സംസ്കരിക്കാത്ത മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി; ഗുരുവായൂരിൽ ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി

പുഴയും സമീപത്തെ ജലസ്രോതസ്സുകളും മലിനമായതോടെ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Guruvayur Sewage treatment plan
Guruvayur Sewage treatment plan
Edited By:
Updated on: 
1 min read

തൃശൂർ: ഗുരുവായൂർ നഗരത്തിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഫ്ലാറ്റുകൾ, വിവാഹ മണ്ഡപങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സംസ്കരിക്കാത്ത മലിനജലം കാലി-ചക്കംകണ്ടം പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി. വട്യോടും ചെറിയോടും വഴിയാണ് മലിനജലം പുഴയിലെത്തുന്നതെന്നും, ഇത് പ്രദേശവാസികളുടെ ജീവിതവും ഉപജീവനവും ദുസ്സഹമാക്കുന്നുവെന്നും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംകെ അനിൽകുമാർ ചൂണ്ടിക്കാട്ടി.

ഗുരുവായൂരിലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാനും ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നത് തടയാനുമായി തൈക്കാട്ടിൽ സ്ഥാപിച്ച മലിനജര സംസ്കരണ പ്ലാന്റ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് പ്രശ്നത്തിന് കാരണം. താലൂക്ക് വികസന സമിതി കൺവീനർക്കും ചാവക്കാട് തഹസിൽദാർക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. മത്സ്യബന്ധനം, കക്കവാരൽ, കയർ പിരിയുമായി ബന്ധപ്പെട്ട ജോലികൾ, ചളി നീക്കം ചെയ്യൽ എന്നിവയിലൂടെ ജീവതം മുന്നോട്ടുപോകുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പുഴയും സമീപത്തെ ജലസ്രോതസ്സുകളും മലിനമായതോടെ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഗുരുവായൂരിന്റെ മലിനജര പ്രശ്നത്തിന് ശാശ്വത പരിഹാരമായി 1975-ൽ തന്നെ തൈക്കാട് ഗ്രാമപഞ്ചായത്തിൽ 2.2909 ഹെക്ടർ സ്ഥലം സെവറേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി ഏറ്റെടുത്തിരുന്നു. എന്നാൽ ഭരണപരവും സാങ്കേതികവുമായ തടസ്സങ്ങൾ മൂലം പ്രതിദിനം മൂന്ന് ദശലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ ലക്ഷ്യമിട്ട ഈ പദ്ധതി വർഷങ്ങളോളം വൈകി. 2009 ഒക്ടോബർ 13-ന് പദ്ധതിക്കെതിരെയുള്ള ഹർജികൾ തള്ളിയ കേരള ഹൈക്കോടതി, ക്ഷേത്രനഗരത്തിലെ മലിനജല പ്രശ്നം പരിഹരിക്കാൻ പ്ലാന്റ് അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചിരുന്നു.

എങ്കിലും നിലവിൽ പ്ലാന്റും ചക്കംകണ്ടം പ്രദേശത്തെ സംസ്കരണ സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് ആരോപണം. പ്ലാന്റിന് ചുറ്റും മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതായും പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു. ജലസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Summary

Concerns have mounted as untreated wastewater from hotels, lodges, and flats in Guruvayur is allegedly flowing into the Kalani-Chakkamkandam river through local canals due to a malfunctioning sewage treatment plant, severely impacting local residents and livelihoods.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER