ദേവരഥങ്ങളുടെ വരവറിയിച്ച് കൽപ്പാത്തിയുടെ ആകാശത്ത് കൊടിയേറി; പ്രശസ്തമായ കൽപ്പാത്തി രഥോത്സവത്തിന് തുടക്കം

നവംബർ 14-ന് രഥ പ്രയാണവും 16-ന് ദേവരഥ സംഗമവും നടക്കും.
Kalpathy Ratholsavam 2026
Kalpathy Ratholsavam 2026
Edited By:
Updated on: 
1 min read

പാലക്കാട്: ദേവരഥങ്ങളുടെ വരവറിയിച്ച് കൽപ്പാത്തിയുടെ ആകാശത്ത് ഉത്സവക്കൊടി ഉയർന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ രഥോത്സവങ്ങളിലൊന്നായ കൽപ്പാത്തി രഥോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. ഉത്സവത്തിലെ പ്രധാന ക്ഷേത്രമായ വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രാവിലെ ആറു മുതൽ യാഗശാല പൂജകളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് എട്ടിന് വേദപാരായണവും രുദ്രാഭിഷേകവും നടന്നു. രാവിലെ പത്തുമണിയോടെ സ്വാമി പുറപ്പാടും നടന്നു.

തുടർന്ന് കൃത്യം 11:45-ഓടെയാണ് നാടുകാത്തിരുന്ന ഐതിഹാസികമായ കൊടിയേറ്റ് നടന്നത്. പ്രധാന ക്ഷേത്രത്തിനുമുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് വിശ്വാസികൾ 'ഹര ഹര മഹാദേവ' മന്ത്രങ്ങൾ മുഴക്കി. ക്ഷേത്രം തന്ത്രി രത്നസഭാപതി, പ്രഭുദേവസേനാപതി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾക്കും കർപ്പൂര ആരതിക്കും ശേഷം രഥോത്സവത്തിന്റെ ധ്വജാരോഹണം നിർവഹിച്ചു. നന്ദികേശന്റെ ചിത്രം ആലേഖനം ചെയ്ത കൊടി കൽപ്പാത്തിയുടെ വീഥികൾക്ക് മുകളിൽ ഉയർന്നുപാറിയപ്പോൾ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം കൈകൂപ്പി നിന്നു.

പ്രധാന ക്ഷേത്രത്തിന് പുറമെ രഥോത്സവത്തിൽ പങ്കാളികളായ പുതിയ കൽപ്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറ്റ് നടന്നു. രാവിലെ 9:30 മുതൽ 11:45 വരെയുള്ള ശുഭമുഹൂർത്തങ്ങളിലായിരുന്നു വിവിധ ക്ഷേത്രങ്ങളിലെ കൊടിയേറ്റ ചടങ്ങുകൾ. ഇന്നുമുതൽ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും സവിശേഷ ചടങ്ങുകളും നടക്കും.

ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ ദേവസംഗമം അഞ്ചാം തിരുനാളായ വരുന്ന 12-ാം തീയതി അർദ്ധരാത്രി നടക്കും. തുടർന്ന് നവംബർ 14-ന് ഒന്നാം തേര് ദിനത്തിൽ കൽപ്പാത്തിയിലെ മുഖ്യക്ഷേത്രമായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആദ്യദിനത്തിലെ രഥ പ്രയാണത്തിന് തുടക്കമാകും. നവംബർ 16-നാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൽപ്പാത്തി ദേവരഥ സംഗമം നടക്കുന്നത്.

Summary

The historic Kalpathy Ratholsavam chariot festival in Palakkad has officially commenced with the traditional hoisting of temple flags (Kodiyettam) across major temples, setting the stage for the grand chariot processions and the famous Devasamgamam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER