ഗുരുവായൂർ: തൃശൂരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഴാനി ഡാമിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 6 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സംഗീത ജലധാര (മ്യൂസിക്കൽ ഫൗണ്ടൻ) രണ്ടു വർഷത്തിലേറെയായി പ്രവർത്തിക്കാതെ കിടക്കുന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. പദ്ധതി നിർമ്മാണത്തിലും നടത്തിപ്പിലും വലിയ തോതിലുള്ള അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി.എൻ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു.
യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് കണ്ടൻമറ്റിൽ, തെക്കുംകര പഞ്ചായത്ത് അംഗങ്ങളായ മായ സുനിൽ, ശരത്, വി.ജെ ജമാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വാഴാനി ഡാമിലെ ജലധാരയുടെ ഇലക്ട്രിക്കൽ സംവിധാനങ്ങളും കൺട്രോൾ ഉപകരണങ്ങളും വർഷങ്ങളായി ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിച്ച നിലയിലാണെന്ന് സന്ദർശനത്തിന് ശേഷം നേതാക്കൾ ആരോപിച്ചു.
നാട്ടുകാരുടെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ചെലവിട്ട് നിർമ്മിച്ച പദ്ധതി ജനങ്ങൾക്ക് യാതൊരു പ്രയോജനവും നൽകിയിട്ടില്ലെന്ന് പി.എൻ വൈശാഖ് മാധ്യമങ്ങളോട് പറഞ്ഞു. നിർമ്മാണത്തിന്റെ ഗുണനിലവാരം, കരാർ നടപടികൾ, ഉപകരണങ്ങൾ വാങ്ങിയതിലെ സുതാര്യത, പദ്ധതിക്കായി ചെലവഴിച്ച തുക എന്നിവയെക്കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണം. പൊതുപണം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഴാനി ഡാമിനെ സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായാണ് കമ്പ്യൂട്ടർ നിയന്ത്രിത വാട്ടർ ജെറ്റുകൾ, വർണ്ണാഭമായ ലൈറ്റിംഗ്, മ്യൂസിക് സിസ്റ്റം എന്നിവ ഉൾപ്പെടുത്തി സംഗീത ജലധാര വിഭാവനം ചെയ്തത്. സായാഹ്ന വിനോദസഞ്ചാരത്തിന് ഉണർവേകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്.
എന്നാൽ നിർമ്മാണം പൂർത്തിയായ ശേഷം ഒരിക്കൽ പോലും പദ്ധതി തടസ്സമില്ലാതെ പ്രവർത്തിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഒന്നോ രണ്ടോ തവണ പ്രവർത്തിപ്പിച്ചെങ്കിലും തുടർച്ചയായി ഉണ്ടായ സാങ്കേതിക തകരാറുകളും അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം പദ്ധതി പൂർണ്ണമായും മുടങ്ങുകയായിരുന്നു. നിലവിൽ വൈദ്യുതി ഉപകരണങ്ങളടക്കം നശിച്ച അവസ്ഥയിലാണ്. വാഴാനി ഡാം പ്രദേശത്തെ പ്രധാന ജലസേചന-കുടിവെള്ള സ്രോതസ്സ് എന്നതിനൊപ്പം പ്രതിവർഷം ആയിരക്കണക്കിന് ആളുകൾ എത്തുന്ന പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ്. സംഗീത ജലധാരയുടെ പരാജയം ടൂറിസ്റ്റുകളെ മാത്രമല്ല, പ്രദേശത്തെ ചെറുകിട വ്യാപാരികളെയും കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. ഭരണതലത്തിലുണ്ടായ വീഴ്ചയാണോ അതോ സാങ്കേതിക വൈകല്യമാണോ ഇതിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം, യൂത്ത് കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളോ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Youth Congress has demanded a comprehensive Vigilance probe into alleged corruption and execution flaws after a ₹6-crore musical fountain at Vazhani Dam remained non-functional for over two years, resulting in severe equipment damage.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates