പാലക്കാട്: ജില്ലയിൽ തടസ്സപ്പെട്ടുകിടക്കുന്ന നെല്ല് സംഭരണം അടുത്ത തിങ്കളാഴ്ചയോടെ പൂർണ്ണതോതിൽ പുനരാരംഭിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് . സംസ്ഥാനത്തെ നെല്ല് സംഭരണ പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സമഗ്രമായ വാർഷിക കലണ്ടർ രൂപീകരിക്കുമെന്നും, സംഭരണ നടപടികൾ വേഗത്തിലാക്കാൻ വകുപ്പുതലത്തിൽ അടിയന്തര ഇടപെടലുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലങ്കോട് ആശ്രയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സംഘടിപ്പിച്ച നെൽ കർഷക സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്ല് സംഭരണത്തിലെ പ്രധാന വെല്ലുവിളിയായ സംഭരണ കേന്ദ്രങ്ങളുടെ അപര്യാപ്തതയ്ക്ക് ശാശ്വത പരിഹാരം കാണാൻ സപ്ലൈകോയും കൃഷി വകുപ്പും സംയുക്തമായി പ്രത്യേക പദ്ധതി നടപ്പിലാക്കും. കൂടുതൽ സംഭരണശാലകൾ വേഗത്തിൽ നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. കർഷകരുടെ ചിരകാല ആവശ്യങ്ങൾക്ക് ആശ്വാസമേകി വരുന്ന ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളോടെ ജില്ലയിൽ പുതിയ നെല്ല് പ്രോസസിങ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ നെന്മാറ എംഎൽഎ കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അശ്വതി ദാസ്, സംയുക്ത പാടശേഖര സമിതി സെക്രട്ടറി അനിൽ ബാബു എന്നിവർക്കൊപ്പം വിവിധ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും കർഷക സംഘടനാ നേതാക്കളും കർഷകരും സംവാദത്തിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates