

പാലക്കാട്: സർക്കാർ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന പാലക്കാട്ടെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രിയോടെയാണ് കുട്ടികളെ കാണാതായ വിവരം അധികൃതർ അറിയുന്നത്. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിലെ അതിജീവിതകളായ പെൺകുട്ടികളാണ് സംരക്ഷണകേന്ദ്രത്തിൽനിന്ന് അപ്രത്യക്ഷരായത്. മാസങ്ങൾക്ക് മുമ്പും ഇതേ സംരക്ഷണകേന്ദ്രത്തിൽ നിന്ന് സമാനമായ രീതിയിൽ മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നു. അന്ന് പൊലീസ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിൽ മണിക്കൂറുകൾക്കകം തന്നെ കുട്ടികളെ കണ്ടെത്താൻ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും രണ്ട് കുട്ടികളെ കാണാതായിരിക്കുന്നത്. സംരക്ഷണകേന്ദ്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
സംഭവത്തിൽ സംരക്ഷണകേന്ദ്രത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പെൺകുട്ടികൾ പാലക്കാട് ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും കുട്ടികളുടെ ബന്ധുവീടുകളിലും സുഹൃത്തുക്കൾക്കിടയിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ എത്രയും വേഗം സുരക്ഷിതമായി കണ്ടെത്താനുള്ള ഊർജ്ജിത നീക്കത്തിലാണ് കസബ പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates