

തൃശൂർ: മികച്ച ജോലിയും ഒപ്പം പുണ്യഭൂമിയിൽ സൗജന്യ ഉംറ നിർവ്വഹണവും വാഗ്ദാനം ചെയ്ത് ലഹരിക്കടത്ത് മാഫിയ ചതിയിൽപ്പെടുത്തിയ മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ സൗദിയിൽ വധശിക്ഷാ ഭീഷണിയിൽ. തൃശ്ശൂർ വടക്കേക്കാട് കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴ് യുവാക്കളുമാണ് ജിദ്ദ വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായി രണ്ടുമാസമായി ജയിലിൽ കഴിയുന്നത്. കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചതോടെ ഉറ്റവരുടെ മോചനത്തിനായി എന്തുചെയ്യണമെന്നറിയാതെ തീരാക്കണ്ണീരിലാണ് ഈ നിർധന കുടുംബങ്ങൾ.
പലസ്തീനിലെയും സുഡാനിലെയും കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള മധുരപലഹാരങ്ങളാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം യുവാക്കളുടെ കൈവശം മയക്കുമരുന്ന് കാർഡ്ബോർഡ് പെട്ടികളിലാക്കി നൽകിയത്. തൃശ്ശൂർ കൊച്ചന്നൂർ സ്വദേശി ആഷിക് തങ്ങൾ, മലപ്പുറം സ്വദേശി അലി എന്നിവരാണ് ഈ അന്താരാഷ്ട്ര ലഹരിക്കടത്ത് റാക്കറ്റിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി ഉമർ ഷെരീഫിന്റെ ഭാര്യ ഹാജറ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. വിദേശത്ത് മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് തന്റെ ഭർത്താവിനെ വ്യാജ വാഗ്ദാനങ്ങളിൽ കുടുക്കി ചതിയിലൂടെ ലഹരിമരുന്ന് കാരിയറാക്കുകയായിരുന്നുവെന്നും, ഉമർ ഷെരീഫിന്റെയും ഒപ്പമുള്ള മറ്റ് നിരപരാധികളുടെയും മോചനത്തിനായി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നയതന്ത്രതലത്തിൽ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
രണ്ടുമാസം മുൻപാണ് സൗദി കസ്റ്റംസിന്റെയും നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗത്തിന്റെയും പിടിയിലാവുന്നത്. പരിശോധനയിൽ അതീവ നിയന്ത്രിത ലഹരിമരുന്നായ പ്രെഗാബാലിൻ വൻതോതിൽ ഇവരുടെ പെട്ടികളിൽനിന്ന് കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുന്നിലും അന്വേഷണ സംഘത്തിന് മുന്നിലും തങ്ങൾ നിരപരാധികളാണെന്ന് സംഘം ആവർത്തിച്ചു വ്യക്തമാക്കി. ഇന്ത്യയിലുള്ള അലി എന്ന വ്യക്തി സൗജന്യമായി ഉംറ ചെയ്യാനുള്ള വിമാന ടിക്കറ്റും ചെലവുകളും വഹിക്കാമെന്ന് ഉറപ്പ് നൽകി ജിദ്ദയിലുള്ള മറ്റൊരാൾക്ക് കൈമാറാൻ തന്ന പെട്ടികളാണിതെന്നും, ഇതിൽ മയക്കുമരുന്നാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഇവർ മൊഴി നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പലസ്തീനിലെ കുട്ടികൾക്ക് നൽകാനുള്ള മിഠായികളും മധുരപലഹാരങ്ങളുമാണെന്ന് പറഞ്ഞാണ് പെട്ടികൾ ഏൽപ്പിച്ചതെന്നും വിമാനത്താവളത്തിന് പുറത്ത് ഒരാൾ ഇത് കൈപ്പറ്റാൻ കാത്തുനിൽക്കുമെന്ന് അറിയിച്ചിരുന്നതായും ഇവർ മൊഴി നൽകി.
വസ്തുതാന്വേഷണ രേഖകൾ പ്രകാരം, കൊച്ചന്നൂർ സ്വദേശി ആഷിക് തങ്ങളാണ് അലിയുടെ നിർദ്ദേശപ്രകാരം യാത്രകൾ ക്രമീകരിച്ചത്. ഉമർ ഷരീഫിനൊപ്പം പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ്, രാംജി ജിബോൺപൂർ തുടങ്ങിയ ഗ്രാമങ്ങളിലെത്തി മറ്റ് ഏഴ് യുവാക്കളെയും വലയിലാക്കുകയായിരുന്നു. പ്രദേശവാസിയായ ജാഹിർ ഉദ്ദീൻ എന്ന പ്രതി മുഖേനയാണ് സൗജന്യ ഭക്ഷണവും താമസവും അടക്കമുള്ള സൗജന്യ ഉംറ വാഗ്ദാനം മറ്റുള്ളവരിലേക്ക് എത്തിച്ചത്. തുടർന്ന് പാസ്‌പോർട്ടുകൾ കൈപ്പറ്റി അഞ്ച് ദിവസത്തിനകം എല്ലാവരുടെയും യാത്ര സംഘടിപ്പിക്കുകയായിരുന്നു.
സൗദി നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ ആർട്ടിക്കിൾ 37(1), ആർട്ടിക്കിൾ 62(2) എന്നിവ പ്രകാരം പ്രതികൾക്ക് വധശിക്ഷ (ഖത്‌ൽ തഅ്സീറൻ) വിധിക്കണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ലഹരിക്കടത്തിന് ഉപയോഗിച്ച ബാഗുകൾ കണ്ടുകെട്ടാനും കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുത്ത വസ്തുക്കളുടെ മൂന്നിരട്ടി തുക പിഴയായി ചുമത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസിൽ ഉമർ ഷരീഫിന്റെ അഭിഭാഷകൻ നവാഫ് ബാ-ഖരീഷ് കുറ്റപത്രം വിശദമായി പരിശോധിച്ച് അടുത്ത സിറ്റിംഗിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം തേടിയതിനെത്തുടർന്ന് കോടതി ഹർജി മാറ്റിവെച്ചു. ബംഗാളി ഭാഷ സംസാരിക്കുന്ന മറ്റ് പ്രതികൾക്കായി ഔദ്യോഗിക കോടതി പരിഭാഷകരെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെയും സാക്ഷികളെയും അടുത്ത തവണ വിസ്തരിക്കുമെന്ന് പ്രോസിക്യൂട്ടർ അറിയിച്ചതോടെ വാദംകേൾക്കൽ മറ്റൊരു ദിവസത്തേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates