

പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെ, പൊലീസ് ബാരിക്കേഡുകൾ വെട്ടിച്ച് എസ്എഫ്ഐയുടെ പതാകയുമായി മുന്നോട്ടുകുതിച്ച പെൺകുട്ടിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മുടി പറ്റെ വെട്ടി, ടി-ഷർട്ടും ധരിച്ച്, പിന്നിൽ ചെറിയ ബാഗും തൂക്കി പതാകയേന്തി പായുന്ന ഈ പെൺകുട്ടി പാലക്കാട് മങ്കര സ്വദേശിനിയായ പി. പവിത്രയാണ്. ഡൽഹി സർവകലാശാലയിലെ ഹൻസ് രാജ് കോളേജിൽ മൂന്നാം വർഷ നരവംശശാസ്ത്ര വിദ്യാർത്ഥിനിയാണ് പവിത്ര.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് തലസ്ഥാനത്തെ തെരുവുകളിൽ പ്രതിഷേധം കനത്തത്. സിജെപിയുടെയും ഇടത് സംഘടനകളുടെയും മാർച്ച് പല ഭാഗങ്ങളിൽ നിന്നായി ജന്തർമന്തറിലേക്ക് നീങ്ങി. ആരും അങ്ങോട്ട് എത്താതിരിക്കാൻ വഴികളിൽ പൊലീസ് ബാരിക്കേഡുകൾ വെച്ച് തടയുകയും പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ആകാശവാണി ഭവന് സമീപം റാലിയായി വന്ന വിദ്യാർത്ഥികളെ തടഞ്ഞപ്പോഴാണ് പൊലീസിനെ വെട്ടിച്ച് പവിത്ര കൊടിയുമായി മുന്നോട്ടുകുതിച്ചത്. മലയാള മനോരമ ഫോട്ടോഗ്രാഫർ ജോസ്ക്കൂട്ടി പനയ്ക്കൽ പകർത്തിയ ആ ചിത്രം നിമിഷങ്ങൾക്കകം പ്രചരിക്കുകയായിരുന്നു.
പ്രതിഷേധത്തിനുള്ള ഒരുക്കം വെള്ളിയാഴ്ച തന്നെ തുടങ്ങിയിരുന്നുവെന്ന് പവിത്ര പറയുന്നു. "ഞങ്ങളെല്ലാം സിപിഎം ഓഫീസായ ഹർകിഷൻ സിങ് സുർജിത് ഭവനിലാണ് തലേന്ന് എത്തിയത്. ശനിയാഴ്ച രാവിലെ അവിടെനിന്ന് ജന്തർമന്തറിലേക്ക് എത്താനായിരുന്നു തീരുമാനം. എന്നാൽ ഓഫീസിന് മുന്നിൽ ബാരിക്കേഡ് വെച്ച് തടയാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി കുറേ വിദ്യാർത്ഥികളെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പത്തോടെ ഇരുസ്ഥലങ്ങളിൽ നിന്നും റാലി തുടങ്ങി. കൈയിൽ എസ്എഫ്ഐയുടെ കൊടികളുമുണ്ടായിരുന്നു."
ആകാശവാണി ഭവന് സമീപത്ത് പൊലീസ് തുടരെത്തുടരെ ബാരിക്കേഡുകൾ വെച്ചിരുന്നുവെന്നും അത് മറികടന്ന് മുന്നോട്ട് പോകാൻ തുടങ്ങിയതോടെയാണ് കസ്റ്റഡി നടപടികൾ ഉണ്ടായതെന്നും പവിത്ര വ്യക്തമാക്കി. "ഞാനുൾപ്പെടെയുള്ള കുറച്ചുപേർ കൊടിയുമായി പൊലീസിനെ വെട്ടിച്ചോടി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും പൊലീസ് വളഞ്ഞു, കസ്റ്റഡിയിലെടുത്തു. ഇതിനിടെ പിടിയും വലിയുമായി, പൊലീസിന്റെ അടിയേറ്റു. ബസ് എങ്ങോട്ടെന്നില്ലാതെ പൊയ്ക്കൊണ്ടിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോൾ ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തി. അപ്പോൾ ഞങ്ങൾ കുറച്ചുപേർ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു." എന്തുവന്നാലും നെഞ്ചൂക്കോടെ നേരിടാമെന്ന ആവേശമായിരുന്നു പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയോടുമ്പോൾ തന്നെ നയിച്ചതെന്നും പവിത്ര കൂട്ടിച്ചേർത്തു.
പാലക്കാട് മങ്കര കാരാട്ടിൽ വീട്ടിൽ പരേതനായ പ്രകാശന്റെയും ബിന്ദുവിന്റെയും മകളാണ് പവിത്ര. അമ്മ ബിന്ദു മങ്കര സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ടന്റും പാർട്ടി അംഗവുമാണ്. മങ്കര മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കൽ സെക്രട്ടറിയുമായിരുന്ന സഖാവ് ചന്ദ്രന്റെ ചെറുമകൾ കൂടിയാണ്. ഡൽഹി സർവകലാശാലയിലെ മുൻ വിദ്യാർത്ഥി പ്രഭാതാണ് ജ്യേഷ്ഠൻ. മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'മൈത്രി'യുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു പവിത്ര. ആദ്യമായാണ് ഇത്രയും വലിയൊരു പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും ആവേശകരമായ അനുഭവമായിരുന്നുവെന്നും പവിത്ര പറഞ്ഞു. ഡൽഹിയിൽ വിന്യസിച്ച അർദ്ധസൈനിക സന്നാഹത്തെ വെട്ടിച്ച് എസ്എഫ്ഐ പതാകയുമായി കുതിച്ച പവിത്രയെക്കുറിച്ച് സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates