ടിപ്പുവിന്റെ പടയോർമ്മകളും ചെട്ടിയങ്ങാടി പള്ളിയും; തൃശൂർ പുലിക്കളിയുടെ അറിയാചരിത്രം

ചെട്ടിയങ്ങാടി പള്ളിമുറ്റത്തെ പഠാണികളുടെ മുഹറം ആചാരത്തിൽ നിന്ന് തുടങ്ങിയ ചരിത്രം
Chettiyangadi Hanafi Jumamasjid
Chettiyangadi Hanafi Jumamasjid
Edited By:
Updated on
2 min read

തൃശൂർ: തൃശൂർ നഗരത്തിൽ പുലിയൊരുക്കങ്ങൾ അവസാനഘട്ടത്തിലെത്തുമ്പോൾ, സ്വരാജ് റൗണ്ടിൽ ആർത്തലയ്ക്കുന്ന മേളത്തിനൊപ്പം ചുവടുവെക്കുന്ന പുലികളുടെ ഉത്ഭവകഥ ചികയുന്നവർ ചെന്നെത്തുക നൂറ്റാണ്ടുകൾക്കപ്പുറത്തെ ചരിത്രപരമായ ഒരു പടയോട്ടത്തിലേക്കാണ്. തൃശൂരിലെ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാമസ്ജിദിന് നേരിട്ടുബന്ധമുള്ള ഒരു അത്യപൂർവ്വ ചരിത്രമാണത്.

ചെട്ടിയങ്ങാടി പള്ളി എന്നറിയപ്പെടുന്ന ഈ ആരാധനാലയമുറ്റത്താണ് തൃശൂരിന്റെ മണ്ണിൽ പുലികൾ ആദ്യമായി ചുവടുവെച്ചത്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് സൈന്യത്തോടൊപ്പം തൃശൂരിലെത്തിയ പഠാണികൾ മുഹറം ദിനങ്ങളിൽ അനുഷ്ഠാനത്തിന്റെ ഭാഗമായി പുലിവേഷം കെട്ടിയിരുന്നു. 'മൈസൂർ കടുവ' എന്നറിയപ്പെട്ടിരുന്ന ടിപ്പുവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ പുലിവേഷം എന്ന കഥയ്ക്കാണ് ചരിത്രപരമായ രേഖകളുമായി കൂടുതൽ ചേർച്ചയുള്ളത്.

Pulikkali
പുലികള്‍ Facebook

മസ്ജിദിന് മുൻവശത്തുണ്ടായിരുന്ന 'ഷേർഖാന' എന്ന വിശാലമായ പറമ്പിലാണ് (ഇന്ന് ഇവിടെ വലിയ വാണിജ്യ കെട്ടിടങ്ങളാണ് സ്ഥിതി ചെയ്യുന്നത്) അക്കാലത്ത് പഠാണി ഭടന്മാർ പുലിവേഷം കെട്ടി വീര്യത്തോടെ ചുവടുവെച്ചിരുന്നതെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹിയായ അബ്ദുൾ ഖാദർ ഓർത്തെടുക്കുന്നു. പള്ളിക്കു മുന്നിൽ നടന്ന ഈ ആയോധന-നൃത്ത രൂപം കണ്ട് ആകൃഷ്ടനായ അന്നത്തെ അറിയപ്പെടുന്ന നാട്ടുകാരനായ പൂത്തോൾ സ്വദേശി വേലായുധനാണ് നാട്ടുകാരെ സംഘടിപ്പിച്ച് ആദ്യത്തെ നാടൻ പുലിസംഘത്തിന് രൂപം നൽകിയത്. അത് പിന്നീട് വിവിധ ദേശങ്ങൾ ഏറ്റെടുക്കുകയും നാടിന്റെ സ്വന്തം ഉത്സവമായി ജനകീയമാവുകയും ചെയ്തു. ഇപ്പോള്‍ പുലിക്കളി ഓണവുമായി ബന്ധപ്പെട്ടാണ് നടന്നുവരുന്നത്. ചരിത്രത്തിലെ ഈ ഗതിമാറ്റം എപ്പോള്‍, എങ്ങിനെ സംഭവിച്ചു എന്ന് ഇപ്പോഴും രേഖപ്പെടുത്തപ്പെട്ടിട്ടില്ല

ശക്തൻ തമ്പുരാനും കൊച്ചി രാജ്യവും: രാജകീയ പ്രോത്സാഹനം

പഠാണി ഭടന്മാരിലൂടെ നഗരത്തിലെത്തിയ പുലിവേഷത്തെ പിന്നീട് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ ഔദ്യോഗികമായി പ്രോത്സാഹിപ്പിച്ചു എന്നാണ് വാമൊഴി ചരിത്രം. തന്റെ പടയാളികളുടെ ധീരതയും കായികബലവും തെളിയിക്കുന്നതിനായി 'പുലിക്കെട്ടിക്കളി' സംഘടിപ്പിക്കാൻ അദ്ദേഹം അനുമതി നൽകി. ബ്രിട്ടീഷ് കന്റോൺമെന്റിലെ സൈനികരും നാട്ടുകാരും ഒത്തുചേർന്ന് നടത്തിയ ഈ പ്രകടനം പിന്നീട് സ്വരാജ് റൗണ്ടിന്റെ സാംസ്കാരിക അടയാളമായി മാറുകയായിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള തട്ടകങ്ങൾ ഇത് ഏറ്റെടുത്തതോടെ ദേശങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരമായി പുലിക്കളി രൂപാന്തരപ്പെട്ടു.

pulikkali
pulikkali

ചായക്കൂട്ടുകളിലും വേഷവിധാനത്തിലും വന്ന മാറ്റങ്ങൾ

ആദ്യകാലത്ത് പുലിക്കളിയുടെ രൂപവും ഭാവവും ഇന്നത്തെ രീതിയിലായിരുന്നില്ല. കരിപ്പൊടി, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ചുവന്ന മണ്ണ് തുടങ്ങിയ പ്രകൃതിദത്ത കൂട്ടുകൾ ഉപയോഗിച്ചായിരുന്നു ശരീരത്തിൽ വരകൾ തീർത്തിരുന്നത്. മുഖംമൂടികൾ ഉണ്ടായിരുന്നില്ല; പകരം മുഖത്തും ചായം പൂശി പുലിയുടെ തനിമ വരുത്തുകയായിരുന്നു. എന്നാൽ കാലക്രമേണ ഇനാമൽ, വാർണിഷ്, അക്രിലിക് പെയിന്റുകൾ എന്നിവ ശരീരത്തിൽ പൂശാൻ തുടങ്ങി. വരകളുടെ കൃത്യതയ്ക്കും തിളക്കത്തിനും ഇത് മാറ്റുകൂട്ടി. പുള്ളിപ്പുലി, വരയൻപുലി, കരിമ്പുലി എന്നിവയ്ക്ക് പുറമെ ആധുനിക കാലത്ത് പുലിമുഖംമൂടികളും, അരയിൽ കെട്ടുന്ന കിലുങ്ങുന്ന കനത്ത 'അരമണികളും' വേഷവിധാനത്തിന്റെ ഭാഗമായി. കുടവയറുകൾ കുലുക്കിയുള്ള പ്രത്യേക 'പുലിത്താളം' തൃശൂരിന്റെ സ്വന്തം ശൈലിയായി വികസിച്ചതും ഈ പരിണാമഘട്ടത്തിലാണ്.

Pulikkali .

Red, Blue and Black tigers perform at the Pulikkali . Photo by S Lal

Center-Center-Delhi

മേളപ്പെരുക്കവും ഇന്നത്തെ പുലിക്കളിയും

തുടക്കത്തിൽ പ്രാദേശികമായ ഉടുക്ക് കൊട്ടി പാടിയായിരുന്നു പുലികൾ കളിച്ചിരുന്നത്. എന്നാൽ തൃശൂരിന്റെ തനതായ മേള സംസ്കാരം പുലിക്കളിയെയും സ്വാധീനിച്ചു. അതോടെ ചെണ്ട, ഇലത്താളം എന്നിവയുടെ വന്യമായ താളത്തിലേക്ക് പുലിക്കളി വഴിമാറി. വേട്ടക്കാരനും പുലിയും തമ്മിലുള്ള നാടകീയമായ പോരാട്ടവും, ഒടുവിൽ വേട്ടക്കാരന്റെ തോക്കിൻമുനയിൽ പുലി കീഴടങ്ങുന്നതുമായ ദൃശ്യാവിഷ്കാരം പുലിക്കളിയിലെ പ്രധാന ആകർഷണമായി ഉൾച്ചേർക്കപ്പെട്ടു. പടയോട്ടത്തിന്റെ ചരിത്രത്തിൽ നിന്ന് ആരംഭിച്ച് ജാതി-മത-സാമുദായിക അതിർവരമ്പുകളില്ലാതെ സർവ്വജനങ്ങളും ഒത്തുചേരുന്ന മഹത്തായ ജനകീയ കലയായി തൃശൂർ പുലിക്കളി ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു.

Chettiyangadi Hanafi Jumamasjid
ചായം പൂശിയ വയറുകളും മേളപ്പെരുക്കവും; പുലിവേഷത്തിന് പിന്നിലെ ആരും കാണാത്ത വിയർപ്പും സമർപ്പണവും
Chettiyangadi Hanafi Jumamasjid
വെറുതെ കളിച്ച് പോകാനല്ല, നയിക്കാൻ തന്നെ; അയ്യന്തോളിന്റെ പുലിപ്പടയെ നയിക്കാൻ 10 വയസ്സുകാരി ആരാധ്യ
Chettiyangadi Hanafi Jumamasjid
ഓണത്താളം കൊട്ടിക്കയറുമ്പോൾ ഉണരുന്ന വീര്യം; സ്വരാജ് റൗണ്ട് ഇന്നും തേടുന്നു ആ പഴയ 'ചാത്തുണ്ണിപ്പുലി'യെ
Summary

While Thrissur gears up for its iconic Pulikkali spectacle on the fourth day of Onam, the historical lineage of this dynamic folk art traces back beyond common folklore to a fascinating military and cultural confluence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com