

കൊച്ചി: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കണ്ടെത്താനായി കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങൾ ആധാർ ഡാറ്റാബേസിലെ വിരലടയാളങ്ങളുമായി ഒത്തുനോക്കാൻ കേരള ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. കേന്ദ്ര സർക്കാരിനും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്.
ഈ കേസിലെ സവിശേഷവും അസാധാരണവുമായ സാഹചര്യങ്ങൾ മാത്രം കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും, ഭാവിയിൽ ഉണ്ടാകുന്ന മറ്റ് കേസുകൾക്ക് ഇതൊരു കീഴ്വഴക്കമായി വ്യാഖ്യാനിക്കാൻ പാടില്ലെന്നും കോടതി പ്രത്യേകം വ്യക്തമാക്കി.
2016-ലാണ് കവർച്ചാ ലക്ഷ്യത്തോടെ ശ്രീകൃഷ്ണപുരത്ത് മധ്യവയസ്കരായ ദമ്പതികൾ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കൊലപാതകികളെ കണ്ടെത്താനായിരുന്നില്ല. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ആറ് വിരലടയാള സാമ്പിളുകൾ ശേഖരിക്കുകയും 1200-ലധികം വ്യക്തികളുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ അന്വേഷണ സംഘം ശേഖരിച്ച ഒരു വിരലടയാളം രാജേന്ദ്രൻ എന്ന വ്യക്തിയുടേതുമായി പൊരുത്തപ്പെട്ടിരുന്നു. തുടർന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂർ മേഖലയിലെ ആധാർ വിവരശേഖരവുമായി സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാമ്പിൾ വിരലടയാളങ്ങൾ താരതമ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ യുഐഡിഎഐയുടെ സഹായം തേടി. എന്നാൽ യുഐഡിഎഐ ഈ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
വിവരങ്ങൾ കൈമാറാൻ നിയമം അനുവദിക്കുന്നില്ലെന്നും, സ്റ്റാറ്റിക് വിരലടയാളങ്ങൾ ഡാറ്റാബേസുമായി ഒത്തുനോക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഹർജിയെ എതിർത്തു. ഈ ആവശ്യം അനുവദിച്ചാൽ ഭാവിയിൽ സമാനമായ ഹർജികളുടെ പ്രവാഹമുണ്ടാകുമെന്നും കേന്ദ്രം വാദിച്ചു. എന്നാൽ 2016-ലെ ആധാർ നിയമത്തിലെ 28, 29, 33 വകുപ്പുകൾ പരിശോധിച്ച ഹൈക്കോടതി, ഹൈക്കോടതി ജഡ്ജിയുടെ പദവിയിൽ കുറയാത്ത ഒരു കോടതിയുടെ ഉത്തരവ് പ്രകാരം വിവരങ്ങൾ വെളിപ്പെടുത്താൻ വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കി. കുറ്റകൃത്യ സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്ന വ്യക്തികളുടെ മേൽവിലാസ വിവരങ്ങൾ മാത്രം അന്വേഷണ ഏജൻസിക്ക് കൈമാറുകയാണ് ചെയ്യേണ്ടത്. വിരലടയാളങ്ങളോ ഐറിസ് ഡാറ്റയോ പോലീസിന് നേരിട്ട് കൈമാറണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ നിയമപരമായ തടസ്സങ്ങൾ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ക്രിമിനൽ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട വിവരശേഖരണം സ്വകാര്യതയുമായി ബന്ധപ്പെട്ട തടസ്സങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രപ്രസിദ്ധമായ പുട്ടസ്വാമി കേസിലെ വിധി ഉദ്ധരിച്ച് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രം ഉന്നയിച്ച സാങ്കേതിക തടസ്സങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അനുവദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates