

മലമ്പുഴ: കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന പാലക്കാട് മലമ്പുഴ ഉദ്യാനം ക്രിസ്മസിന് മുൻപ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഉദ്യാനത്തിലെ നവീകരണ പ്രവൃത്തികൾ വിലയിരുത്താനായി എത്തിയതായിരുന്നു അദ്ദേഹം. നിലവിലെ നിർമ്മാണ പുരോഗതിയിൽ കേന്ദ്രമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി.
പാലക്കാട് വികെ ശ്രീകണ്ഠൻ എംപി, എ പ്രഭാകരൻ എംഎൽഎ., അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത്, ഉദ്യാന നവീകരണ കമ്മിറ്റി കൺവീനർ സി. കൃഷ്ണകുമാർ, ജില്ലാ കളക്ടർ സുധീർ കെ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉദ്യോഗസ്ഥർ പദ്ധതിയുടെ നിർമ്മാണ പുരോഗതിയും പ്രവർത്തനങ്ങളും മന്ത്രിക്ക് വിശദീകരിച്ചു നൽകി.
ഉദ്യാന നവീകരണത്തിനായി കേന്ദ്ര സർക്കാർ 70 കോടി രൂപയോളം അനുവദിച്ചിട്ടും പണി ആരംഭിക്കാത്തതിൽ കഴിഞ്ഞ സന്ദർശനത്തിൽ സുരേഷ് ഗോപി വിമർശനം ഉയർത്തിയിരുന്നു. നിർമ്മാണ പ്രവൃത്തികളുടെ തുടർ അവലോകനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇന്നത്തെ സന്ദർശനം. ഏകദേശം ഒരു മണിക്കൂറോളം നീണ്ട സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
അതേസമയം, ഇ-20 പെട്രോളുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്രമന്ത്രി പറഞ്ഞു. കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ ഇ-30, ഇ-40 എന്നീ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates