വെള്ളിദീപങ്ങളിൽ തിളങ്ങിയ 'ഏഷ്യാഡ് അപ്പു'; ഒടുവിൽ കണ്ണീർവീണ ജീവിതം: അറിയാം ഗുരുവായൂരിലെ കുട്ടനാരായണന്റെ നൊമ്പരപ്പെടുത്തുന്ന കഥ

1982-ൽ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വാത്സല്യം ഏറ്റുവാങ്ങിയ താരം; ഡൽഹിയിലെ ആർപ്പുവിളികളിൽനിന്ന് പുന്നത്തൂർ കോട്ടയിലെ ഏകാന്തതയിലേക്ക്
Asiad Appu Elephant Story
Asiad Appu Elephant Story
Updated on
2 min read

തൃശൂർ: ജപ്പാനിൽ ഏഷ്യൻ ഗെയിംസ് മാമാങ്കത്തിന് കളമൊരുങ്ങുകയും കായികലോകം മെഡൽ നേട്ടങ്ങളിലേക്കും റെക്കോർഡുകളിലേക്കും കണ്ണുനട്ടിരിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യയുടെ കായിക ചരിത്രത്തിലെ സുവർണ്ണ അധ്യായമായ 1982-ലെ ഡൽഹി ഏഷ്യാഡിന്റെ ഓർമ്മകൾ വീണ്ടും സജീവമാകുന്നു. അന്ന് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നമായി (Mascot) ഇന്ത്യയും ലോകവും നെഞ്ചിലേറ്റിയ 'അപ്പു' എന്ന ആനക്കുട്ടി വെറുമൊരു സാങ്കൽപ്പിക ചിത്രമായിരുന്നില്ല. ഗുരുവായൂർ ദേവസ്വത്തിന്റെ തിരുമുറ്റത്ത് വളർന്ന കുട്ടനാരായണൻ എന്ന കൊച്ചു കൊമ്പനായിരുന്നു ആ കായികമേളയുടെ ജീവസ്സുറ്റ മുഖം. രാജ്യം മുഴുവൻ വാഴ്ത്തിയ പ്രശസ്തിയുടെ നെറുകയിൽനിന്ന് കാലത്തിന്റെ ക്രൂരമായ പരീക്ഷണങ്ങളിലേക്ക് വീണുപോയ ഒരു മിണ്ടാപ്രാണിയുടെ കണ്ണീരണിയിക്കുന്ന കഥ കൂടിയാണിത്.

പാലക്കാട്ടുനിന്ന് ഗുരുവായൂരിലേക്ക്, പിന്നീട് രാജ്യതലസ്ഥാനത്തേക്ക്

1980-ലാണ് പാലക്കാട് സ്വദേശിയായ കെ.കെ. നാരായണൻ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ആനക്കുട്ടിയെ ഗുരുവായൂരപ്പന് നടയിരുത്തുന്നത്. അങ്ങനെ അവൻ ദേവസ്വത്തിന്റെ കുട്ടനാരായണനായി. 1982-ൽ ഡൽഹി ഏഷ്യൻ ഗെയിംസിന് വേദിയൊരുങ്ങിയപ്പോൾ ഉദ്ഘാടനച്ചടങ്ങുകളിലും ഗെയിംസ് നഗരിയിലും അണിനിരത്താൻ കേരളത്തിൽനിന്ന് 34 ആനകളുടെ ഒരു സംഘത്തെ പ്രത്യേക ട്രെയിൻ മാർഗ്ഗം തലസ്ഥാനത്തേക്ക് കൊണ്ടുപോയി. ഗുരുവായൂർ ദേവസ്വത്തിൽനിന്ന് മാത്രം ഒൻപത് ആനകളാണ് ഈ ചരിത്രയാത്രയിൽ പങ്കാളികളായത്. 10 ആനയാണ് ഗുരുവായൂരിൽ നിന്ന് പോയത് പക്ഷെ ഒരാൾ തൃശൂരിൽ തീവണ്ടിയിൽ കയറാതെ പുറത്തേക്ക് ഓടി അങ്ങിനെ ഒമ്പത് ആ നയാണ് ഇവിടെ നിന്ന് പോയത്. ആ സംഘത്തിലെ ഏറ്റവും ഇളയ അംഗവും ആകർഷണ കേന്ദ്രവും മൂന്ന് വയസ്സുകാരനായ കുട്ടനാരായണനായിരുന്നു. ദിവസങ്ങൾ നീണ്ട ആ തീവണ്ടിയാത്ര മൃഗസ്നേഹികൾക്കും പാപ്പാന്മാർക്കും അന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു.

കുട്ടി നാരായണൻ ഡൽഹിയിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വരുന്ന ചിത്രം
കുട്ടി നാരായണൻ ഡൽഹിയിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വരുന്ന ചിത്രം

ഇന്ദിരാഗാന്ധിയുടെ തലോടൽ; ദൂരദർശനിലെ മിന്നും താരം

ഡൽഹിയിലെത്തിയതോടെ ഗെയിംസ് സംഘാടക സമിതിയുടെ ഔദ്യോഗിക ചിഹ്നമായ 'അപ്പു'വിന്റെ ജീവിക്കുന്ന രൂപമായി ഈ ആനക്കുട്ടി മാറി. കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും കായികതാരങ്ങൾക്കൊപ്പം മാധ്യമങ്ങളുടെ ശ്രദ്ധ കുട്ടനാരായണനിലേക്ക് തിരിഞ്ഞു. ദേശീയ ദിനപത്രങ്ങളുടെ ഒന്നാം പേജുകളിലും അക്കാലത്ത് ഇന്ത്യയിലെ ഒരേയൊരു ദൃശ്യമാധ്യമ വിപ്ലവമായിരുന്ന ദൂരദർശനിലെ തത്സമയ സംപ്രേഷണങ്ങളിലും അവൻ നിറഞ്ഞുനിന്നു.

അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വാത്സല്യത്തോടെ അപ്പുവിനെ തലോടുന്ന ചിത്രവും, പിന്നാലെ രാജീവ് ഗാന്ധി അവനരികിലെത്തി സ്നേഹം പങ്കുവെക്കുന്ന കാഴ്ചകളും ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ ഇടംപിടിച്ചു. കായികമേള കണ്ട ഏറ്റവും പ്രിയങ്കരനായ ഭാഗ്യചിഹ്നമായി മാറി അവൻ. ഏഷ്യൻ ഗെയിംസ് വിജയകരമായി സമാപിച്ചതോടെ, ചരിത്രത്തിലിടം നേടിയ ആ കൊച്ചുതാരം തന്റെ വിശ്വസ്തനായ പാപ്പാൻ സെൽവരാജിനൊപ്പം ഗുരുവായൂരിലേക്ക് തന്നെ മടങ്ങി.

The Long Journey to Delhi
The Long Journey to Delhi

മോഴയായി വളർന്ന അപ്പുവും വിധിയുടെ ക്രൂരമായ പരീക്ഷണവും

തിരികെ എത്തിയ കുട്ടനാരായണനെ ദേവസ്വത്തിന്റെ ആനത്താവളമായ പുന്നത്തൂർ കോട്ടയിലാണ് സംരക്ഷിച്ചത്. ഏഷ്യാഡിലെ തിളക്കം മാഞ്ഞിട്ടില്ലാത്തതിനാൽ അവനെ കാണാൻ വലിയ തോതിൽ ഭക്തരും വിനോദസഞ്ചാരികളും പുന്നത്തൂർ കോട്ടയിലേക്ക് ഒഴുകിയെത്തി. എന്നാൽ പ്രായം കൂടുംതോറും അവൻ ഒരു മോഴയാണെന്ന് വ്യക്തമായി. ഒപ്പം വികൃതിയും പ്രവചനാതീതമായ സ്വഭാവരീതികളും അവനിൽ പ്രകടമായിത്തുടങ്ങി. 1992-ൽ വടക്കാഞ്ചേരിക്ക് സമീപം ഒരു ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നതിനിടെ കുട്ടനാരായണന്റെ ജീവിതം മാറ്റിമറിച്ച ആ വലിയ ദുരന്തമുണ്ടായി. നടന്നുനീങ്ങുന്നതിനിടയിൽ അവൻ വഴിയിലെ വലിയൊരു കുഴിയിലേക്ക് കാൽതെറ്റി വീണു. വീഴ്ചയുടെ ആഘാതത്തിൽ അവന്റെ മുൻകാലുകൾക്ക് മാരകമായി പരിക്കേറ്റു. അത് കുട്ടനാരായണന്റെ ശരീരത്തെ മാത്രമല്ല, ജീവിതത്തെത്തന്നെ തളർത്തിയ ഒരു വീഴ്ചയായിരുന്നു.

ഉറങ്ങാൻ പോലും കിടക്കാനാവാത്ത പത്തു വർഷങ്ങൾ; ഒടുവിൽ വിട

ആ അപകടത്തിന് ശേഷം കുട്ടനാരായണന് ഒരിക്കലും മുൻകാലുകൾ സാധാരണ നിലയിൽ മടക്കാൻ കഴിഞ്ഞിരുന്നില്ല. കാലുകൾ നിവർത്തിപ്പിടിച്ച് അതീവ പ്രയാസത്തോടെയായിരുന്നു അവന്റെ നടത്തം. മുൻകാലുകൾ മടങ്ങാത്തതിനാൽ അവന് സ്വസ്ഥമായി നിലത്തു കിടക്കാൻ സാധിക്കുമായിരുന്നില്ല. ജീവിതത്തിന്റെ അവസാന പത്തുവർഷത്തിലേറെക്കാലം ആ മിണ്ടാപ്രാണി നിന്നുകൊണ്ട് തന്നെയാണ് ഉറങ്ങിയത്.

Summary

As the Asian Games return to the global spotlight with Japan hosting the continental sporting spectacle, the extraordinary and poignant tale of 'Asiad Appu'—the endearing mascot of the 1982 New Delhi Asian Games—comes alive once again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com