ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

അപൂർവ്വ വിധിയെന്ന് വിലയിരുത്തൽ
Khula Divorce Verdict
Khula Divorce Verdict AI generated
Updated on: 
1 min read

ഒറ്റപ്പാലം: ഇസ്‌ലാമിക വ്യക്തിനിയമത്തിലെ 'ഖുല' അവകാശം ഉപയോഗിച്ച് വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ, ഭർത്താവിന് മഹറും വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങളും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബ കോടതി ഉത്തരവിട്ടു. വിധി പ്രകാരം മഹറായി നൽകിയ ആറ് പവൻ സ്വർണാഭരണങ്ങളും അഞ്ച് പവൻ വിവാഹ പാരിതോഷികവും ഉൾപ്പെടെ ആകെ 11 പവൻ സ്വർണം വിധി വന്ന് 30 ദിവസത്തിനകം ഭർത്താവിന് തിരികെ നൽകണം.

പെരിന്തൽമണ്ണ സ്വദേശിയായ ഭർത്താവും തിരുവേഗപ്പുറ സ്വദേശിയായ ഭാര്യയും തമ്മിലുള്ള വിവാഹബന്ധത്തിൽ ഭിന്നതകൾ രൂക്ഷമായതോടെയാണ് ഭാര്യ ഖുല വഴി വിവാഹമോചനം നേടിയത്. ഇസ്‌ലാമിക വ്യക്തിനിയമപ്രകാരം പുരുഷന് തലാഖ് ചൊല്ലാൻ അവകാശമുള്ളതുപോലെ തന്നെ നിശ്ചിത നിബന്ധനകളോടെ സ്ത്രീക്ക് അനുവദിച്ചിട്ടുള്ള വിവാഹമോചന മാർഗ്ഗമാണ് ഖുല.

വിവാഹബന്ധം വേർപ്പെടുത്തിയതിന് പിന്നാലെ, താൻ മഹറായും വിവാഹ പാരിതോഷികമായും നൽകിയ മുഴുവൻ സ്വർണാഭരണങ്ങളും തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഒറ്റപ്പാലം കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയെയും അവരുടെ മാതാവിനെയുമാണ് കേസിൽ എതിർകക്ഷികളാക്കിയത്. ഖുല വഴി സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം വിവാഹബന്ധം വേർപെടുത്തുമ്പോൾ, വിവാഹവേളയിൽ ഭർത്താവിൽ നിന്ന് സ്വീകരിച്ച മഹറും സമ്മാനങ്ങളും തിരികെ നൽകാൻ ബാധ്യസ്ഥയാണെന്ന വാദമാണ് ഹർജിക്കാരൻ കോടതിയിൽ ഉന്നയിച്ചത്.

ഈ വാദം ശരിവെച്ചുകൊണ്ടാണ് കുടുംബ കോടതി ഭർത്താവിന് അനുകൂലമായി ഉത്തരവിറക്കിയത്. വിധി തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആറ് പവൻ സ്വർണാഭരണങ്ങളും അഞ്ച് പവന്റെ സമ്മാനങ്ങളും കൈമാറണം. നിശ്ചിത സമയപരിധിക്കുള്ളിൽ സ്വർണം തിരികെ നൽകിയില്ലെങ്കിൽ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളിൽ നിന്ന് തുക ഈടാക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണയായി വിവാഹമോചന കേസുകളിൽ സ്ത്രീകൾക്ക് ജീവനാംശവും സ്വത്തുക്കളും അനുവദിച്ച് കിട്ടുന്നതാണ് പതിവെന്നിരിക്കെ, ഖുല വ്യവസ്ഥയിൽ ഭർത്താക്കന്മാർക്ക് അനുകൂലമായി ഇത്തരമൊരു ഉത്തരവ് വരുന്നത് കേരളത്തിൽ മാത്രമല്ല, രാജ്യത്ത് തന്നെ അപൂർവ്വവും ആദ്യത്തേതുമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

In a notable ruling, the Ottappalam Family Court directed a woman who dissolved her marriage through 'Khula' (a woman's right to divorce under Islamic personal law) to return the mahr and wedding gifts, including 11 sovereigns of gold ornaments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com