തൃശൂർ: കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ തൃശൂർ ജില്ലയിൽ പുകയുന്ന ഗ്രൂപ്പ് പോര് യുഡിഎഫ് മുന്നണിയിലെ പരസ്യമായ തർക്കത്തിലേക്ക് വഴിമാറുന്നു. ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിലും സംഘടനാ തീരുമാനങ്ങളിലും കോൺഗ്രസ് നേതാക്കൾ അനാവശ്യമായി ഇടപെടരുതെന്ന കർശന മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് രംഗത്തെത്തി. ഇരിഞ്ഞാലക്കുട എംഎൽഎയും മുതിർന്ന നേതാവുമായ തോമസ് ഉണ്ണിയാടന് മന്ത്രിസ്ഥാനം നിഷേധിച്ചതിനെതിരെ എഐസിസി ജനറൽ സെക്രട്ടറി ടി.എൻ. പ്രതാപൻ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കെ.സി. ജോസഫിന്റെ പരസ്യ തിരുത്തൽ.
മുന്നണിയിലെ ഘടകകക്ഷികൾക്ക് അനുവദിക്കുന്ന പദവികളിൽ ആര് വരണമെന്ന് തീരുമാനിക്കേണ്ടത് അതാത് പാർട്ടികളാണെന്നും, അവരുടെ സ്വയംഭരണാധികാരത്തെ കോൺഗ്രസ് നേതാക്കൾ ബഹുമാനിക്കണമെന്നും ടി.എൻ. പ്രതാപന്റെ പേര് പരാമർശിക്കാതെ കെ.സി. ജോസഫ് വ്യക്തമാക്കി. മുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയിൽ ഘടകകക്ഷികളെ ഒരുമിപ്പിച്ചു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് കോൺഗ്രസിനുള്ളതെന്നും, പാർട്ടികൾക്കുള്ളിലെ ഭിന്നതകൾ രൂക്ഷമാക്കുന്ന തരത്തിലുള്ള വ്യക്തിഗത അഭിപ്രായപ്രകടനങ്ങളിൽ നിന്ന് നേതാക്കൾ പിന്മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തോമസ് ഉണ്ണിയാടൻ നിയമസഭാംഗമായി 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിലായിരുന്നു ടി.എൻ. പ്രതാപന്റെ വിവാദ പ്രസംഗം. ഇത്രയും സീനിയറായ ഉണ്ണിയാടന് എന്തുകൊണ്ടാണ് മന്ത്രിസ്ഥാനം നൽകാതിരുന്നതെന്ന് പ്രതാപൻ പരസ്യമായി ചോദിച്ചു. മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ പോലും അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് എങ്കിലും പരിഗണിക്കാമായിരുന്നുവെന്ന് പ്രതാപൻ തുറന്നടിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപ്പു ജോൺ ജോസഫിനെ പാർട്ടി പദവികളിലേക്ക് ഉയർത്തിയതിനെ പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു പ്രതാപന്റെ വാക്കുകൾ.
ഇതിനെതിരെ കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ നേതൃത്വം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒരു ഘടകകക്ഷിയുടെ ആഭ്യന്തര കാര്യങ്ങളിൽ പരസ്യമായി ഇടപെടാൻ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതാപന് അനുമതി നൽകിയിട്ടുണ്ടോയെന്നും, മുന്നണി മര്യാദയ്ക്ക് നിരക്കാത്ത ഇടപെടലാണ് പ്രതാപന്റേതെന്നും പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി.
നേതാക്കളുടെ വാക്പോര് താഴെത്തട്ടിലെ പ്രവർത്തകരിലേക്കും പടർന്നതോടെ വെള്ളിയാഴ്ച ഇരിഞ്ഞാലക്കുടയിൽ സംഘർഷാവസ്ഥയുണ്ടായി. മണ്ഡലംതല നേതൃയോഗത്തിനിടെ തോമസ് ഉണ്ണിയാടൻ അനുകൂലികളും ഔദ്യോഗിക ജോസഫ് പക്ഷ അനുകൂലികളും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും തുടർന്ന് കൂട്ടത്തല്ലും നടന്നു. സ്ഥിതിഗതികൾ വഷളായതോടെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയും പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു. ജില്ലാ ഘടകത്തിലെ തർക്കം യുഡിഎഫിലെ ഐക്യത്തിന് തന്നെ വെല്ലുവിളിയാകുന്ന ഘട്ടത്തിലാണ് മുതിർന്ന നേതാക്കളുടെ ഇടപെടൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates