ചാലക്കുടി: സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച 'പ്രിയദർശിനി' പദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് വില്ലനാകുന്നു. ചാലക്കുടിയിൽ നിന്നും തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രമുഖ സ്വകാര്യ ബസ് ഗ്രൂപ്പായ 'ചീനിക്കാസ്' തങ്ങളുടെ രണ്ട് ബസുകളുടെയും സർവീസ് പൂർണ്ണമായും അവസാനിപ്പിച്ചു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാർ കുത്തനെ കുറയുകയും ഇതേത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയുമാണ് സർവീസ് നിർത്താൻ കാരണമെന്ന് ബസുടമകൾ വ്യക്തമാക്കി. ശനിയാഴ്ചയോടെ രണ്ട് സർവീസുകളും നിർത്തിയതോടെ ചാലക്കുടിയിൽ നിന്നും വാൽപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ ഇനി ചരിത്രമാകും.
മലയോര മേഖലയിലെ സാധാരണക്കാരായ തോട്ടം തൊഴിലാളികൾക്കും ആദിവാസി ജനവിഭാഗങ്ങൾക്കും നഗരവുമായി ബന്ധപ്പെടാൻ ഏറ്റവും വലിയ ആശ്രയമായിരുന്ന സർവീസുകളാണ് ഇതോടെ ഇല്ലാതായത്.
പ്രതിദിനം ഓരോ സർവീസിനും ആറായിരം (6,000) രൂപ വീതം തങ്ങൾക്ക് നഷ്ടം വരുന്നതെന്ന് ബസുടമകൾ പറയുന്നു. ഇത്രയും വലിയ തുക സ്വന്തം കയ്യിൽ നിന്ന് എടുത്ത് ഭീമമായ നഷ്ടം സഹിച്ച് സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം.
സർവീസ് നിർത്തിയതോടെ ഈ രണ്ട് ബസുകളിലായി ജോലി ചെയ്തിരുന്ന പത്തോളം തൊഴിലാളികൾക്ക് പെട്ടെന്ന് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായി.
കഴിഞ്ഞ ആറ് വർഷമായി ചീനിക്കാസ് ഗ്രൂപ്പാണ് ഈ സർവീസുകൾ നടത്തിയിരുന്നതെങ്കിലും, ഈ റൂട്ടിൽ കഴിഞ്ഞ 62 വർഷക്കാലമായി മുടങ്ങാതെ തുടരുന്ന ചരിത്രപ്രസിദ്ധമായ പെർമിറ്റാണ് ഈ നിർത്തലാക്കലിലൂടെ എന്നെന്നേക്കുമായി ഇല്ലാതാകുന്നത്.
വാൽപ്പാറയിലേക്ക് പോകുന്ന സാധാരണക്കാർക്കും വിനോദസഞ്ചാരികൾക്കും ഏറെ അനുയോജ്യമായ രീതിയിലായിരുന്നു ബസുകളുടെ സമയക്രമം നിശ്ചയിച്ചിരുന്നത്.
ആദ്യ സർവീസ്: രാവിലെ 6.45-ന് ചാലക്കുടിയിൽ നിന്നും പുറപ്പെട്ട് 11.30-ന് വാൽപ്പാറയിലെത്തുകയും, തിരിച്ച് ഉച്ചയ്ക്ക് 12.00 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 5.00 മണിയോടെ ചാലക്കുടിയിൽ തിരിച്ചെത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു.
രണ്ടാമത്തെ സർവീസ്: ഉച്ചയ്ക്ക് 1.30-ന് ചാലക്കുടിയിൽ നിന്നും പുറപ്പെട്ട് വാൽപ്പാറയിലെത്തി അവിടെ സർവീസ് അവസാനിപ്പിക്കും. തുടർന്ന് പിറ്റേന്ന് രാവിലെ 7.30-ന് വാൽപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് തിരിക്കുന്ന രീതിയിലുമായിരുന്നു ക്രമീകരിച്ചിരുന്നത്.
പതിറ്റാണ്ടുകളായി തങ്ങൾ സർവീസ് നടത്തിയ റൂട്ടിൽ നിന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വിടപറയേണ്ടി വന്നതിന്റെ പ്രതീകമായി ബസുകളിൽ റീത്ത് വെച്ചാണ് ശനിയാഴ്ച ജീവനക്കാർ അവസാനത്തെ സർവീസുകൾ നടത്തിയത്. ഈ കാഴ്ച കണ്ടുനിന്ന യാത്രക്കാർക്കും തദ്ദേശവാസികൾക്കും ഏറെ സങ്കടകരമായ അനുഭവമായി മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates