അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

മോഷ്ടിച്ചത് 65 വർഷം പഴക്കമുള്ള വിഗ്രഹം; ബൈക്ക് മോഷ്ടിച്ചെത്തി കവർച്ച
Kunnamkulam Idol Theft Arrest
Kunnamkulam Idol Theft Arrest
Edited By:
Updated on
1 min read

കുന്നംകുളം: കുന്നംകുളം അഞ്ഞൂർ മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽനിന്ന് അമൂല്യമായ പഞ്ചലോഹ വിഗ്രഹം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ചാവക്കാട് മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് എന്ന 'മരപ്പട്ടി മനാഫി'നെയാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുന്നംകുളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ രഹസ്യ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ വലയിലായത്.

ഈ മാസം പത്താം തീയതി രാത്രിയിലായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി നിത്യപൂജ നടത്തിവന്നിരുന്നതും 65 വർഷത്തോളം പഴക്കമുള്ളതുമായ ഏകദേശം 15 കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രതി കവർന്നത്. പിറ്റേന്ന് പുലർച്ചെ നട തുറക്കാനെത്തിയ ശാന്തിക്കാരാണ് മോഷണവിവരം ആദ്യം കണ്ടത്. ബൈക്ക് മോഷ്ടിച്ചെത്തി ആസൂത്രിത കവർച്ച.പഞ്ചലോഹ വിഗ്രഹത്തെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കിയാണ് പ്രതി കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് മുന്നോടിയായി ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഴപ്പള്ളിയിലുള്ള ഒരു വീട്ടിൽനിന്ന് ഇയാൾ ബൈക്ക് മോഷ്ടിച്ചു. പത്താം തീയതി രാത്രി ഈ ബൈക്കിലെത്തിയാണ് ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന വിഗ്രഹവും മറ്റ് വസ്തുക്കളും കവർന്നത്. തുടർന്ന് അതേ ബൈക്കിൽ കടന്നുകളഞ്ഞ പ്രതി വാഹനം ഗുരുവായൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സംഭവത്തിന് പിന്നാലെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസും രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ക്ഷേത്ര പരിസരത്തെയും ഗുരുവായൂരിലെയും നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സമാനമായ രീതിയിൽ മോഷണം നടത്തുന്ന സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ നീക്കത്തിൽ പ്രതി എറണാകുളത്തെ വാടകവീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് സ്ഥിരീകരിക്കുകയും വളഞ്ഞുപിടികൂടുകയുമായിരുന്നു. കൃത്യം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പ്രദേശത്തെ വിശ്വാസികൾക്ക് വലിയ ആശ്വാസമായി.

Summary

Cracking the sensational idol theft case at the historic Anjoor Makkalikavu Bhagavathy Temple in Kunnamkulam within a week, the Thrissur City Police and Kunnamkulam Police have apprehended notorious history-sheeter Puthuveettil Manaf, alias 'Marappatti Manaf', a native of Mallad in Chavakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com