

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതുതായി ആരംഭിച്ച വെർച്വൽ ക്യൂ അധിഷ്ഠിത ദർശന സംവിധാനത്തിന് ഭക്തജനങ്ങളിൽ നിന്ന് വൻ പ്രതികരണം. ഓഗസ്റ്റ് മാസത്തിൽ അനുവദിച്ചിരുന്ന മുഴുവൻ സ്ലോട്ടുകളിലേക്കുമുള്ള ബുക്കിങ് ദിവസങ്ങൾക്കകം പൂർത്തിയായി. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ജൂലൈ 24-നാണ് ഓൺലൈൻ വഴി വെർച്വൽ ക്യൂ ബുക്ക് ചെയ്ത് സൗജന്യ ദർശനം നടത്താനുള്ള സൗകര്യം ഗുരുവായൂർ ദേവസ്വം ഒരുക്കിയത്. ജൂലൈ 27 ഉച്ചയോടെ തന്നെ ഓഗസ്റ്റിലെ ഒരു സ്ലോട്ടിലും ഒഴിവില്ലാത്ത അവസ്ഥയായി.
ആകെ 8 ദിവസങ്ങളിലായി 19,200 ഭക്തർക്കാണ് വെർച്വൽ ക്യൂ വഴി ഓഗസ്റ്റ് മാസത്തിൽ ഗുരുവായൂരപ്പനെ തൊഴാൻ അവസരം ഉറപ്പായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വെർച്വൽ ക്യൂ വഴി ദർശനം ക്രമീകരിച്ചിട്ടുള്ളത്. ദിവസേന 8 വ്യത്യസ്ത സമയങ്ങളിലായി 300 പേർക്ക് വീതമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ ഓഗസ്റ്റ് 25 (ചിങ്ങത്തിലെ ഉത്രാടം), ഓഗസ്റ്റ് 28 (അവിട്ടം) എന്നീ തീയതികൾ പൊതു അവധി ദിനങ്ങളാണ്. ഓണത്തോടനുബന്ധിച്ച് ഉത്രാട നാളിൽ നടക്കുന്ന പ്രസിദ്ധമായ 'ഉത്രാട കാഴ്ചക്കുല സമർപ്പണം' ഉൾപ്പെടെയുള്ള പ്രത്യേക പൂജകളും ചടങ്ങുകളും ഉള്ളതിനാൽ ഈ ദിവസങ്ങളിൽ ബുക്ക് ചെയ്ത സമയത്തിൽ ചെറിയ വ്യതിയാനങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
ഓഗസ്റ്റിലെ ബുക്കിങ് പൂർണ്ണമായും നിറഞ്ഞതോടെ സെപ്റ്റംബർ മാസത്തെ സ്ലോട്ടുകൾക്കായി ഭക്തർ കാത്തിരിക്കുകയാണ്. സെപ്റ്റംബറിലെ വെർച്വൽ ക്യൂ ബുക്കിങ് തീയതികളും സ്ലോട്ടുകളും ദേവസ്വം ഉടൻ പുറത്തുവിടും. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് മണിക്കൂറുകളോളം വരി നിൽക്കാതെ സുഗമമായി ദർശനം നടത്താനും വെർച്വൽ ക്യൂ സംവിധാനം ഏറെ സഹായകരമാകുമെന്നാണ് ദേവസ്വത്തിന്റെ വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates