തൃശൂർ: കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും യുഡിഎഫിന്റെ മുതിർന്ന നേതാവുമായ പി.ജെ. ജോസഫിനെ പൊതുവേദിയിൽ അപമാനിച്ച എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനെതിരെ കടന്നാക്രമണവുമായി കേരള കോൺഗ്രസ്. അഡ്വ. തോമസ് ഉണ്ണിയാടനെ പുകഴ്ത്തിയും പാർട്ടി നേതൃത്വത്തെ താറടിച്ചും പ്രതാപൻ നടത്തിയ പ്രസ്താവന സ്വന്തം നാവ് വാടകയ്ക്ക് കൊടുത്തതുകൊണ്ടാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. പി.ജെ. ജോസഫിനെ പരസ്യമായി അപമാനിച്ച പ്രതാപൻ പൊതുസമൂഹത്തോട് നിരുപാധികം മാപ്പ് പറയണമെന്നും, മാപ്പ് പറയാൻ തയാറായില്ലെങ്കിൽ യൂത്ത് ഫ്രണ്ട് എമ്മിന്റെ ചൂട് എന്താണെന്ന് പ്രതാപൻ അറിയുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ടി.എൻ. പ്രതാപനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മുന്നണിയുടെയും സർക്കാരിന്റെയും കെട്ടുറപ്പും ഐക്യവും തകർക്കുക എന്ന ബോധപൂർവ്വമായ അജണ്ടയുടെ ഭാഗമാണ് പ്രതാപന്റെ പ്രസംഗമെന്ന് കരുതേണ്ടിയിരിക്കുന്നു. സ്വന്തം പാർട്ടിയിൽ വേണ്ടത്ര അവസരങ്ങളോ പരിഗണനയോ ലഭിക്കാത്തതുകൊണ്ടാണ് മറ്റുള്ള പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് പ്രതാപൻ വിലകുറഞ്ഞ പ്രശസ്തിക്ക് ശ്രമിക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ നിരവധി നേതാക്കൾക്ക് അർഹമായ അംഗീകാരങ്ങൾ ലഭിക്കാതിരുന്നിട്ടും അതിനെക്കുറിച്ചൊന്നും വാ തുറക്കാത്ത പ്രതാപൻ കേരള കോൺഗ്രസിനെ പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും, പാർട്ടിയിലെ അവസാന വാക്ക് സംസ്ഥാന നേതൃത്വവും ചെയർമാൻ പി.ജെ. ജോസഫും തന്നെയാണെന്നും കുര്യാക്കോസ് വ്യക്തമാക്കി. കേരള കോൺഗ്രസ് നേതാക്കളായ ജോൺസൺ കാഞ്ഞിരത്തിങ്കൽ, അഡ്വ. അജി ഫ്രാൻസിസ്, തോമസ് ആന്റണി, ഇട്ട്യേച്ചൻ തരകൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.