൂല്യമെന്ന് അദ്ദേഹം എപ്പോഴും ഓർമ്മിപ്പിച്ചു.

PB Menon.
PB Menon.

73 വർഷവും 60 ദിവസവും തുടർച്ചയായി അഭിഭാഷകനായി സേവനമനുഷ്ഠിച്ച അപൂർവ്വ നേട്ടത്തിനാണ് 2023 സെപ്റ്റംബർ 11-ന് പി.ബി. മേനോനെ തേടി ഗിന്നസ് വേൾഡ് റെക്കോർഡ് എത്തിയത്. കോടതിയിൽ ഹാജരാകുന്നതിന് മുൻപ് ഓരോ കേസും ആഴത്തിൽ പഠിക്കുന്നതിനൊപ്പം സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും ഏറ്റവും പുതിയ വിധികൾ ദിവസവും കുറിച്ചുവെക്കുന്ന പഠനശീലം അദ്ദേഹം ചിട്ടയോടെ തുടർന്നുപോന്നു. പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ജൂനിയർ അഭിഭാഷകരെ കൈപിടിച്ചുയർത്തുന്നതിലും ശ്രദ്ധാലുവായിരുന്നു. തന്റെ സ്വകാര്യ ശേഖരത്തിലെ വിലപ്പെട്ട നിയമപുസ്തകങ്ങളിൽ ഭൂരിഭാഗവും ബാർ അസോസിയേഷൻ ലൈബ്രറിക്ക് സംഭാവനയായി നൽകിയതും ശ്രദ്ധേയമാണ്.

സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനായി പി.ബി. മേനോൻ നടത്തിയ നിസ്തുലമായ സേവനങ്ങൾ വലിയ ആദരവ് അർഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആശംസാസന്ദേശത്തിൽ ചൂണ്ടിക്കാട്ടി. നൂറാം വയസ്സിലും കർമ്മനിരതനായി തുടരുന്നത് അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും നിയമത്തോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. ഒക്ടോബർ 15-ന് നൂറാം വയസ്സിലേക്ക് കടക്കുന്ന ഈ കാരണവർക്ക് ആശംസകൾ നേരുകയാണ് കേരളത്തിലെ നിയമലോകവും നാടും.

Summary

Advocate P.B. Menon, the Guinness World Record holder for the longest career as a practicing lawyer, is turning 100 on October 15, drawing warm birthday wishes from Prime Minister Narendra Modi, who lauded his seven-decade-long relentless service to justice and society.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com