തൃശൂർ: ഡ്യൂട്ടിക്കിടെ മദ്യപിച്ച് റെയിൽവേ ഗേറ്റ് അടച്ചും തുറന്നും പരിഭ്രാന്തി പരത്തുകയും, ഇത് ചോദ്യം ചെയ്ത നാട്ടുകാരെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് റെയിൽവേ ഗേറ്റ് കീപ്പർമാർ പിടിയിൽ. വടൂക്കര റെയിൽവേ ഗേറ്റിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
റെയിൽവേ ജീവനക്കാരായ രാജേഷ്, ബിനു എന്നിവരെയാണ് നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ ഒരാൾ നെടുപുഴ റെയിൽവേ ഗേറ്റിലെയും മറ്റൊരാൾ വടൂക്കര ഗേറ്റിലെയും ജീവനക്കാരനാണ്. വടൂക്കര റെയിൽവേ ഗേറ്റിന് സമീപമുള്ള ഷെഡിലിരുന്ന് ഇരുവരും മദ്യപിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.
മദ്യലഹരിയിലായിരുന്ന ജീവനക്കാർ കാരണമൊന്നുമില്ലാതെ റെയിൽവേ ഗേറ്റ് ആവർത്തിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ ഇരുവരും റെയിൽവേ ഷെഡിൽ കാടുവെട്ടാൻ സൂക്ഷിച്ചിരുന്ന നീളമുള്ള വാക്കത്തി പോലുള്ള ആയുധമെടുത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നെടുപുഴ പൊലീസ് സ്ഥലത്തെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് റെയിൽവേ സംരക്ഷണ സേനക്ക് കൈമാറി. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിന് തടസ്സമൊന്നും നേരിട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജീവനക്കാർക്കെതിരെ റെയിൽവേ അധികൃതർ വകുപ്പുതല അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates