

ചെർപ്പുളശ്ശേരി: ബാല്യകാലത്ത് ബാങ്കോക്കിലെ ഐഎൻഎ ക്യാമ്പിൽ നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം താമസിക്കുകയും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി വളരുകയും ചെയ്ത ‘കേരളത്തിന്റെ ദത്തുപുത്രി’ കാറൽമണ്ണ പൊതുവാട്ടിൽ രാധ (88) അന്തരിച്ചു. തായ്ലൻഡ് സ്വദേശിയായിരുന്ന രാധ, കാറൽമണ്ണ സ്വദേശി ഡോ. കൃഷ്ണപ്പൊതുവാളിന്റെയും നാരായണിക്കുട്ടി പൊതുവാൾസ്യാരുടെയും ദത്തുപുത്രിയായാണ് കേരളത്തിലെത്തിയത്. വ്യാഴാഴ്ച രാവിലെ 10ന് കാറൽമണ്ണയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
ഇന്ത്യൻ നാഷനൽ ആർമിയുടെപ്രവർത്തനങ്ങളുമായി ബന്ധമുണ്ടായിരുന്ന കുടുംബാന്തരീക്ഷത്തിലാണ് രാധയുടെ ബാല്യം കടന്നുപോയത്. ക്യാപ്റ്റൻ ലക്ഷ്മി ഉൾപ്പെടെയുള്ളവർ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്ന കാലത്ത് ബാങ്കോക്കിലെ സുഭാഷ് ചന്ദ്രബോസിന്റെ റെജിമെന്റിനൊപ്പമായിരുന്നു രാധയുടെ ജീവിതം. തായ്ലൻഡിൽ താമസിച്ചിരുന്ന ഐഎൻഎയുടെ മുൻനിരപ്പോരാളിയായ ഡോ. കൃഷ്ണപ്പൊതുവാളും നാരായണിക്കുട്ടി പൊതുവാളും രാധയെ ദത്തെടുക്കുകയായിരുന്നു. അന്ന് ഐഎൻഎയിലായിരുന്ന നാരായണിക്കുട്ടി പൊതുവാൾ രാധയ്ക്ക് മലയാളത്തനിമയുള്ള പേര് നൽകുകയും ചെയ്തു.
1946-ൽ ഏഴാം വയസ്സിലാണ് രാധ കേരളത്തിലെത്തിയത്. നേതാജിയുടെ സ്നേഹവും കരുതലും ഏറ്റുവാങ്ങിയ ആ ബാലികയുടെ മനസ്സിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ ജീവിതാവസാനം വരെയും മായാതെ നിന്നിരുന്നു. തൂണിനു പിന്നിൽ ഒളിച്ചുനിന്ന് പേടിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്തിരുന്ന കുസൃതിക്കാരനായ സുഭാഷ് ചന്ദ്രബോസിനെയായിരുന്നു രാധ ഓർത്തിരുന്നതെന്ന് മകളുടെ ഭർത്താവും പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ ഐആർ പ്രസാദ് പറഞ്ഞു.
ഒരിക്കൽ നേതാജി തനിക്ക് ഒരു നാണയം നൽകിയതും അതിന്റെ മൂല്യമറിയില്ലായിരുന്നെങ്കിലും ഏറെ കരുതലോടെ സൂക്ഷിച്ചതും രാധ ഓർമിച്ചുപറയാറുണ്ടായിരുന്നു. എന്നാൽ വൈകുന്നേരമായപ്പോഴേക്കും നാണയം എവിടെയോ നഷ്ടപ്പെട്ടു. അതോർത്ത് ഏറെ നേരം കരഞ്ഞതായും അവർ പറഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണങ്ങൾക്കും രാധ സാക്ഷിയായിരുന്നു. ബോംബിങ്ങിൽനിന്ന് രക്ഷപ്പെടാൻ മരപ്പലകകൾ പാകിയ കെട്ടിടത്തിനടിയിൽ ഭീതിയോടെ പതുങ്ങിയിരുന്ന അനുഭവങ്ങളും കുടുംബാംഗങ്ങളോട് പങ്കുവെച്ചിരുന്നു.
കേരളത്തിലെത്തിയ രാധ മലപ്പുറം പൂക്കാട്ടിരി സ്കൂളിൽ പഠനം തുടർന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പൂക്കാട്ടിരി സ്കൂളിലെ ബാലൻമാഷ് ദേശീയപതാക കൈയിൽ നൽകി രാധയെ മുന്നിൽ നിർത്തി ജാഥ നയിച്ചതും ജീവിതത്തിലെ മറക്കാനാവാത്ത ഓർമകളിലൊന്നായിരുന്നു. 'ഇന്ത്യ സ്വതന്ത്രയായി. ഇനി നിനക്ക് അമ്പലത്തിലും കയറാം' എന്നു പറഞ്ഞ് കൈപിടിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതും ബാലൻമാഷായിരുന്നു. അങ്ങനെ തായ്ലൻഡിൽനിന്നെത്തിയ രാധ പൂർണമായും കേരളത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
1969-ൽ മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പടിപ്പുരയ്ക്കൽ രാജഗോപാലൻ നായരുമായി വിവാഹിതയായി. തുടർന്ന് കാറൽമണ്ണയിൽ സ്ഥിരതാമസമാക്കി. മകൻ ഹരിഗോവിന്ദൻ നേരത്തേ മരിച്ചു. തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ മകൾ ശ്രീലതയും പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായ മരുമകൻ ഐആർ പ്രസാദും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അവസാനകാലത്ത് താമസം. നേതാജിയുടെയും ഐ.എൻ.എയുടെയും അപൂർവമായ ഓർമകൾ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന രാധയുടെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു ജീവിക്കുന്ന ഏടിനുകൂടിയാണ് തിരശ്ശീല വീണത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates