

തൃശൂർ: തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു. 75 വയസ്സ് പൂർത്തിയാകുന്നതിന് മുൻപ് മെത്രാന്മാർ രാജി സമർപ്പിക്കണമെന്ന സഭാനിയമ പ്രകാരമാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിരമിക്കുന്നതിന് അനുമതി തേടി സിനഡിന് രാജിക്കത്ത് കൈമാറിയതായും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
അടുത്ത ജനുവരിയിൽ ചേരുന്ന സീറോ മലബാർ സഭാ സിനഡിൽ തൃശൂർ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പിനെ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂർ പുതുക്കാട് സ്വദേശിയായ മാർ ആൻഡ്രൂസ് താഴത്ത്, 1977 മാർച്ച് 14-ന് മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. പൗരസ്ത്യ സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം, വൈദിക ജീവിതത്തിൽ അൻപത് വർഷം പൂർത്തീകരിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ച ശേഷമാണ് അതിരൂപതയുടെ ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ്, കേരള കത്തോലിക്കാ മെത്രാൻ സമിതി സെക്രട്ടറി ജനറൽ, സീറോ മലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബ്യൂണലിന്റെ അധ്യക്ഷൻ, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ തുടങ്ങി സഭയിലെ നിരവധി ഉന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.