തൃശൂർ: സിറ്റി പൊലീസിന് വെല്ലുവിളി ഉയർത്തി ഡിഐജി ഓഫീസിന് വിളിപ്പാടകലെയുള്ള ഇരട്ടച്ചിറ മഹാദേവ ക്ഷേത്രത്തിൽ ആറു മാസത്തിനിടെ രണ്ടാം തവണയും കവർച്ച. ക്ഷേത്രത്തിലെ വെള്ളിയാഭരണങ്ങളും ഓട്ടുപാത്രങ്ങളും കവർന്ന് സൈക്കിളിൽ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ് മുഖം രക്ഷിച്ചു. വാടാനപ്പള്ളിയിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ബച്ചു മൊണ്ടലാണ് പിടിയിലായത്.
കഴിഞ്ഞദിവസം പുലർച്ചെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിന്റെ മുൻവാതിലിന്റെ ചങ്ങലപ്പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ്, ചുറ്റമ്പലത്തിന് പുറത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ടും തകർത്തു. അയ്യപ്പൻകോവിലിലെ വിളക്ക്, ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന വെള്ളി ചന്ദ്രക്കല, അരഞ്ഞാണം, ചുറ്റമ്പലത്തിലെ ഓട്ടുപാത്രങ്ങൾ, പൂജാപാത്രങ്ങൾ എന്നിവയാണ് കവർന്നത്. ക്ഷേത്രത്തിലേക്ക് മോഷണത്തിനായി എത്തുന്നതിനിടെ ഇയാൾ രണ്ട് സൈക്കിളുകളും മോഷ്ടിച്ചിരുന്നു.
കൺട്രോൾ റൂം കാമറ വഴി വലയിലായി
സി.സി.ടി.വി. കാമറകൾ ഇല്ലാത്ത ക്ഷേത്രത്തിൽ ആറു മാസം മുൻപും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അന്ന് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയെ പിടികൂടിയത്. സുരക്ഷാ മേഖലയ്ക്ക് സമീപം വീണ്ടും കവർച്ച നടന്നതോടെ എസിപി ടിആർ രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു.
നഗരത്തിലെ ക്യാമറ കൺട്രോൾ റൂമിന്റെ സഹായത്തോടെ നടത്തിയ ദ്രുതഗതിയിലുള്ള പരിശോധനയിൽ സൈക്കിളിൽ രക്ഷപ്പെട്ട പ്രതിയെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ. നന്ദകുമാർ, എസ്.ഐ.മാരായ രോഹിത്, വരുൺ, സൂരജ് കരിപ്പായി, സീനിയർ സി.പി.ഒ.മാരായ ധനേഷ്, സൂരജ്, ജിനുബ്, സി.പി.ഒ.മാരായ ഹരീഷ്, ദീപക്, ജയപ്രകാശ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates