സ്വകാര്യ ബസ് വ്യവസായം നിലനിർത്താൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പോര; ബസ് ചാർജ് വർദ്ധിപ്പിക്കാതെ രക്ഷയില്ലെന്ന് ബസുടമകൾ

സ്വകാര്യ ബസുകൾ ഏറ്റെടുക്കാനുള്ള നിർദ്ദേശം സ്വാഗതാർഹം; ഫിറ്റ്നസ് 25 വർഷമാക്കിയത് പണം കളയാൻ മാത്രമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
Private Bus Operators On Committee Report
Private Bus Operators On Committee Report
Edited By:
Updated on
2 min read

പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്ര സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പൂർണ്ണമായും നിരാശപ്പെടുത്തുന്നതാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ചില അനുകൂല നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിലും, സ്വകാര്യ ബസുകൾ നേരിടുന്ന കനത്ത നഷ്ടം നികത്താൻ ശുപാർശ ചെയ്യുന്ന മാർഗ്ഗങ്ങൾ തീർത്തും അപര്യാപ്തമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ഗോപിനാഥ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസുകളിലെ വരുമാനം കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിലാണ് സർക്കാർ പ്രത്യേക പഠന സമിതിയെ നിയോഗിച്ചത്. സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ ബസ് മേഖല ഉറ്റുനോക്കിയിരുന്നത് ടിക്കറ്റ് നിരക്ക് വർദ്ധനവായിരുന്നുവെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടി. 2022-ൽ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സർവീസുകൾ ഓടുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കാകട്ടെ 2011-ന് ശേഷം മാറ്റിയിട്ടുമില്ല. ഡീസൽ വിലയും സ്പെയർ പാർട്സ് വിലയും കുതിച്ചുയർന്നിട്ടും യാത്രാനിരക്ക് പരിഷ്കരിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ യാതൊരു പരാമർശവുമില്ല.

ഒരു റൂട്ടിൽ ഒരേസമയം സൗജന്യമായി പോകുന്ന കെഎസ്ആർടിസി ബസും ടിക്കറ്റ് ചാർജ്ജ് വാങ്ങി ഓടുന്ന സ്വകാര്യ ബസും ഉണ്ടാകുമ്പോൾ സ്വാഭാവികമായും യാത്രക്കാർ സൗജന്യ സർവീസുകളിലേക്ക് മാറുമെന്നും ഇത് സ്വകാര്യ മേഖലയുടെ നട്ടെല്ലൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസുകൾ കെഎസ്ആർടിസി ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ശുപാർശയെ സംഘടന സ്വാഗതം ചെയ്തു. സ്വകാര്യ ബസുകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറായാൽ അത് വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പൂർണ്ണമായി ലഭ്യമാകാത്തതിനാൽ ഔദ്യോഗിക ഉത്തരവ് ലഭിച്ചതിനുശേഷം മാത്രമേ നയപരമായ ഗുണദോഷങ്ങൾ വിലയിരുത്താൻ കഴിയൂ.ബസുകളിൽ പരസ്യം അനുവദിക്കാമെന്ന ശുപാർശയിൽ പുതുമയൊന്നുമില്ല. സ്വകാര്യ ബസുകൾക്ക് ഇതിനകം തന്നെ പരസ്യം ചെയ്യാനുള്ള അനുമതിയുണ്ട്. എല്ലാ ബസുകളും പരസ്യത്തിനായി ശ്രമിച്ചാൽ വിപണിയിൽ നിന്ന് അത്രയധികം പരസ്യങ്ങൾ ലഭിക്കുമോ എന്നത് സംശയകരമാണ്.

ബസുകളുടെ ഫിറ്റ്നസ് കാലാവധി 25 വർഷമായി ഉയർത്തിയത് വലിയ ആശ്വാസമായി ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണ്. ഈ വർഷം 22 വർഷത്തെ കാലാവധി പൂർത്തിയാക്കി സർവീസ് നിർത്താനിരുന്ന ബസുകൾക്ക് മൂന്നുവർഷം കൂടി ആയുസ്സ് നീട്ടിക്കിട്ടുന്നത് സ്വന്തം കയ്യിലെ പണം കൂടുതൽ നഷ്ടപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ. ഇപ്പോഴത്തെ കനത്ത നഷ്ടം സഹിച്ച് എങ്ങനെ മൂന്നുവർഷം കൂടി സർവീസ് മുന്നോട്ടുകൊണ്ടുപോകുമെന്നതാണ് ചോദ്യം.

സ്വകാര്യ ബസ് വ്യവസായത്തെ വേരോടെ പിഴുതെറിയാതെ നിലനിർത്താൻ ആവശ്യമായ അടിസ്ഥാനപരമായ പരിഹാരങ്ങൾ ഒന്നും തന്നെ റിപ്പോർട്ടിലില്ലെന്ന് അടിവരയിട്ട് പറയേണ്ടിവരും. സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണ്ണരൂപം ലഭിച്ച ശേഷം സംഘടന വിശദമായി പരിശോധിക്കുമെന്നും, ബസ്സുടമാ സംഘടനകളുടെ സംയുക്ത യോഗം ചേർന്ന് ഭാവി പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കി.

Summary

Terming the recommendations submitted by the government-appointed expert committee inadequate, the Private Bus Operators Association stated that the report fails to provide viable remedies to revive Kerala's crisis-ridden private bus industry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com