

തൃശ്ശൂർ: ചലിക്കുന്ന കണ്ണുകളുമായി കഥകളി പച്ചവേഷത്തിന്റെ ശിൽപ്പചാരുതയിൽ കേക്ക് ഒരുക്കിയ തൃശ്ശൂർ സ്വദേശിനിക്ക് ലോക റെക്കോർഡ്. പൂനെയിൽ താമസിക്കുന്ന തൃശ്ശൂർ കുട്ടനെല്ലൂർ സ്വദേശി ബാബു പഴയാറ്റിലിന്റെയും മേഴ്സിയുടെയും മകൾ അഞ്ജു അലൻ ഒരുക്കിയ കേക്കാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
പൂനെയിലെ ഓർക്കിഡ് ഹോട്ടലിൽ നടന്ന അഖിലേന്ത്യാ കേക്ക് മഹാമേളയിൽ വൈവിധ്യമാർന്ന രൂപകൽപ്പനകളോടെ 455 കേക്കുകളും കുക്കീസും ഒരുക്കി പ്രദർശിപ്പിച്ച അഞ്ജു അലൻ ഉൾപ്പെടെ 37 കേക്ക് ആർട്ടിസ്റ്റുകളാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. ഷെഫ് പ്രാചി ദാബൽ ദേബിന്റെ നേതൃത്വത്തിലാണ് ഈ ലോക റെക്കോർഡ് യജ്ഞം സംഘടിപ്പിച്ചത്. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ പച്ചവേഷമാണ് ഐസിംഗിന്റെ ശിൽപ്പചാരുതയിൽ അഞ്ജു അലൻ തയ്യാറാക്കിയത്. മൂന്നടി ഉയരവും രണ്ടടി വീതിയുമുള്ള ഈ കഥകളി കേക്കിലെ ചലിക്കുന്ന കണ്ണുകളാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. കഥകളിയുടെ ജീവനും മർമ്മവുമായ നേത്രമുദ്രകളെ ത്രീഡി പ്രിന്റിംഗിന്റെയും ചിപ്പിന്റെയും സഹായത്തോടെയാണ് ചലിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയത്. ഇതിനൊപ്പം കഥകളി സംഗീതവും പശ്ചാത്തലത്തിൽ ചേർത്താണ് കേക്ക് അവതരിപ്പിച്ചത്.
മോഡലിംഗ് ചോക്ലേറ്റും ഫോണ്ടന്റും ഉപയോഗിച്ച് അതീവ കരകൗശല ചാരുതയോടെയാണ് കേക്ക് നിർമ്മിച്ചത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കേക്ക് ആർട്ടും ആധുനിക സാങ്കേതികവിദ്യയും ഈ കഥകളി കേക്കിൽ സമന്വയിപ്പിക്കാനായെന്ന് അഞ്ജു അലൻ പറഞ്ഞു. പൂനെയിലെ 'ദ ബേക്കിംഗ് പ്രൊജക്ട് 2.0' കേക്ക് സ്റ്റുഡിയോയുടെ സ്ഥാപകയാണ് അഞ്ജു അലൻ. എറണാകുളം സ്വദേശിയായ അലൻ ടിറ്റോയാണ് ഭർത്താവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates