പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

കാപ്പിരിക്കാട് - കൊടുങ്ങല്ലൂർ 53.8 കി.മീ ആറുവരിപ്പാതയ്ക്ക് നിരക്കുകൾ പ്രഖ്യാപിച്ചു
NH 66 Nattika Toll Plaza
NH 66 Nattika Toll Plaza
Edited By:
Updated on: 
1 min read

തൃശൂർ: ദേശീയപാത 66-ൽ കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 53.8 കിലോമീറ്റർ ആറുവരിപ്പാതയിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് നാട്ടിക ടോൾ പ്ലാസയിൽ നാളെ മുതൽ ടോൾ പിരിവ് ആരംഭിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പലയിടത്തും പൂർത്തിയാകാതെ അപൂർണ്ണമായി കിടക്കവെ തിരക്കിട്ട് ടോൾ പിരിവ് ആരംഭിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കത്തിനെതിരെ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും ശക്തമായ പ്രതിഷേധത്തിലാണ്. ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മണിക്ക് സിപിഎം നാട്ടിക ടോൾ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിപിഐയും പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും ഉത്തരവ് പ്രകാരം വിവിധ ഇനം വാഹനങ്ങൾക്കുള്ള നിരക്കുകളും ഇളവുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസ നിരക്ക് 360 രൂപയായിരിക്കും. പണമടച്ച് 24 മണിക്കൂറിനകം തിരിച്ചുവരുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം നിരക്കിളവ് ലഭിക്കും. 33 ശതമാനം നിരക്കിളവോടെ അതാതുമാസത്തെ തുക മുൻകൂറായി അടയ്ക്കുന്നവർക്ക് 50 തവണ ടോൾ കടന്നുപോകാൻ അനുവാദമുണ്ടാകും.

തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത വ്യാവസായിക, വാണിജ്യ വാഹനങ്ങൾക്ക് നിശ്ചിത നിരക്കിൽ 50 ശതമാനം ഇളവുണ്ട്. വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് 3,075 രൂപയാണ് നിരക്ക്. ഇത് ഒരു വർഷത്തേക്കോ അല്ലെങ്കിൽ ദേശീയപാതയിലെ ഏതെങ്കിലും പ്ലാസയിലൂടെ 200 ക്രോസിംഗുകൾ പൂർത്തിയാക്കുന്നതുവരെയോ ഉപയോഗിക്കാം.

അതേസമയം, റോഡ് നിർമ്മാണം പൂർണ്ണമായി തീരുന്നതിന് മുൻപേ പണപ്പിരിവ് തുടങ്ങുന്നത് പകൽക്കൊള്ളയാണെന്നാണ് പ്രധാന ആക്ഷേപം. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ചാവക്കാട്, ചേറ്റുവ, കണ്ടശ്ശാംകടവ് തുടങ്ങിയ പ്രധാന പാലങ്ങളുടെയും, എടമുട്ടം, മൂന്നുപീടിക തുടങ്ങിയ പ്രദേശങ്ങളിലെ അപ്രോച്ച് റോഡുകളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണം ഇനിയും എങ്ങുമെത്തിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി പൂർത്തീകരിക്കാതെയും ഗതാഗതക്കുരുക്കുകൾ പരിഹരിക്കാതെയും ജനങ്ങളിൽ നിന്ന് ടോൾ ഈടാക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ ഏകപക്ഷീയ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും നാട്ടുകാരും. സമരം കനക്കുന്നതോടെ വരുംദിവസങ്ങളിൽ പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്

Summary

Toll collection at the newly erected Nattika toll plaza along the six-laned National Highway 66 stretch between Kappirikkad and Kodungallur (53.8 km) is set to commence from Thursday, even as vehement protests erupt over incomplete infrastructure works

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com