

തൃശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മടവാക്കര സ്വദേശിയായ എൺപത്തിയൊമ്പതുകാരൻ കൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമി നൽകിയിട്ടും തനിക്ക് ജീവനാംശം നൽകിയില്ലെന്ന് കാട്ടി കൃഷ്ണൻ മകൻ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൃഷ്ണൻ താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൃഷ്ണന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ചെങ്ങാലൂരിലുള്ള മകൻ കൃഷ്ണനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വീടിന്റെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.
ഇടതു ചെവിയോട് ചേർന്ന് ആഴത്തിൽ മുറിവേറ്റ നിലയിൽ കട്ടിലിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വീടിന്റെ രണ്ടാം നിലയിലെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തന്റെ പേരിൽ ഉണ്ടായിരുന്ന ഭൂമി നൽകിയിട്ടും മകൻ തന്നെ സംരക്ഷിക്കുകയോ ജീവനാംശം നൽകുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണൻ മുൻപ് രാധാകൃഷ്ണനെതിരെ കേസ് കൊടുത്തിരുന്നു. ഇതിലുള്ള കടുത്ത പകയാണ് മകനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതിയായ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates