

പാലക്കാട്: ട്യൂഷൻ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ ആളൊഴിഞ്ഞ പ്രദേശത്ത് ഇരുട്ടത്ത് പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് പൊലീസ് പിഴ ചുമത്തി. സംഭവത്തിൽ ബസ് ഉടമ, മാനേജർ, ഡ്രൈവർ, കണ്ടക്ടർ എന്നിവരെ മലമ്പുഴ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് കർശനമായി ശാസിച്ചു. ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം ആവർത്തിച്ചാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.
പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ട ദിവസം സർവീസ് നടത്തിയ കണ്ടക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഇതിനും പ്രത്യേകമായി പിഴ ഈടാക്കിയിട്ടുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും ഇടപെട്ടിട്ടുണ്ട്. പാലക്കാട് ആർടിഒ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ വഴിയിൽ യാത്ര അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ആർടിഒ വ്യക്തമാക്കി.
കഴിഞ്ഞ 13-ന് രാത്രിയായിരുന്നു മലമ്പുഴയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിക്ക് സ്വകാര്യ ബസ് ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. വീട്ടിലെത്താൻ നാല് കിലോമീറ്റർ ബാക്കിനിൽക്കെ ചെറാട് ഭാഗത്തുവെച്ച് പെൺകുട്ടിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. യാത്രക്കാരായി ബസിൽ പെൺകുട്ടി മാത്രമാണ് അവശേഷിച്ചിരുന്നത്. ഒരാൾക്ക് മാത്രമായി മലമ്പുഴ ഭാഗത്തേക്ക് സർവീസ് നടത്താൻ സാധിക്കില്ലെന്നും ഉടൻ ഇറങ്ങണമെന്നും കണ്ടക്ടറും ഡ്രൈവറും ആവശ്യപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates