

തൃശൂർ: എൽഡിഎഫ് ഭരണസമിതിക്ക് കീഴിലുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ, തൃശൂർ ജില്ലയിലെ യുഡിഎഫ് പിന്തുണയുള്ള ഇരിഞ്ഞാലക്കുട ടൗൺ അർബൻ സഹകരണ ബാങ്കിൽ കണ്ടെത്തിയ വൻ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി ആശങ്ക ഒഴിയുന്നില്ല. ബാങ്കിന്റെ ഭരണനിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് പാനൽ ഏറ്റെടുത്ത് ഒരു വർഷമായെങ്കിലും നിക്ഷേപകരുടെ ആധി പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല . തങ്ങളുടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദുരിതത്തിലായ നിക്ഷേപകർ കഴിഞ്ഞ ദിവസം ഇരിഞ്ഞാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. അഡ്മിനിസ്ട്രേറ്റീവ് പാനൽ അധികാരമേറ്റെടുത്തതോടെ ബാങ്കിലെ നിക്ഷേപങ്ങളും മറ്റും പിൻവലിക്കാനാകാതെ വലയുകയാണ് തങ്ങളെന്നാണ് ഏഴായിരത്തോളം വരുന്ന നിക്ഷേപകരുടെ പരിഭവം. ക്രമക്കേടുകളെ തുടർന്ന് ബാങ്ക് ഇപ്പോൾ 400 കോടിയോളം രൂപയുടെ ഭീമമായ കടബാധ്യതയിലാണ്. തങ്ങളുടെ ആശങ്കളോട് ബന്ധപ്പെട്ടവർ മുഖം തിരിച്ചുനിൽക്കുകയാണെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു.
108 വർഷത്തെ ദീർഘകാല പാരമ്പര്യമുള്ള ഇരിഞ്ഞാലക്കുട ടൗൺ അർബൻ ബാങ്കിന്റെ സാമ്പത്തിക ഭദ്രത 2019 മുതലാണ് വൻതോതിൽ കിട്ടാകടങ്ങൾ ഉയർന്നതോടെ തകരാൻ തുടങ്ങിയത്. 2025 ജൂലൈ 31-ന് ബാങ്ക് ഡയറക്ടർ ബോർഡിനെ പിരിച്ചുവിട്ട് ആർബിഐ അഡ്മിനിസ്ട്രേറ്റീവ് പാനലിനെ നിയമിക്കുകയായിരുന്നു. ആർബിഐ തീരുമാനത്തെ ചോദ്യം ചെയ്ത് അന്നത്തെ ഭരണസമിതി അധ്യക്ഷനും നിലവിലെ ഇരിഞ്ഞാലക്കുട നഗരസഭാ ചെയർമാനുമായ എംപി ജാക്സൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളപ്പെട്ടു.
ആർബിഐ ഏറ്റെടുത്തതിന് ശേഷം ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) വഴി 5 ലക്ഷം രൂപ വരെയുള്ള അർഹരായ നിക്ഷേപകർക്കായി 460 കോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ, 5 ലക്ഷത്തിന് മുകളിൽ വലിയ തുക നിക്ഷേപിച്ചിട്ടുള്ളവർക്ക് തങ്ങളുടെ പണം പൂർണ്ണമായി ലഭിച്ചിട്ടില്ല.
ബാങ്കിന്റെ സാമ്പത്തിക നില ഒറ്റനോട്ടത്തിൽ :
ആകെ നിക്ഷേപം: ₹1,160.13 കോടി (2025 ഏപ്രിൽ വരെ)
മൂലധന പര്യാപ്തതാ അനുപാതം (CAR): 5.86%
അറ്റ നഷ്ടം (2024-25): ₹45.22 കോടി
അറ്റ നഷ്ടം (2023-24): ₹29.11 കോടി
കിട്ടാക്കടം (NPA): 2022-23ൽ 7.35% ആയിരുന്നത് 2023-24ൽ 21.03% ആയും, 2024-25ൽ 77% ആയും കുത്തനെ ഉയർന്നു.
അപാകതകൾ പരിഹരിക്കാനും ബാങ്കിന്റെ പണം തിരികെ പിടിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്ന് ആർബിഐ അഡ്മിനിസ്ട്രേറ്റർ സി.ആർ. ഗോപീകൃഷ്ണൻ അറിയിച്ചു. വായ്പ തിരിച്ചടക്കാത്തവരുമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ ആലോചിക്കുന്നുണ്ടെങ്കിലും കടങ്ങൾ തിരികെ പിടിക്കാൻ സമയമെടുക്കുമെന്നും, പരിധിയില്ലാത്ത പണം പിൻവലിക്കൽ ഇപ്പോൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രൊഫഷണൽ മാനേജ്‌മെന്റിന്റെ അഭാവവും വായ്പാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനവുമാണ് തകർച്ചയ്ക്ക് വഴിവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വലിയ വായ്പകൾ ബോർഡ് ഡയറക്ടർമാരുടെ അംഗീകാരത്തോടെ കൃത്യമായ സിബിൽ/ക്രെഡിറ്റ് പരിശോധനകളോടെ നൽകണമെന്നിരിക്കെ, പല കേസ്സുകളിലും അതൊന്നും പാലിക്കപ്പെടാതെ അപേക്ഷകളുടെ മാത്രം അടിസ്ഥാനത്തിൽ രാഷ്ട്രീയം നോക്കി ധാരളിത്തത്തോടെ വായ്പ നൽകിയതാണ് കിട്ടാക്കടം 77 ശതമാനത്തിലേക്ക് ഉയർത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates