തൃശൂർ: പുതുക്കാട് തുറവിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയുടെ എടിഎമ്മിൽ കവർച്ചാശ്രമം. എടിഎം മെഷീന്റെ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്ന ഭാഗം ഹാൻഡ് മെഷീൻ കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റി പണം കവരാനായിരുന്നു മോഷ്ടാവിന്റെ ശ്രമം. എന്നാൽ ഈ സമയം എടിഎമ്മിലേക്ക് പണം പിൻവലിക്കാനായി ആളുകൾ എത്തിയതോടെ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
ഇന്ന് പുലർച്ചെ 12.45-ഓടെയായിരുന്നു സംഭവം നടന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷ്ടാവ് എടിഎം കൗണ്ടറിലേക്ക് എത്തിയത്. പിടിക്കപ്പെടാതിരിക്കാൻ എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറകളിൽ ഇയാൾ സ്പ്രേ അടിക്കുകയും ചെയ്തു. തുടർന്ന് കൈവശമുണ്ടായിരുന്ന കട്ടർ ഉപയോഗിച്ച് പണം സൂക്ഷിക്കുന്ന ഭാഗം അറുത്തുമാറ്റാൻ തുടങ്ങി. എന്നാൽ, പുലർച്ചെ സമയത്തും എടിഎമ്മിലേക്ക് പണം എടുക്കാനായി ആളുകൾ വന്നുകൊണ്ടിരുന്നതാണ് വലിയൊരു കവർച്ച ഒഴിവാകാൻ കാരണമായത്. ആളുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ കവർച്ചാശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ക്യാമറകളിൽ സ്പ്രേ അടിച്ചെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാതെ പോയ കൗണ്ടറിലെ മറ്റൊരു സിസിടിവി ക്യാമറയിൽ ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കവർച്ചാശ്രമം സംബന്ധിച്ച വിവരമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates