

തൃശൂർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലുള്ള തന്ത്രിമഠത്തിൽ, പഴയ താന്ത്രിക ഗ്രന്ഥങ്ങൾക്കും താളിയോലകൾക്കും നടുവിൽ ഏകാഗ്രതയോടെ വായനയിലാണ് തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്. തന്ത്രശാസ്ത്ര ലോകത്തെ അവസാന വാക്കായി കണക്കാക്കപ്പെടുമ്പോഴും, പരമ്പരാഗതമായ യാഥാസ്ഥിതികതയുടെ അന്ധവിശ്വാസങ്ങളെ അറിവും യുക്തിയും കൊണ്ട് തിരുത്താൻ കാണിച്ച ആർജ്ജവമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.പരശുരാമനിൽ നിന്ന് നേരിട്ട് താന്ത്രികാവകാശം ലഭിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന തൃശൂർ കിഴുപ്പിള്ളിക്കരയിലെ പ്രശസ്തമായ തരണനല്ലൂർ മനയിലെ മുതിർന്ന കാരണവരാണ് അദ്ദേഹം. "തന്ത്രം എന്നാൽ കേവലം ക്ഷേത്രാചാരങ്ങളോ ചടങ്ങുകളോ മാത്രമല്ല; ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളില്ലാതെ ഈശ്വരപ്രാപ്തിക്കായി ഏതൊരാൾക്കും അനുഷ്ഠിക്കാവുന്ന സാധനാമാർഗ്ഗമാണത്," എന്ന് നമ്പൂതിരിപ്പാട് ഓർമ്മിപ്പിക്കുന്നു.
ബ്രാഹ്മണ സമുദായത്തിൽ സ്ത്രീകൾ 'അന്തർജനങ്ങൾ' ആയി വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്ന കാലത്താണ്, തന്ത്രശാസ്ത്രത്തിൽ സ്ത്രീക്കാണ് സർവ്വ പ്രാമാണ്യമെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചത്. സ്ത്രീയുടെ സഹായവും പങ്കാളിത്തവും കൂടാതെ താന്ത്രിക സാധന പൂർണ്ണമാകില്ലെന്ന് സ്ഥാപിച്ച അദ്ദേഹം, എതിർത്ത യാഥാസ്ഥിതികരെ സംവാദത്തിനായി ക്ഷണിച്ചെങ്കിലും ആരും അതിന് മുതിർന്നില്ല. 2010-ലായിരുന്നു അടിയുറച്ച വിശ്വാസങ്ങളെപ്പോലും കാറ്റിൽപ്പറത്തിയ ആ ചരിത്ര സംഭവം നടന്നത്. തൃശൂർ ഇരിങ്ങാലക്കുടയ്ക്കടുത്ത് കാട്ടൂർ പൊഞ്ഞനം പൈങ്കണ്ണിക്കാവ് ക്ഷേത്രത്തിൽ, ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജ്യോത്സന എന്ന പെൺകുട്ടിയെക്കൊണ്ട് ഭദ്രകാളീ പ്രതിഷ്ഠ നടത്തിച്ചു. മഹത്തായ ഈ ചടങ്ങ് അന്ന് വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടി. തന്ത്രശാസ്ത്രത്തിൽ ഒരിടത്തും സ്ത്രീകൾക്ക് ഇത്തരം കർമ്മങ്ങൾ നിഷിദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് തെളിവുകൾ സഹിതം അദ്ദേഹം തെളിയിച്ചപ്പോൾ എതിർപ്പുമായി വന്നവർക്ക് നിശ്ശബ്ദരാകേണ്ടി വന്നു.
താന്ത്രികാചാരങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹിച്ചെത്തുന്നവരെ കുലമഹിമയോ ജാതിയോ നോക്കാതെയാണ് അദ്ദേഹം സ്വീകരിക്കുന്നത്. കെഎസ്ഇബിയിലെ എഞ്ചിനീയറായ തൃശൂർ സ്വദേശിനി പത്മിനി ലക്ഷ്മീകാന്തന് അദ്ദേഹം താന്ത്രിക ദീക്ഷ നൽകി അനുഗ്രഹിച്ചു. ക്രിസ്തുമത വിശ്വാസിയായ ഒരു യുവാവിനും അദ്ദേഹം താന്ത്രിക ദീക്ഷ നൽകി. പ്രപഞ്ചത്തിലുള്ളതെല്ലാം മനുഷ്യശരീരത്തിലുമുണ്ടെന്ന തത്ത്വത്തിലൂന്നിയാണ് തന്ത്രം നിലനിൽക്കുന്നത്. ഹഠയോഗം, പ്രാണായാമം, മന്ത്രജപം, ദേവതാധ്യാനം എന്നിവയിലൂടെ മനസ്സിന്റെ അതിരുകൾ വികസിപ്പിച്ച് വിശ്വമനസ്സുമായി ഒന്നാകുന്ന രീതിയാണ് കുണ്ഡലിനീ ഉത്ഥാനത്തിലൂടെ തന്ത്രം സാധ്യമാക്കുന്നത്.
ഔപചാരികമായ സ്കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്നിട്ടും, സ്വയം പഠനത്തിലൂടെ ഇംഗ്ലീഷ് ഭാഷയിലുള്ള സങ്കീർണ്ണമായ തത്വചിന്താ ഗ്രന്ഥങ്ങൾ വായിച്ച് ഹൃദിസ്ഥമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലും അദ്ദേഹം സ്വയം പരിശീലനം നേടി. വിദേശങ്ങളിൽ നിന്ന് വരുത്തിയ അപൂർവ്വ താന്ത്രിക ഗ്രന്ഥങ്ങളുടെ പരിഭാഷകളും നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്. "കലിയുഗത്തിൽ ഭൗതിക നേട്ടങ്ങൾക്കൊപ്പം മനുഷ്യനെ മോക്ഷത്തിലേക്ക് നയിക്കാൻ തന്ത്രശാസ്ത്രത്തോളം അനുയോജ്യമായ മറ്റൊരു സാധനാമാർഗ്ഗമില്ല. ജീവിതം ഒരു യാദൃച്ഛികതയല്ല, അതിന് കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്," - ഈ താന്ത്രികാചാര്യൻ ഉറപ്പിച്ചു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates