

തൃശൂർ: കർണാടകയിൽ പെട്രോളിൽ അനുവദനീയമായ അളവിലും അധികം എഥനോൾ കണ്ടെത്തിയ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രംഗത്ത്. ഇക്കാര്യത്തിൽ സർക്കാരിന് ശാസ്ത്രീയ പിന്തുണയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് അംഗീകാരം നൽകിയിട്ടുള്ളതെന്നും, ഭാവിയിൽ ശാസ്ത്രീയമായ സാധ്യതകൾ പരിശോധിച്ചുകൊണ്ട് എഥനോളിന്റെ അളവ് കാലക്രമേണ വർധിപ്പിക്കുമെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"കർണാടക സർക്കാരും കേരള സർക്കാരും പരിശോധന നടത്തട്ടെ. ഞങ്ങൾക്ക് അതിൽ സയന്റിഫിക് സപ്പോർട്ട് ഉണ്ട്. 20 ശതമാനമാണ് ഞങ്ങൾ അംഗീകരിച്ചിരിക്കുന്നത്. അത് കാലക്രമേണെ വർധിപ്പിക്കും. ശാസ്ത്രീയമായി സാധ്യതകൾ പരിശോധിച്ചശേഷമാണ് ചെയ്യുക," സുരേഷ് ഗോപി വ്യക്തമാക്കി.
കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള പെട്രോൾ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ അനുവദിനീയമായ 20 ശതമാനത്തിന് പകരം 30 ശതമാനത്തിലധികം എഥനോൾ കണ്ടെത്തിയെന്ന വിവരം വലിയ ചർച്ചയായിരുന്നു. സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ പുറത്തുവന്നത്.
എന്നാൽ പരിശോധനാ രീതികളും നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്ന് എണ്ണക്കമ്പനികൾ വിശദീകരിച്ചിരുന്നു. കർണാടകയിലെ ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ കേരളത്തിലും പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates