​പഴയ ഷൂവിനുള്ളിൽ ഒളിപ്പിച്ച ലക്ഷങ്ങളുടെ സ്വർണം; ഹരിത കർമ്മ സേനയ്ക്ക് നൽകി മാഷ്, ഒടുവിൽ സംഭവിച്ചത്!

Harithakarma sena
Harithakarma sena
Updated on: 
2 min read

പട്ടാമ്പി: കള്ളന്മാരെ പേടിച്ച് വീടിന്റെ അലമാരിയിലൊന്നും സൂക്ഷിക്കാതെ വളരെ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച സ്വർണം ഒടുവിൽ ചെന്നെത്തിയത് ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ ബാഗിൽ! പട്ടാമ്പി നഗരത്തിൽ ഹാർമണി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപക ദമ്പതികളായ ജോണിന്റെയും ബീനയുടെയും വീട്ടിൽ ഇക്കഴിഞ്ഞ 11-നാണ് സിനിമകളെ വെല്ലുന്ന ഈ രസകരമായ സംഭവം അരങ്ങേറിയത്.

ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്താണ് വീട് വൃത്തിയാക്കാൻ ജോൺ മാഷ് തീരുമാനിച്ചത്. ഈ സമയത്താണ് വീടിനുള്ളിൽ ഒരു കാഴ്ചവസ്തു പോലെ കിടന്നിരുന്ന തന്റെ പഴയൊരു ഷൂ മാഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. വീട് വൃത്തിയാക്കി വെക്കാമെന്ന് കരുതിയ മാഷ്, സംശയമൊന്നുമില്ലാതെ ആ ഷൂ എടുത്ത് ഹരിത കർമ്മ സേനാംഗങ്ങളുടെ മാലിന്യ കളക്ഷൻ ബാഗിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.

എന്നാൽ, തൊട്ടുപിന്നാലെ സ്കൂളിൽ നിന്ന് തിരിച്ചെത്തിയ ഭാര്യയും അധ്യാപകയുമായ ബീന ടീച്ചർ സംഭവിച്ച അബദ്ധം മനസിലാക്കി തലയ്ക്ക് കൈവെച്ചു. കള്ളന്മാരെ പേടിച്ച് ആരും കാണാതെ തന്റെ സ്വർണാഭരണങ്ങൾ ടീച്ചർ ഒളിപ്പിച്ചു വെച്ചിരുന്നത് ആ പഴയ ഷൂസിനകത്തായിരുന്നു. കാര്യം അറിഞ്ഞതോടെ മാഷുടെയും ടീച്ചറുടെയും ഉള്ളുനിലച്ചു. വിവരമറിഞ്ഞ് ഉടൻതന്നെ മാഷ് വാർഡ് മെമ്പർ സുബ്രഹ്മാണ്യനെ വിളിക്കുകയും, അദ്ദേഹം നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജിയെ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് നഗരസഭാ അധ്യക്ഷൻ ഹരിത കർമ്മ സേനാംഗങ്ങളെ ബന്ധപ്പെടുകയായിരുന്നു.

പ്രതിദിനം നാലും അഞ്ചും ലോഡ് മാലിന്യം ശേഖരിക്കുന്ന പട്ടാമ്പി നഗരത്തിൽ മാഷുടെ ഷൂവും അതിനുള്ളിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും കണ്ടെത്തുക എന്നത് വലിയൊരു കടമ്പയായിരുന്നു. മാഷും ടീച്ചറുമെല്ലാം സ്ഥലത്തെത്തി എല്ലാവരും ചേർന്ന് മാലിന്യങ്ങൾക്കിടയിൽ തിരച്ചിൽ ആരംഭിച്ചു. അന്ന് തിരച്ചിൽ അവസാനിപ്പിച്ച് പിരിഞ്ഞുപോയെങ്കിലും പിറ്റേ ദിവസവും അവർ തെരച്ചിൽ തുടർന്നു. ഒടുവിൽ കഠിനമായ പരിശ്രമത്തിനൊടുവിൽ ആ പഴയ ഷൂവും അതിനുള്ളിൽ ടീച്ചർ എങ്ങനെയാണോ ഒളിപ്പിച്ചത് അതേപോലെ തന്നെ സ്വർണവും കണ്ടെത്താൻ കഴിഞ്ഞു.

Gold recovered
Gold recovered

എന്തായാലും നഷ്ടപ്പെടുമെന്ന് കരുതിയ സ്വർണം സുരക്ഷിതമായി തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ജോൺ മാഷും ബീന ടീച്ചറും. കള്ളന്മാർ അറിയാതെ സൂക്ഷിച്ച സ്വർണം ഇപ്പോൾ നാടാകെ അറിഞ്ഞതിന്റെ ചെറിയൊരു വിഷമം മാത്രമാണ് ടീച്ചർക്കുള്ളത്. പ്രതിസന്ധി ഘട്ടത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തിയ പട്ടാമ്പിയിലെ ഹരിത കർമ്മ സേനാംഗങ്ങളെ നാട്ടുകാർ ഒറ്റക്കെട്ടായി അഭിനന്ദിച്ചു. സ്വർണം സുരക്ഷിതമായി തിരിച്ചുകിട്ടിയെങ്കിലും, ഇനി മുതൽ സ്വർണം സൂക്ഷിക്കാൻ ആരും ചിന്തിക്കാത്ത മറ്റൊരു ഐഡിയ കണ്ടെത്തേണ്ടി വരും എന്ന തമാശയിലാണ് ഈ അധ്യാപക ദമ്പതികൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER