ഒരു കിലോയ്ക്ക് അഞ്ചുലക്ഷം: തൃശൂരിൽ കുങ്കുമപ്പൂവ് വിരിയിച്ച് വിസ്മയം തീർത്ത് ജെയിംസ് കാപ്പാനിയും കുടുംബവും

150 ചതുരശ്ര അടി മുറിയിൽ ഹൈടെക് കൃഷി
Saffron Farming Thrissur
Saffron Farming ThrissurSaffron Farming Thrissur
Edited By:
Updated on: 
1 min read

തൃശൂർ: കശ്മീരിലെ കൊടുംതണുപ്പുള്ള മലനിരകളിൽ മാത്രം പൂക്കുന്ന, കിലോയ്ക്ക് അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന 'ചുവന്ന സ്വർണ്ണം' ഇനി തൃശൂരിന്റെ മണ്ണിലും സുലഭം. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തൃശൂർ പുത്തൂരിലെ വീടിനു മുകളിൽ തയ്യാറാക്കിയ ചെറിയൊരു മുറിയിൽ ലക്ഷങ്ങളുടെ കുങ്കുമപ്പൂവ് വിളയിച്ചെടുത്ത് വിസ്മയം തീർക്കുകയാണ് മുൻ പ്രവാസിയായ ജെയിംസ് കാപ്പാനിയും കുടുംബവും.

ജെയിംസ്, ഭാര്യ ഷീജ, മക്കളായ അക്കിലാസ്, ഫെലിക്‌സ് എന്നിവരടങ്ങുന്ന കുടുംബം 'ഓർഹ്യൂസ്' എന്ന ബ്രാൻഡ് നാമത്തിലാണ് പരിശുദ്ധമായ കുങ്കുമപ്പൂവും ഇതിൽനിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്. വീടിന് മുകളിലുള്ള വെറും 150 ചതുരശ്ര അടിയുള്ള മുറിയിലാണ് ഈ അത്ഭുത കാർഷിക മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നത്.

എഐയും ഐഒടിയും നൽകിയ കൃത്രിമ കാലാവസ്ഥ

ഇൻഡോർ കൺട്രോൾഡ് എൻവയോൺമെന്റ് അഗ്രികൾച്ചർ സാങ്കേതികവിദ്യ, ഇന്റർനെറ്റ് ഓഫ് തിങ്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ സംയോജിപ്പിച്ചാണ് കശ്മീരിലെ അതിശൈത്യത്തിന് സമാനമായ കൃത്രിമ കാലാവസ്ഥ ഈ ചെറിയ മുറിക്കുള്ളിൽ കൃത്യതയോടെ സൃഷ്ടിച്ചെടുത്തത്. മുറിക്കുള്ളിലെ താപനില, ഈർപ്പം, വായുസഞ്ചാരം, പ്രകാശതീവ്രത എന്നിവയെല്ലാം കംപ്യൂട്ടർ നിയന്ത്രിത സെൻസറുകൾ വഴി സ്വയം ക്രമീകരിച്ചാണ് ചെടികൾ വളർത്തിയത്.

തുടർച്ചയായ രണ്ടാം വർഷമാണ് ജെയിംസിന്റെ കൃഷിയിടത്തിൽ കുങ്കുമപ്പൂക്കൾ വിജയകരമായി വിരിയുന്നത്. ഇത്തവണ പൂക്കൾക്ക് പുറമെ, അടുത്ത കൃഷിക്കാവശ്യമായ 'സാഫ്രോൺ കോംസുകൾ' എന്ന വിത്തുകൾ കൂടി വിജയകരമായി വിളയിച്ചെടുക്കാൻ സാധിച്ചുവെന്നത് നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

ദക്ഷിണേന്ത്യയിൽ ആദ്യം; അഭിനന്ദനവുമായി ശാസ്ത്രജ്ഞരും ജനപ്രതിനിധികളും

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൂർണ്ണമായും ഇൻഡോർ സംവിധാനത്തിൽ കുങ്കുമപ്പൂവും വിത്തും ഇത്തരത്തിൽ വിജയകരമായി ഉൽപ്പാദിപ്പിക്കുന്നത് ഇതാദ്യമായാണെന്ന് കേരള കാർഷിക സർവകലാശാലയും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പൂനെയിലെ നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ നേരിട്ടെത്തി കൃഷിയിടം പരിശോധിച്ച് സാങ്കേതിക മികവ് വിലയിരുത്തിയിരുന്നു.

കെ. രാജൻ എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖർ പുത്തൂരിലെ ഫാം നേരിട്ട് സന്ദർശിച്ച് ജെയിംസിനും കുടുംബത്തിനും അഭിനന്ദനങ്ങൾ അറിയിച്ചു. വിദേശത്തെ ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ജെയിംസ് ഇത്തരമൊരു ഹൈടെക് കാർഷിക പരീക്ഷണത്തിന് മുതിർന്നത്. ഇന്ത്യയിലെ വിവിധ കാർഷിക ഗവേഷകർക്ക് പുറമെ വിദേശ സർവകലാശാലകളിലെ വിദ്യാർത്ഥികളും കൃഷി പഠിതാക്കളും കൃഷിരീതികൾ നേരിട്ടുകണ്ട് മനസ്സിലാക്കാനും ഉപദേശങ്ങൾ തേടാനുമായി ഇപ്പോൾ പുത്തൂരിലെ ഈ കൊച്ചു ലാബിലേക്ക് ഒഴുകിയെത്തുകയാണ്.

Summary

In a pathbreaking agricultural breakthrough, non-resident Indian returnee James Kappani and his family have successfully cultivated premium saffron in a 150-sq-ft customized indoor facility at Puthoor in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com