

തൃശൂർ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. ബാങ്കിന്റെ സാമ്പത്തിക പുരോഗതിയും നിക്ഷേപകരുടെ താത്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രവർത്തനം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തമാക്കുന്നു.
ബാങ്കിലെ മോശം സാമ്പത്തിക സാഹചര്യങ്ങളും ഭരണപരമായ വീഴ്ചകളും മുൻനിർത്തി കഴിഞ്ഞ വർഷം ഒക്ടോബർ ആറിനാണ് എം.പി. ജാക്സൺ ചെയർമാനായുള്ള ഭരണസമിതിയെ 12 മാസത്തേക്ക് അസാധുവാക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. തുടർന്ന് സി.ആർ. ഗോപീകൃഷ്ണൻ അഡ്മിനിസ്ട്രേറ്ററായും കെ. മോഹനൻ, ടി.എം. മോഹൻ എന്നിവർ അംഗങ്ങളുമായുള്ള മൂന്നംഗ സമിതിയാണ് ബാങ്കിന്റെ ദൈനംദിന ഭരണച്ചുമതലകൾ നിർവ്വഹിച്ചുപോരുന്നത്. കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവിലൂടെ ഈ സമിതിക്ക് ഒരു വർഷം കൂടി അനുമതി നൽകിയത്.
കിട്ടാക്കടങ്ങൾ ക്രമാതീതമായി പെരുകുകയും നിഷ്ക്രിയ ആസ്തികളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 2025 ജൂലൈ 31-നാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് മേൽ ആർബിഐ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിനടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടയിലും ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ തുടർന്നു വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates