പ്രിയദർശിനി' തരംഗത്തിൽ സ്വകാര്യ ബസുകൾ കരിനിഴലിൽ; വരുമാനം കുത്തനെ ഇടിഞ്ഞു

പ്രതിദിന നഷ്ടം 6000 രൂപ വരെ. റോഡ് നികുതിയും ഇന്ധന സെസ്സും കുറയ്ക്കണമെന്ന് ആവശ്യം
Private Bus
Private Bus
Updated on
2 min read

പാലക്കാട്: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമായി സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ ജില്ലയിലെ സ്വകാര്യ ബസ് മേഖല കനത്ത വരുമാന നഷ്ടത്തിൽ. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ തങ്ങളെ സംരക്ഷിക്കാനുള്ള പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കുമെന്ന കനത്ത പ്രതീക്ഷയിലാണ് ബസ് ഉടമകൾ.

ജൂൺ 15-ന് പദ്ധതി നിലവിൽ വന്നതോടെ ഭൂരിഭാഗം യാത്രക്കാരും കെഎസ്ആർടിസി ബസുകളിലേക്ക് മാറിയതാണ് സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായത്. പാലക്കാട്–തൃശ്ശൂർ, പാലക്കാട്–കോഴിക്കോട്, പാലക്കാട്–ഗുരുവായൂർ, പാലക്കാട്–ചിറ്റൂർ തുടങ്ങിയ പ്രധാന റൂട്ടുകളിലെല്ലാം സ്വകാര്യ ബസുകളിലെ കളക്ഷൻ കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് പാലക്കാട്-വടക്കഞ്ചേരി റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യ ബസുകളിൽ ബഹുഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയായിരുന്നു.

പ്രതിദിനം 6,000 രൂപ വരെ നഷ്ടം

റൂട്ടുകൾക്ക് അനുസരിച്ച് പ്രതിദിനം 1,000 രൂപ മുതൽ 6,000 രൂപ വരെ വരുമാന നഷ്ടം നേരിടുന്നുണ്ടെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വ്യക്തമാക്കി. ജില്ലയിൽ മാത്രം തൊള്ളായിരത്തിലധികം സ്വകാര്യ ബസുകളാണ് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നത്.

Private Bus
മലബാറിലെ ട്രെയിൻ യാത്രയ്ക്ക് അതിവേഗം; ഷൊർണൂർ-മംഗളൂരു പാതയിൽ വേഗത 130 കിലോമീറ്ററാക്കാൻ റെയിൽവേ

"പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. അതേസമയം, ജില്ലയിലെ 80 ശതമാനത്തിലധികം വരുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഇപ്പോഴും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമായിട്ടില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് നികുതിയിലും ഇന്ധന സെസ്സിലും സർക്കാർ വരുത്തുന്ന നേരിയ കുറവുകൾ കൊണ്ട് മാത്രം ഈ വൻ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്നാണ് ഉടമകളുടെ പക്ഷം.

Private Bus
രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

ത്രൈമാസ റോഡ് നികുതി 50 ശതമാനമായി കുറച്ചാൽ പോലും പ്രതിദിനം 150 രൂപയുടെ ലാഭം മാത്രമേ ഉടമകൾക്ക് ലഭിക്കൂ. ഒരു ബസിന് പ്രതിദിനം ശരാശരി 100 ലിറ്റർ ഡീസൽ ആവശ്യമാണ്. ഇന്ധന സെസ്സിൽ ലിറ്ററിന് 2 രൂപ കുറച്ചാൽ ദിവസം 200 രൂപയുടെ ആശ്വാസം ലഭിക്കും. എന്നാൽ, പ്രിയദർശിനി പദ്ധതിക്ക് ശേഷം ഉണ്ടാകുന്ന പ്രതിദിന നഷ്ടം ഇതിലും എത്രയോ ഇരട്ടിയാണെന്ന് ബസ് ഉടമകൾ കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.

പദ്ധതി സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കണം

സ്ത്രീകളുടെ ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളോട് തങ്ങൾക്ക് വിയോജിപ്പില്ലെന്ന് ഉടമകൾ ആവർത്തിച്ചു. എന്നാൽ നിലവിലെ രീതി സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായി തകർക്കുന്നതും നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്നതുമാണ്. കെ.എസ്.ആർ.ടി.സിക്ക് സബ്‌സിഡി നൽകുന്നതുപോലെ സ്വകാര്യ ബസുകൾക്കും ടിക്കറ്റ് തുക സർക്കാർ റീഇംബേഴ്സ് ചെയ്ത് നൽകിക്കൊണ്ട് പദ്ധതി സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

സർക്കാർ ഒരു ജനക്ഷേമ പദ്ധതി പ്രഖ്യാപിക്കുമ്പോൾ അത് എല്ലാ സ്ത്രീകൾക്കും ഒരുപോലെ പ്രയോജനപ്പെടണം. നിലവിൽ ജില്ലയിലെ 10 ശതമാനം സ്ത്രീകൾക്ക് പോലും ഇതിന്റെ ഗുണം കിട്ടുന്നില്ല. സ്വകാര്യ ബസുകളെക്കൂടി ഇതിൽ പങ്കാളികളാക്കിയാൽ മാത്രമേ പദ്ധതിയുടെ ലക്ഷ്യം പൂർണ്ണമായി കൈവരിക്കാൻ സാധിക്കൂ എന്നും സംഘടന ആവശ്യപ്പെട്ടു

Summary

Faced with severe revenue contractions following the launch of the UDF administration's 'Priyadarshini' fare-free transit program for women and transgender individuals on KSRTC services, private route bus operators in Palakkad are urgently looking to Friday's State Budget for an emergency survival package

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com