തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രായമായ തടവുകാരുടെ ജീവിതസാഹചര്യങ്ങളും ആരോഗ്യപ്രശ്നങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി കേരള സംസ്ഥാന മുതിർന്ന പൗരന്മാരുടെ കമ്മീഷൻ ജയിലിൽ സന്ദർശനം നടത്തി. കമ്മീഷൻ ചെയർമാൻ കെ. സോമപ്രസാദ്, അംഗങ്ങളായ കെ.എൻ.കെ നമ്പൂതിരി, അമരവിള രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ജയിൽ അന്തേവാസികളുമായി നേരിട്ട് സംവദിച്ച് അവരുടെ പരാതികൾ മനസിലാക്കിയത്. കഴിഞ്ഞ വർഷം കമ്മീഷൻ രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്ത് നടത്തുന്ന ആദ്യത്തെ ജയിൽ സന്ദർശനമാണിത്. ജയിലിലെ ഒരു അന്തേവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെഅടിയന്തര പരിശോധന.പ്രായം ചെന്ന തടവുകാരുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് നിരവധി നിർദ്ദേശങ്ങളാണ് കമ്മീഷൻ ജയിൽ അധികൃതർക്ക് മുന്നിൽ വെച്ചത്.
കെയർ ടേക്കർമാരും മുഴുവൻസമയ കൗൺസിലറും നിർബന്ധം
വാർദ്ധക്യസഹജമായ അസുഖങ്ങളും കടുത്ത ശാരീരിക വൈകല്യങ്ങളും അനുഭവിക്കുന്ന പ്രായമായ തടവുകാരെ പരിചരിക്കുന്നതിനായി പ്രത്യേക കെയർ ടേക്കർമാരെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ഇതിനൊപ്പം ജയിൽ അന്തേവാസികളുടെ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഒരു മുഴുവൻ സമയ കൗൺസിലറെ ഉടനടി നിയമിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിലുള്ള ഔദ്യോഗിക ചട്ടങ്ങൾ പ്രകാരം സെൻട്രൽ ജയിലിൽ ഫുൾടൈം കൗൺസിലറുടെ സേവനം നിർബന്ധമാണെങ്കിലും, തടവുകാരുടെ ഭാഗത്തുനിന്ന് ആവർത്തിച്ച് പരാതികൾ ഉണ്ടായിട്ടും വിയ്യൂർ ജയിലിൽ ഈ തസ്തിക വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. കമ്മീഷന്റെ കർശന നിർദ്ദേശത്തെ തുടർന്ന്, ഈ ഒഴിവ് നികത്താൻ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് ജയിൽ ഡിഐജി എസ്. സജീവ് കമ്മീഷന് ഉറപ്പുനൽകി.
ആയുർവേദ ചികിത്സയും മരുന്നും ലഭ്യമാക്കും
തുടർന്ന് കമ്മീഷനുമായി സംസാരിച്ച അന്തേവാസികൾ, തങ്ങൾക്ക് ഡോക്ടർമാരെ കാണുന്നതിനും കൃത്യസമയത്ത് മരുന്നുകൾ ലഭ്യമാക്കുന്നതിനും നിലവിലുള്ളതിനേക്കാൾ മികച്ച സൌകര്യങ്ങൾ ഒരുക്കണമെന്ന് അഭ്യർത്ഥിച്ചു. ജയിലിൽ ഒരു ആയുർവേദ ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും തടവുകാർ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് മറുപടിയായി, തൃശ്ശൂർ ജില്ലാ ആശുപത്രി ഫാർമസി വഴി ലഭ്യമാകുന്ന മരുന്നുകൾ നിലവിൽ അന്തേവാസികൾക്ക് കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ജയിൽ അധികൃതർ വിശദീകരിച്ചു. ഇതിന് പുറമേ, പുറത്തുനിന്ന് വാങ്ങേണ്ടി വരുന്ന പ്രത്യേക മരുന്നുകൾ കാലതാമസവുമില്ലാതെ തടവുകാർക്ക് വാങ്ങി നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.ജയിൽ ജോയിന്റ് സൂപ്രണ്ട് അഞ്ജു അരവിന്ദ്, ഡെപ്യൂട്ടി സൂപ്രണ്ട് എം.എസ്. വിഷ്ണു, വെൽഫെയർ ഓഫീസർമാരായ സിജി സൈമൺ, ബേസിൽ ഏലിയാസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ ആർ. രോഷ്നി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം കമ്മീഷന്റെ പരിശോധനാ വേളയിൽ സന്നിഹിതരായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates