

തൃശൂർ: ചാലക്കുടി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ പെട്രോളൊഴിച്ച് കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സുകുമാരനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പ്രാഥമിക സൂചന.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ പൊലീസ് സ്റ്റേഷന്റെ മതിൽ ചാടിക്കടന്നെത്തിയ സുകുമാരൻ, സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ നിന്ന് കുപ്പിയിലേക്ക് പെട്രോൾ പകർത്തിയെടുത്തു. തുടർന്ന് മതിലിനോട് ചേർന്ന് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ബൈക്കുകളിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീപ്പെട്ടി ഉരച്ചിട്ട് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
തീപിടുത്തത്തിൽ 12 ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു. ബൈക്കുകളിൽ നിന്ന് പുക ഉയരുന്നത് കണ്ട് പൊലീസുകാർ തീയണയ്ക്കാൻ എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ ബൈക്കുകൾക്ക് തീയിടുന്ന ദൃശ്യങ്ങൾ വ്യക്തമായതും പ്രതിയെ പിടികൂടാനായതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates