

പാലക്കാട്: പാലക്കാട് കറുകപുത്തൂരിൽ പ്രവർത്തിക്കാത്ത ക്വാറിയിലെ ആഴമേറിയ വെള്ളക്കെട്ടിലേക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറെ കാണാതായി. ചാത്തന്നൂർ സ്വദേശിയായ അബു താഹിറിനെയാണ്കാണാതായത്. ഇയാൾ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണോ എന്ന സംശയത്തിൽ ഫയർഫോഴ്സും സ്കൂബ സംഘവും പൊലീസും ചേർന്ന് പ്രദേശത്ത് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്.
വ്യാഴാഴ്ച രാവിലെ 7.30-ഓടെയാണ് അപകടം സംഭവിച്ചതെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. പ്രവർത്തനരഹിതമായ ക്വാറിയിലേക്ക് മണൽ ഇറക്കാനാണ് താഹിർ ലോറിയുമായി എത്തിയത്. മണൽ ഇറക്കുന്നതിനായി ലോറി പുറകിലേക്ക് (റിവേഴ്സ്) എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി ക്വാറിയുടെ അരികിലൂടെ 15 അടിയിലധികം ആഴമുള്ള വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. ക്വാറിയിലെ ഖനനത്തെത്തുടർന്ന് രൂപപ്പെട്ട വലിയ ജലാശയമാണിത്. മണൽ ഇറക്കാൻ പോയ വാഹനം ഏറെ നേരമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ (എർത്ത് മൂവർ) ഓപ്പറേറ്റർ പോയി നോക്കിയപ്പോഴാണ് ലോറി വെള്ളത്തിലേക്ക് മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ മറ്റുള്ളവരെ വിവരമറിയിച്ചെങ്കിലും നാട്ടുകാരും തൊഴിലാളികളും ഓടിയെത്തുമ്പോഴേക്കും വാഹനം പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു.
രാവിലെ എട്ടു മണിയോടെ വിവരം ലഭിച്ചതിനെ തുടർന്ന് പട്ടാമ്പിയിൽ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ വാഹനം എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് യൂണിറ്റിലെ സ്കൂബ ഡൈവർമാർ എത്തി നടത്തിയ തിരച്ചിലിലാണ് മുങ്ങിപ്പോയ ലോറി കണ്ടെത്തിയത്. എന്നാൽ, താഹിർ വാഹനത്തിനുള്ളിൽ തന്നെയുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലോറി കരയ്ക്ക് കയറ്റുന്നതിനായി കൂടുതൽ സ്കൂബ സംഘങ്ങളെയും വലിയ ക്രെയിനുകളെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഒപ്പം താഹിറിനായി ജലാശയത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊലീസ് സംഘവും നാട്ടുകാരും സംയുക്തമായി തെരച്ചിൽ തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates