ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ; നാലര മണിക്കൂറിൽ 250-ലധികം താലികെട്ട്; ആകെ ബുക്ക് ചെയ്തത് 444 വിവാഹങ്ങൾ

കിഴക്കേ നടയിൽ ദീപം തെളിയിച്ച് തുടക്കം കുറിച്ചു; ആറ് മണ്ഡപങ്ങളിലായി ചടങ്ങുകൾ
Guruvayoor Record Marriages
കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എവി ഗോപിനാഥ് ഭദ്രദീപം തെളിയിക്കുന്നുSpecial Arrangemet
Updated on
1 min read

ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് തുടക്കമായി. ചരിത്രത്തിലെ ഏറ്റവും വലിയ ബുക്കിങ്ങാണ് വിവാഹങ്ങൾക്കായി ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. പുലർച്ചെ 4.10-ഓടെ ക്ഷേത്രം കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എവി ഗോപിനാഥ് ഭദ്രദീപം തെളിയിച്ചതോടെയാണ് വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്. മംഗളവാദ്യങ്ങളുടെ അകമ്പടിയോടെ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി ആദ്യ വിവാഹം നടന്നു.

തുടർന്ന് ക്ഷേത്രത്തിലെ മറ്റ് അഞ്ച് മണ്ഡപങ്ങളിലും ഒരേസമയം വിവാഹ ചടങ്ങുകൾ ആരംഭിച്ചു. ആകെ 444 വിവാഹങ്ങളാണ് ഇന്നേ ദിവസത്തേക്ക് മാത്രമായി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്. പുലർച്ചെ ചടങ്ങുകൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ തന്നെ 250-ലധികം വിവാഹങ്ങളാണ് പൂർത്തിയായത്.

വിപുലമായ ക്രമീകരണങ്ങളുമായി ദേവസ്വവും പൊലീസും

ചിങ്ങമാസത്തിൽ താലികെട്ടാൻ വൻതോതിൽ ഭക്തരെത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഭക്തരുടെ ദർശനവും വിവാഹ നടത്തിപ്പും സുഗമമായി നടത്തുന്നതിനായി ദേവസ്വത്തിന് പൂർണ്ണ പിന്തുണയുമായി പൊലീസും ഫയർഫോഴ്‌സും ഗുരുവായൂർ നഗരസഭയും രംഗത്തുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവാഹ മണ്ഡപത്തിന് സമീപത്തേക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വധൂവരന്മാർക്കും ഫോട്ടോഗ്രാഫർമാർക്കും ഒപ്പം പരമാവധി 24 പേർക്ക് മാത്രമാണ് മണ്ഡപത്തിന് അടുത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.

ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം. രാധ, പി.ആർ.ഒ വിമൽ ജി. നാഥ്, അസിസ്റ്റന്റ് മാനേജർ എ.വി. പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം.എൻ. രാജീവ് എന്നിവരുൾപ്പെടെയുള്ള ജീവനക്കാരും സ്ഥലത്ത് സന്നിഹിതരായിരുന്നു.

Summary

Guruvayur Sree Krishna Temple witnessed a massive rush as record-breaking marriages commenced in the auspicious month of Chingam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com