പാലക്കാട്: കാൽ നൂറ്റാണ്ടുകാലമായി വയറ്റിൽ വലിയൊരു ട്യൂമറും പേറി വേദനയും ദുരിതവും സഹിച്ച് ജീവിച്ചിരുന്ന 69-കാരിക്ക് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി. ശ്രീകൃഷ്ണപുരം സ്വദേശിനിയായ വയോധികയുടെ വയറ്റിൽ നിന്നാണ് 30x20 സെന്റിമീറ്റർ വലിപ്പമുള്ള ഭീമൻ ട്യൂമർ വിജയകരമായി നീക്കം ചെയ്തത്. 25 വർഷമായി വലിയ വയറുവേദനയും അസ്വാഭാവികമായ രീതിയിലുള്ള വയറുവീക്കവും അനുഭവിച്ചിരുന്ന ഇവർ ഏറെ നാളായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ഇവിടെ നടത്തിയ വിശദമായ പരിശോധനകളിലാണ് മെഡിക്കൽ രംഗത്ത് അപൂർവ്വമായി മാത്രം കാണാറുള്ള ‘ജയന്റ് കൊളോണിക് മെസെന്ററിക് സിസ്റ്റ്’ (Giant Colonic Mesenteric Cyst) വയോധികയുടെ വയറ്റിൽ വളരുന്നതായി കണ്ടെത്തിയത്. ഇതിനുപിന്നാലെ ചൊവ്വാഴ്ച രാവിലെ നടത്തിയ ദീർഘനേരം നീണ്ട ശസ്ത്രക്രിയയിലാണ് ട്യൂമർ പൂർണ്ണമായും പുറത്തെടുത്തത്.
പ്രമുഖ സർജൻ ഡോ. മിഥുൻ കെ. യുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ഈ സങ്കീർണ്ണ ശസ്ത്രക്രിയ നടന്നത്. അനസ്‌തീഷ്യ വിഭാഗത്തിൽ നിന്നുള്ള ഡോ. രാഹുൽ എസ്, ഡോ. വർഷ പി.കെ എന്നിവരും മെഡിക്കൽ സംഘത്തോടൊപ്പം അണിനിരന്നു. വർഷങ്ങളായി വയറ്റിൽ വളർന്ന ഈ സിസ്റ്റിനുള്ളിൽ വൻതോതിൽ ദ്രാവകം അടിഞ്ഞുകൂടിയിട്ടുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഈ സിസ്റ്റിനുള്ളിൽ നിന്നും ഏകദേശം നാല് ലിറ്ററോളം ദ്രാവകം മറ്റ് അവയവങ്ങളിലേക്ക് പടരാത്ത രീതിയിൽ അതീവ സൂക്ഷ്മതയോടെ പുറത്തെടുത്ത ശേഷമാണ് ഭീമൻ ട്യൂമർ പൂർണ്ണമായി ശരീരത്തിൽ നിന്നും വേർപെടുത്തിയത്. വർഷങ്ങളായി താൻ അനുഭവിച്ചിരുന്ന കഠിനമായ ശരീരവേദനയ്ക്കും ശാരീരിക അസ്വസ്ഥതകൾക്കും ശസ്ത്രക്രിയയ്ക്കുശേഷം വലിയ ആശ്വാസമുണ്ടായതായി വയോധിക തന്നെ ഡോക്ടർമാരെ അറിയിച്ചു. നിലവിൽ രോഗി പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിൽ (ICU) പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
നഴ്സുമാർ, തിയേറ്റർ ടെക്നീഷ്യൻമാർ ഉൾപ്പെടെയുള്ള ആശുപത്രിയിലെ മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനവും ആത്മാർത്ഥതയുമാണ് പരിമിതമായ സാഹചര്യങ്ങൾ മാത്രമുള്ള ഈ മലയോര മേഖലയിലെ സർക്കാർ ആശുപത്രിയിൽ ഇത്തരമൊരു വലിയ ശസ്ത്രക്രിയ വിജയകരമാക്കാൻ സഹായിച്ചതെന്ന് കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആലൂർ പറഞ്ഞു. ഒരു രോഗിയുടെ കാൽ നൂറ്റാണ്ടുകാലത്തെ ദുരിതജീവിതത്തിന് പൂർണ്ണമായി വിരാമമിടാൻ സാധിച്ചതിൽ ആശുപത്രി കുടുംബത്തിന് വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അട്ടപ്പാടിയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങൾക്ക് വലിയൊരു ആശ്വാസകേന്ദ്രമായി മാറുകയാണ് ഈ സർക്കാർ സ്പെഷ്യാലിറ്റി ആശുപത്രി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates