വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി; വഴിക്കടവ് ചുരത്തിൽ കാർ ഉപേക്ഷിച്ച് കടന്നത് ആസൂത്രിതമായി

7 ദിവസമായി തുടർന്ന ദുരൂഹ തിരോധാനത്തിന് ശുഭാന്ത്യം; നാടുവിട്ടത് സാമ്പത്തിക ബാധ്യത മൂലമെന്ന് സൂചന
police
policeപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

വാണിയംകുളം ∙ വാണിയംകുളത്തിൽനിന്നും കാണാതായ കുടുംബം കർണാടകയിലുണ്ടെന്ന് കണ്ടെത്തി. വാണിയംകുളം കൃഷ്ണകൃപയിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കണ്ടെത്തിയത്. മൂന്നംഗ കുടുംബത്തെ 7 ദിവസമായി കാണാനില്ലായിരുന്നു. ബന്ധുക്കൾ പരാതിയുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ നാടുവിടാനുള്ള കാരണം ഇനിയും വ്യക്തമല്ല. കർണാടകയിലെ ചാമരാജ് നഗറിൽ നിന്നാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകാരണമാണ് നാട് വിട്ട് പോയതെന്നാണ് സൂചന.

ശർക്കര വ്യാപാരിയായ ബാബു ഭാസ്കറിനും മകനും മൈസൂരുവിൽ ബന്ധങ്ങളുണ്ട്. തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കർണാടകയിലും മൈസൂരുവിലും ഉൾപ്പെടെ പഴുതടച്ച തിരച്ചിലാണ് നടത്തിയത്. അടിമുടി ദുരൂഹതകൾ നിറഞ്ഞ തിരോധാനം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

ഇവർ സഞ്ചരിച്ച വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ആസൂത്രിതമായി തീരുമാനമെടുത്താണ് കുടുംബം പോയതെന്ന് വ്യക്തമായിരുന്നു. പാലും പത്രവും ഉൾപ്പെടെ വിതരണം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. മൂവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആക്കിയതും അന്വേഷണത്തെ ബാധിച്ചു. തിരച്ചിലിനായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു.

സിസിടിവി തുമ്പായി; തിരച്ചിലിൽ മൂത്തമകനും പങ്കാളിയായി

പ്രധാനമായും ദേശീയപാതകളിലെയും ചെക്ക് പോസ്റ്റുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. വഴിക്കടവ് അതിർത്തി കടന്ന് ഇവർ കർണാടകയിലേക്ക് കടന്നതായി ഉറപ്പിച്ചതോടെ പ്രത്യേക അന്വേഷണസംഘം കർണാടകയിലും മൈസൂരുവിലും പഴുതടച്ച തിരച്ചിൽ ആരംഭിച്ചു.

കാണാതായ ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും പൊലീസിനൊപ്പം തിരച്ചിലിനായി കർണാടകയിൽ എത്തിയിരുന്നു. കർണാടക പൊലീസിന്റെ സഹായത്തോടെ ചാമരാജ് നഗറിലെ ഒളിത്താവളത്തിൽ നിന്നാണ് ഒടുവിൽ ഇവരെ മൂവരെയും കണ്ടെത്താനായത്. ഇവരെ ഉടൻ തന്നെ കേരളത്തിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com