

പാലക്കാട്: നാലര പതിറ്റാണ്ടോളമായി പാലക്കാട്ടുകാരുടെ പ്രഖ്യാപിത സ്വപ്നമായി ശേഷിക്കുന്ന കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയുടെ യഥാർത്ഥ ചരിത്രവും അത് അട്ടിമറിക്കപ്പെട്ടതിന്റെ പിന്നിലെ രാഷ്ട്രീയവും തുറന്നെഴുതി മുൻ പാലക്കാട് എംപിയും സിപിഎം നേതാവുമായ എൻ എൻ കൃഷ്ണദാസ്. 1982-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാലക്കാട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി, പിന്നീട് രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ എങ്ങനെ പഞ്ചാബിലെ കപൂർത്തലയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടെന്നും, തുടർന്ന് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കടുത്ത സമ്മർദ്ദത്തിലൂടെ എങ്ങനെ തിരികെ കൊണ്ടുവന്നെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുന്നു.
1982-ൽ ലോനപ്പൻ നമ്പാടൻ കെ. കരുണാകരൻ മന്ത്രിസഭയിൽ നിന്ന് രാജി വെച്ചതിനെ തുടർന്ന് ഉണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഈ വാഗ്ദാനത്തിന്റെ തുടക്കമെന്ന് കൃഷ്ണദാസ് ഓർത്തെടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോട്ടമൈതാനത്തെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, കേരളത്തിന് ഒരു "നവവത്സര സമ്മാനം" നൽകുന്നുണ്ടെന്ന് പ്രഖ്യാപിച്ചു. അന്നത്തെ കെപിസിസി പ്രസിഡന്റ് പ്രൊഫ. കെഎം ചാണ്ടി പരിഭാഷപ്പെടുത്തിയ ആ പ്രസംഗത്തിന് പിന്നാലെ, കെ. കരുണാകരനാണ് ആ സമ്മാനം "പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി" ആണെന്ന് വെളിപ്പെടുത്തിയത്.
എന്നാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയും കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് ഭരണം വരികയും ചെയ്തിട്ടും പദ്ധതി നടപ്പിലായില്ല. ഒടുവിൽ പാലക്കാട്ടുകാർക്കായി പ്രഖ്യാപിച്ച ആ കോച്ച് ഫാക്ടറി ആരും ആവശ്യപ്പെടാതെ തന്നെ പഞ്ചാബിലെ കപൂർത്തലയിൽ സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ഇതിനെതിരെ അന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു.
2004-ൽ 61 ഇടത് എംപിമാരുടെ പിന്തുണയോടെ ഒന്നാം യു.പി.എ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെയ്ക്കുന്നത്. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റ് സ്തംഭിപ്പിച്ചു. തുടർന്ന് അന്നത്തെ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി ഇടപെട്ട് റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തി.
സി.പി.ഐ (എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എൻഎൻ കൃഷ്ണദാസ് എന്നിവർ പങ്കെടുത്ത നിർണ്ണായക ചർച്ചയിൽ, സൗജന്യമായി സ്ഥലം നൽകുകയാണെങ്കിൽ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്താമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പുനൽകി. തുടർന്ന് വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് സംസ്ഥാന ക്യാബിനറ്റ് യോഗം ചേരുകയും കഞ്ചിക്കോട്ട് അടിയന്തരമായി സ്ഥലം സൗജന്യമായി ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 2008-09 റെയിൽ ബജറ്റിൽ "A Rail Coach Factory at Palakkad" എന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കപ്പെട്ടു.
എങ്കിലും 2009-ൽ രണ്ടാം യുപി. സർക്കാർ വന്നതോടെ വീണ്ടും അവഗണന ആരംഭിച്ചതായി കൃഷ്ണദാസ് ആരോപിക്കുന്നു. 2012-ലെ പിറവം ഉപതെരഞ്ഞെടുപ്പ് കാലത്ത്, കഞ്ചിക്കോട്ട് സൗജന്യമായി ഏറ്റെടുത്തു നൽകിയ ഏക്കറുകണക്കിന് ഭൂമി നിലനിൽക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാലക്കാട് കോട്ടമൈതാനത്ത് വെച്ച് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത് ജനങ്ങളെ കബളിപ്പിക്കാനായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നീട് എം.പിയായിരുന്ന എം.ബി രാജേഷ് മുൻകൈ എടുത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെയിലുമായി ചേർന്ന് സംയുക്ത സംരംഭമായി പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതിനാൽ അത് മുന്നോട്ടുപോയില്ല. തുടർന്ന് കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ, തങ്ങൾക്ക് താത്പര്യമില്ലാത്ത സംസ്ഥാനത്തെ വൻകിട പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും എൻഎൻ കൃഷ്ണദാസ് ചൂണ്ടിക്കാട്ടുന്നു. 44 വർഷമായി പാലക്കാട്ടെ ജനങ്ങളെ കൊതിപ്പിച്ച് വഞ്ചിച്ചതിന്റെ ചരിത്രമാണിതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു.
എൻഎൻ കൃഷ്ണദാസിൻറെ പോസ്റ്റിൻറെ പൂർണ രൂപം
സംഭവിക്കാതെ പോയൊരു കോച്ചു ഫാക്ടറിയുടെ കഥയും ;കഥകഴിച്ചവരും.**********************************************************
1982 ൽ ശ്രീ ലോനപ്പൻ നമ്പാടൻ ശ്രീ. കരുണാകരന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കാസ്റ്റിങ് മന്ത്രി സഭയിൽ നിന്ന് രാജി വച്ചതോടെ സംസ്ഥാന നിയമ സഭയിലേക്ക് പുതിയ തെരഞ്ഞെടുപ്പ് ഉണ്ടായി. അപ്പോൾ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ രണ്ടാം വരവിനെ തുടർന്നുള്ള കോൺഗ്രസ്സ് സർക്കാർ ആയിരുന്നു ഡൽഹിയിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി പാലക്കാട് കോട്ട മൈതാനത്ത് പ്രസംഗിക്കാനെത്തി. അന്ന് ചിറ്റൂർ കോളേജിലെ വിദ്യാർഥിയും, SFI ജില്ലാ സെക്രട്ടറിയും ആയിരുന്ന ഞാനും കുറച്ച് സഖാക്കളും മൈതാനത്തിനടുത്തുള്ള IMA ഹാളിന്റെ മതിലിൽ ഇരുന്ന് അവരുടെ പ്രസംഗം മുഴുവൻ നേരിട്ട് കേട്ടു. കെ പി സി സി പ്രസിഡണ്ട് ആയിരുന്ന പ്രൊഫ. കെ എം ചാണ്ടിയായിരുന്നു ശ്രീമതി ഗാന്ധിയുടെ പ്രസംഗം തർജമ ചെയ്തത് എന്നാണോർമ്മ. പ്രസംഗത്തിൽ അവർ പറഞ്ഞു ; കേരളത്തിന് ഒരു "നവവത്സര സമ്മാന"വുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. എന്താണാ സമ്മാനം എന്ന് ശ്രീ കരുണാകർ ജി നിങ്ങളോട് പറയും. പിന്നീട് ശ്രീ കരുണാകരൻ പ്രസംഗിക്കുമ്പോൾ ആ സമ്മാനം വെളിപ്പെടുത്തി. "പാലക്കാട് കഞ്ചിക്കോട് ഒരു റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കും." ഇതാണ് ഇന്ദിരാ പ്രിയദർശിനി പറഞ്ഞ സമ്മാനം. അന്നത് വലിയൊരു സംഭവമായിട്ടായിരുന്നു പിറ്റേ ദിവസത്തെ എല്ലാ പത്രങ്ങളും വാർത്തയാക്കിയത്. തെരഞ്ഞെടുപ്പിൽ UDF വിജയിച്ചു. ശ്രീ കെ കരുണാകരൻ മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിച്ചു. യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരും കോൺഗ്രസ്സ് തന്നെ. പിന്നീട് കുറേ വർഷങ്ങൾ അത് തന്നെയായിരുന്നു കോൺഗ്രസ്സ്ന്റെ രാഷ്ട്രീയ പ്രചരണം. കോച്ച് ഫാക്ടറിയിൽ ഉദ്യോഗത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ DCC ഓഫീസിൽ പ്രത്യേക സംവിധാനം വരെയുണ്ടായി.!!! അന്ന് DCC പ്രസിഡണ്ടും പാലക്കാട്ടെ എം പി യും എന്റെ ബഹുമാന്യ സുഹൃത്ത് ശ്രീ വി എസ് വിജയരാഘവൻ ആയിരുന്നു....
കാലം കുറച്ച് മുന്നിലേക്ക് പോയി. ശ്രീമതി ഗാന്ധി ഇവിടെ വന്ന് പാലക്കാട്ടു കാരെ കൊതിപ്പിച്ചു പോയ കോച്ച് ഫാക്റ്ററി പഞ്ചാബിലെ കപൂർത്തലയിൽ സ്ഥാപിച്ചു....അന്നതിനെതിരെ വലിയ രോഷപ്രകടനങ്ങൾ ഒക്കെ ഉണ്ടായി. കരുണാകരൻ സർക്കാരിൽ മന്ത്രിയായിരുന്ന ശ്രീ ആർ ബാലകൃഷ്ണപിള്ള കുറച്ച് അതിരു വിട്ട് പ്രസംഗിച്ചതിനെ തുടർന്ന് ആ "പാവ" ത്തിന് മന്ത്രി സഭയിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നു. എന്നാൽ കോൺഗ്രസ്സ് നേതൃത്വം അടുത്ത കോച്ച് ഫാക്ടറി ഇവിടെതന്നെയാണെന്ന് പറഞ്ഞു കൊതിപ്പിച്ചു കൊണ്ടിരുന്നു....
കാലം വീണ്ടും മുന്നിലേക്ക് പോയി. ഇന്ത്യയിൽ കോൺഗ്രസ്സ് ക്ഷയിച്ചു. 2004ൽ നടന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ്സ് പ്രതിനിധി പോലും വിജയിച്ചില്ല. 20 ൽ 18 പേർ LDF ആയിരുന്നു. കോൺഗ്രസിന് സഭയിൽ ഭൂരിപക്ഷം ഇല്ലായിരുന്നു. അപ്പോൾ അധികാരത്തിൽ ഉണ്ടായിരുന്ന ബിജെപി വലിയ പ്രലോഭനങ്ങൾ നൽകി എം പി മാരെ സ്വാധീനിച്ചു കൊണ്ട് വീണ്ടും സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുകയായിരുന്നു. കോൺഗ്രസ്സ് സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ബി ജെ പി യെ അധികാരത്തിന്റെ പുറത്ത് നിർത്താൻ ഇടത് പക്ഷം പിന്തുണ നൽകാം എന്ന് CPI - M, CPI നേതൃത്വം പ്രഖ്യാപിച്ചു. അന്ന് ആകെ 61 എം പി മാർ ഇടത് പക്ഷത്ത് നിന്ന് ഉണ്ടായിരുന്നു. അവരുടെ പിന്തുണയിൽ ഒന്നാം UPA സർക്കാർ രൂപീകരിക്കപ്പെട്ടു.
ആ പിന്തുണ ഒരു രാഷ്ട്രീയ നിലപാടായിരുന്നു. അന്ന് കേരളത്തിലെ എം പി മാർ (ഒരാളൊഴികെ എല്ലാവരും LDF) ഒറ്റക്കെട്ടായി സംസ്ഥാനത്തിന്റെ പൊതു വികസനാവശ്യങ്ങൾക്കായി യൂണിയൻ സർക്കാരിൽ വലിയ സമ്മർദ്ദങ്ങൾ നടത്തിക്കൊണ്ടിരുന്നു. സംസ്ഥാനത്ത് റെയിൽവേ വികസന പ്രശ്‌നവും സജീവ പരിഗണനയിൽ ഉന്നയിച്ചു കൊണ്ടിരുന്നു. പാലക്കാട് റയിൽവേ ഡിവിഷൻ വിഭജന പ്രശ്നം അന്നൊരു നിമിത്തമായി തീർന്നു. കേരളത്തിന്റെ റെയിൽവേ വികസന പ്രശ്നം ഉന്നയിച്ചു കേരള എം പി മാർ രണ്ട് ദിവസം സഭ സ്തംഭിപ്പിച്ചു. ലോക് സഭാ സ്പീക്കർ ആയിരുന്ന സോമനാഥ് ചാറ്റർജി പ്രശ്നം കേരള എം പി മാരുമായി ചർച്ച ചെയ്തു പരിഹരിക്കാൻ റെയിൽ മന്ത്രി ശ്രീ ലാലു പ്രസാദ് യാദവിനോട് ആവശ്യപ്പെട്ടു. ചർച്ച വിജയിച്ചില്ല. ലാലു പ്രസാദ് യാദവ് അന്നത്തെ സി പി ഐ (എം) ജനറൽ സെക്രട്ടറി ആയിരുന്ന സഖാവ് പ്രകാശ് കാരാട്ടിനെ ഏ കെ ജി ഭവനിൽ വന്ന് കണ്ട് പ്രശ്നത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ചു. സഖാവ് പ്രകാശ് എന്നെയും അവിടേക്ക് വിളിപ്പിച്ചു. ആ ചർച്ചയിൽ അന്നത്തെ പാർലമെന്ററി പാർട്ടി ലീഡർ സഖാവ് സീതറാമും പങ്കെടുത്തു. സഖാവ് പ്രകാശ് അന്ന് ശ്രീ ലാലു പ്രസാദ് യാദവിനോട് കുറച്ച് കടുപ്പിച്ചു തന്നെ പറഞ്ഞു ; ഞങ്ങൾ ഇത്രയും എം പി മാർ മറ്റൊന്നും നോക്കാതെ നിങ്ങൾക്ക് (സർക്കാരിന്) പിന്തുണ നൽകുന്നത് മറക്കരുത്. ആ മര്യാദ കേരളത്തോട് കാണിക്കണം. അപ്പോഴാണ് പഴയൊരു കോച്ച് ഫാക്ടറിയുടെ കഥ വീണ്ടും ചർച്ചയായത്. അതിനുള്ള സ്ഥലം കേരളസർക്കാർ സൗജന്യമായി നൽകിയാൽ ഈ ബജറ്റിൽ അതുൾപ്പെടുത്താമെന്ന് ലാലൂജി ഉറപ്പ് നൽകി. ഇക്കാര്യം അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി സഖാവ് വി എസ്സ്, പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി എന്നിവരുമായി സംസാരിച്ചു. കോച്ച് ഫാക്റ്ററിക്കാവശ്യമായ സ്ഥലം സൗജന്യമായി നൽകാമെന്നു സംസ്ഥാന ക്യാബിനറ്റ് യോഗം തീരുമാനിച്ചത് റെയിൽ മന്ത്രാലയത്തെ അറിയിച്ചു.തുടർന്ന് 2008 - 9 റെയിൽ ബജറ്റിൽ ഒരു പ്രത്യേക പാരഗ്രാഹിൽ "A Rail Coach Factory at Palakkad" എന്ന തലക്കെട്ടിൽ അത് പ്രഖ്യാപിക്കപ്പെട്ടു. കോട്ട മൈതാനത്ത് പ്രഖ്യാപിച്ചത് പോലെയല്ല ; ഇന്ത്യയുടെ പാർലമെന്റിൽ നിയമാനുസൃതമുള്ള നടപടി ക്രമമായ ബജറ്റിലാണ് അത് പ്രഖ്യാപിച്ചത്.ബജറ്റിൽ ചട്ട പ്രകാരം ഒരു "token amount" വകയിരുത്തുകയും യിരുന്നു. തുടർന്ന് മിന്നൽ വേഗത്തിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് റെയിൽവേക്ക് കൈമാറി...
ഇതിനിടയിൽ 2009 ൽ ലോകസഭ തെരഞ്ഞെടുപ്പ് നടന്നു. LDF പിന്തുണയില്ലാത്ത രണ്ടാം UPA സർക്കാർ അധികാരത്തിൽ വന്നു. കോൺഗ്രസ്സ് തനി സ്വഭാവം കാണിക്കാൻ തുടങ്ങി. എന്നിട്ടും അവരുടെ "വഞ്ചന" തുടർന്നു. 2012 ൽ ഉമ്മൻ ചാണ്ടി ഭരണകാലത്ത് പിറവം അസംബ്ലി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ എല്ലാവരെയും വിഡ്ഢികളാക്കി പാലക്കാട് കോട്ടമൈതാനത്ത് സാക്ഷാൽ ശ്രീ ഉമ്മൻ ചാണ്ടി നിർദ്ദിഷ്ട കോച്ച് ഫാക്ട്ടറിക്ക് തറക്കല്ലിട്ടു. അതൊരു പറ്റിക്കലായിരുന്നു. കോച്ച് ഫാക്ടറിക്കായി കാഞ്ചിക്കോട് സർക്കാർ ഏറ്റെടുത്ത് കൈമാറിയ സ്ഥലം ഉള്ളപ്പോൾ കോട്ടമൈതാനത്ത് തറക്കല്ലിട്ടത് എന്തിനായിരുന്നു? ഇതാണ് യഥാർത്ഥ കോൺഗ്രസ്സ്!!!ഇതിനിടയിൽ എം പി ആയിരുന്ന സഖാവ് എം ബി രാജേഷ് SAIL (Steel Authority of India) നെ ഇതിലേക്കെത്തിക്കാൻ ശ്രമം നടത്തി. SAIL സർക്കാരിന്റെ കീഴിലെ ഒരു PSU മാത്രം.. ഒരു സർക്കാരിന് political will ഇല്ലാത്ത കാര്യത്തിൽ ഒരു PSU വിലെ ഉദ്യോഗസ്ഥർക്ക് എന്ത് ചെയ്യാനാവും?
പിന്നീട് കോൺഗ്രസ്സ് തുടർച്ചയായി തോറ്റു. ബിജെപി ഭരണം വന്നു. അവർക്ക് തീരെ താൽപ്പര്യമില്ലാത്ത സംസ്ഥാനത്ത് ഇത്തരം ബ്രഹത് പദ്ധതികൾ അവർ തുടങ്ങില്ല എന്ന് മനസ്സിലാക്കാൻ വലിയ "ഐൻസ്റ്റയിൻ" ബുദ്ധിയൊന്നും വേണ്ടല്ലോ!! AIIMS ഉദാഹരണം മുന്നിലുണ്ടല്ലോ. അങ്ങനെ ആ കഥ കഴിഞ്ഞു...44 കൊല്ലം പാലക്കാട്ടു കാരെ കൊതിപ്പിച്ച കഥ....