തൃശ്ശൂർ: പാർട്ടിയുടെ പ്രവർത്തന രീതികൾക്കെതിരെയും ഉന്നത നേതൃത്വത്തിന്റെ ശൈലിക്കെതിരെയും കടുത്ത വിമർശനങ്ങളുയർത്തി സിപിഎമ്മിന്റെ തൃശ്ശൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം. പാർട്ടിയിൽനിന്നും വർഗ്ഗ-ബഹുജന സംഘടനകളിൽനിന്നും വലിയ തോതിൽ യുവാക്കൾ അകലുകയാണെന്നും താഴേത്തട്ടിലുള്ള ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികൾ പലതും നിർജീവാവസ്ഥയിലാണെന്നും പ്രതിനിധികൾ തുറന്നടിച്ചു. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ നിലപാടുകൾക്കെതിരെയും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളാണുണ്ടായത്.
ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചതിനു ശേഷം നടന്ന ഗ്രൂപ്പ് ചർച്ചകളിലും പൊതുചർച്ചയിലുമാണ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി അംഗങ്ങൾ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ തവണത്തേക്കാൾ പാർട്ടി പിന്നോക്കം പോയതിലും പരമ്പരാഗത വോട്ടുബാങ്കുകളിൽ വോട്ട് വർദ്ധനവ് ഉണ്ടാക്കാൻ കഴിയാതെ പോയതിലും ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേതാക്കളുടെ പ്രവർത്തന ശൈലിയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും താഴേത്തട്ടിലുള്ള പ്രവർത്തകരുമായി നേതൃത്വത്തിന് ജൈവികമായ ബന്ധമില്ലാതായെന്നും ചർച്ചകളിൽ കുറ്റപ്പെടുത്തലുണ്ടായി.
കീഴ്ഘടകങ്ങളുടെ ചുമതലകൾ ഏറ്റെടുക്കാൻ പല മുതിർന്ന നേതാക്കളും വിമുഖത കാട്ടുന്നുണ്ട്. ബ്രാഞ്ചുകളുടെ പ്രവർത്തന ശൈലി കാലാനുസൃതമായി മാറാത്തതും പല ഘടകങ്ങളും നിശ്ചലമായി തുടരുന്നതും പാർട്ടിയുടെ സ്വാധീനം ജനങ്ങൾക്കിടയിൽ കുറയാൻ കാരണമായിട്ടുണ്ട്. പുതിയ തലമുറയെയും യുവാക്കളെയും പാർട്ടിയോട് അടുപ്പിച്ചുനിർത്താൻ നിലവിലെ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്നത് ഗൗരവത്തോടെ കാണണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
സി.പി.ഐക്കെതിരെയും യോഗത്തിൽ കടുത്ത അതൃപ്തിയാണ് ഉയർന്നത്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സി.പി.ഐക്കുള്ളിൽ നിലനിന്നിരുന്ന രൂക്ഷമായ ചേരിപ്പോരും ആഭ്യന്തര തർക്കങ്ങളുമാണ് അവിടെ തെരഞ്ഞെടുപ്പ് തോൽവിക്ക് വഴിയൊരുക്കിയത്. തൃശ്ശൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായും പാളിപ്പോയി. സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്ക് സ്ഥാനാർത്ഥിയെ കാര്യക്ഷമമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ഇത്തരം വീഴ്ചകളാണ് മുന്നണിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചതെന്നും പ്രതിനിധികൾ ചർച്ചയിൽ കുറ്റപ്പെടുത്തി. തെറ്റുകൾ തിരുത്തി അടിത്തറ ശക്തിപ്പെടുത്താനുള്ള കർശന തിരുത്തൽ നടപടികൾ നേതൃത്വം ഉടൻ സ്വീകരിക്കണമെന്നാണ് പൊതുചർച്ചയിൽ ഉയർന്ന പ്രധാന ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates