പാലക്കാട്: മണ്ണാർക്കാട്ട് കള്ള് ഷാപ്പിലെ തൊഴിൽ തർക്കത്തെച്ചൊല്ലി സിപിഎം–സിഎംപി പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം. തുടർച്ചയായ രണ്ടാം ദിവസവും ഷാപ്പിന് മുന്നിൽ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സിഎംപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് ഷാപ്പ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
വിരമിച്ച ഒരു തൊഴിലാളിക്ക് പകരമായി ജോലിക്ക് നിയോഗിച്ച പുതിയ ആൾക്ക് ഷാപ്പിൽ പ്രവേശിക്കാൻ കരാറുകാരൻ അനുമതി നിഷേധിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഇതിൽ പ്രതിഷേധിച്ച് സിഎംപി പ്രവർത്തകർ കള്ള് ഷാപ്പ് നിർബന്ധപൂർവം അടപ്പിച്ചു. തുടർന്ന് ഷാപ്പ് അടപ്പിച്ചതിനെ ചോദ്യം ചെയ്ത് സിഐടിയു പ്രവർത്തകർ രംഗത്തെത്തിയതോടെ ഇരുവരും തമ്മിൽ ഇന്നലെയും ഇതേ സ്ഥലത്ത് വെച്ച് സംഘർഷം ഉണ്ടായിരുന്നു.
എന്നാൽ, ഇന്നലെ പൂട്ടിയ ഷാപ്പ് വീണ്ടും തുറക്കാനായി സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയതോടെയാണ് ഇന്ന് വീണ്ടും സ്ഥിതിഗതികൾ വഷളായത്. ഷാപ്പിന് മുന്നിൽ തടിച്ചുകൂടിയ ഇരുവിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തിന് പിന്നാലെ നഗരത്തിൽ സ്ഥാപിച്ചിരുന്ന സിഎംപിയുടെ ഫ്ലക്സ് ബോർഡുകൾ സിപിഎം പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചതായി ആരോപണമുണ്ട്. ഇതിനിടെ, സിഎംപി പ്രവർത്തകർ തങ്ങളെ മർദിച്ചെന്ന പരാതിയുമായാണ് ഷാപ്പിലെ രണ്ട് തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് സിഎംപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tension continues to simmer in Mannarkkad, Palakkad, following a violent clash between CPM and CMP workers for the second consecutive day over a labour dispute at a local toddy shop.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates