അക്കാദമികൾ കൂടുതൽ ജനകീയമാകണം; പുതിയ ഭരണസമിതികൾ ഉടൻ നിലവിൽ വരുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

ഇറ്റ്‌ഫോക് 2027 പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും; ഫെസ്റ്റിവൽ ഡയറക്ടറെ ഉടൻ നിയമിക്കും
PC Vishnunath
PC Vishnunath @Sahitya Akademi
Edited By:
Updated on
1 min read

തൃശൂർ: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളും അക്കാദമികളും കൂടുതൽ ജനകീയമാകണമെന്നും സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്. സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി തൃശൂരിലെ പ്രമുഖ അക്കാദമികൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിൽ അക്കാദമികളെ നയിക്കാൻ ശേഷിയുള്ള പുതിയ ഭരണസമിതികൾ അധികം വൈകാതെ നിലവിൽ വരുമെന്നും, യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുത്ത് ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം എന്നിവ ഉൾപ്പെട്ട തൃശൂരിന്റെ സാംസ്കാരിക മൂലധനത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി.

കേരള സാഹിത്യ അക്കാദമിയിലെത്തിയ മന്ത്രി,അക്കാദമിയിലെ ലളിതാംബിക അന്തർജനം സ്മാരക ഗ്രന്ഥശാലയും പുസ്തകശാലയും സന്ദർശിച്ച് ജീവനക്കാരുമായി സംവദിച്ചു. രാജൻ ജെ പല്ലൻ എംഎൽഎ, സാഹിത്യ അക്കാദമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മാനേജർ പി കെ. മിനി, മാനേജർ സുനിൽ, പബ്ലിക്കേഷൻ ഓഫീസർ നയനതാര തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

നാടക കലാകാരന്മാർക്കൊപ്പം പാട്ടുപാടി മന്ത്രി; ഇറ്റ്‌ഫോക് 2027 ഉടൻ

കേരള സംഗീത നാടക അക്കാദമി സന്ദർശനത്തിന്റെ ഭാഗമായി മുരളി തിയേറ്ററിലെത്തിയ മന്ത്രി, പരിശീലനം പുരോഗമിക്കുന്ന ദീപൻ ശിവരാമന്റെ 'സ്പൈനൽ കോഡ്' എന്ന നാടകത്തിന്റെ അണിയറപ്രവർത്തകരുമായി ആശയവിനിമയം നടത്തി. കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്ന ഭരതൻ സ്മൃതിയുടെ ഭാഗമായുള്ള ഗാനമേള പരിശീലനം വീക്ഷിച്ച മന്ത്രി, കലാകാരന്മാർക്കൊപ്പം 'ഹൃദയരേഖ പോലെ ഞാൻ...' എന്ന ജനപ്രിയ ഗാനം ആലപിച്ചാണ് മടങ്ങിയത്.

2027-ലെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഫെസ്റ്റിവൽ ഡയറക്ടറെ ഉടൻ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. സംഗീത നാടക അക്കാദമിക്ക് കീഴിൽ പൂർത്തിയാകുന്ന കൂത്തമ്പലത്തിന്റെ നടത്തിപ്പ് അക്കാദമിക്ക് കൈമാറുന്നത് പരിഗണിക്കും.

ലളിതകലാ അക്കാദമിക്ക് തനത് വരുമാനം വർദ്ധിപ്പിക്കാൻ നിർദ്ദേശം

കേരള ലളിതകലാ അക്കാദമി സന്ദർശിച്ച മന്ത്രി, ആർട്ട് ഗാലറികളും മ്യൂസിയവും കൂടുതൽ ജനകീയവും ആകർഷകവുമാക്കണമെന്ന് നിർദ്ദേശിച്ചു. അക്കാദമിയുടെ ഭാഗത്തുനിന്ന് തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലളിതകലാ അക്കാദമി സെക്രട്ടറി ഇൻ ചാർജ് സബിതാഭായ് എ.എസ്, എക്സിബിഷൻ ഓഫീസർ ബാബുമോൻ കെ.കെ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Summary

Cultural Affairs Minister P.C. Vishnunath announced during his inspection of various cultural institutions in Thrissur that new governing bodies will soon be appointed to make state academies more people-centric and accessible.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com