സസ്യശാസ്ത്രത്തിലെ അത്ഭുതം; കാടിനെ സർവകലാശാലയാക്കിയ പിച്ചൻ സലീം

പേരിലുമുണ്ട് രണ്ട് സസ്യങ്ങൾ; 175 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച കണ്ടെത്തൽ
Pitchan M Salim Taxonomist
Pitchan M Salim Taxonomist
Updated on
2 min read

സാധാരണക്കാർക്ക് കാട് പച്ചപ്പിന്റെ വിശാലമായ കടൽ മാത്രമാണ്. എന്നാൽ പിച്ചൻ എം. സലീമിന് കാട് ഒരു ഗ്രന്ഥശാലയാണ്. ഓരോ ഇലയ്ക്കും പൂവിനും വിത്തിനും പറയാനുള്ള ഓരോ കഥകളുമായി കാത്തിരിക്കുന്ന ഒരു വലിയ പുസ്തകം.

Pitchan M Salim Taxonomist
മഴനൂലിൽ കൊരുത്ത രാമസേതു; കന്നിയിലെ തിരുവോണവും തൃപ്രയാർ തേവരുടെ ചിറകെട്ടും

ശാസ്ത്രത്തിന് പുതുതായി പരിചയപ്പെടുത്തിയ 23 സസ്യയിനങ്ങൾ, പത്തിലേറെ പുതിയ ഭൂമിശാസ്ത്ര രേഖകൾ, 53-ലേറെ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ. സസ്യ വർഗീകരണശാസ്ത്രത്തിന്റെ ലോകത്ത് വയനാട്ടുകാരനായ സലീം സ്വന്തമായൊരു ഇടം കണ്ടെത്തിയത് ഇങ്ങനെയാണ്. പശ്ചിമഘട്ടത്തിലെ വിദൂര വനപാതകളിൽനിന്നുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ഇന്ന് അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ താളുകളിലുണ്ട്.

അപൂർവമായി മാത്രം ഫീൽഡ് ഗവേഷകർക്ക് ലഭിക്കുന്ന അംഗീകാരവും സലീമിനെ തേടിയെത്തി. അപൂർവമായ രണ്ട് വന്യസസ്യങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് ലഭിച്ചു - Seidenfadeniella salimii, Impatiens salimii.

ദേശീയ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരം
ദേശീയ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും സലീം ഏറ്റുവാങ്ങുന്നു

“അന്താരാഷ്ട്ര ശാസ്ത്രസമൂഹം രണ്ട് അപൂർവ വന്യസസ്യങ്ങൾക്ക് എന്റെ പേര് നൽകി എന്നെ ആദരിച്ചു. എനിക്ക് അതൊരു ബഹുമതി മാത്രമല്ല. ആഗോള സസ്യ വർഗീകരണശാസ്ത്രത്തിന് ഫീൽഡിൽനിന്നുള്ള അറിവിന് നൽകപ്പെട്ട അംഗീകാരത്തിന്റെ തെളിവുകൂടിയാണത്,” സലീം പറയുന്നു.

175 വർഷത്തിലേറെയായി കാണാതിരുന്ന Campbellia aurantiaca എന്ന സസ്യത്തെ പുനഃകണ്ടെത്തിയതാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. കണ്ടെത്തൽ പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ Kew Bulletin-ൽ പ്രസിദ്ധീകരിച്ചതോടെ പശ്ചിമഘട്ടത്തിന്റെ സസ്യവൈവിധ്യം അന്താരാഷ്ട്ര ശ്രദ്ധ നേടി.

Pitchan M Salim Taxonomist
കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്ന് കുടുംബം; നിയമസഹായം നൽകാനില്ലെന്നും നിലപാട്

എന്നാൽ കാട് വിട്ടിറങ്ങുന്നതോടെ സലീമിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല.പുഴമുടിയിലെ സ്വന്തം വീട്ടുവളപ്പിൽ അദ്ദേഹം ഒരുക്കിയിരിക്കുന്നത് ഇൻ-സിറ്റു, എക്സ്-സിറ്റു ജൈവ സംരക്ഷണകേന്ദ്രമാണ്. സ്വന്തം പുരയിടത്തെ തദ്ദേശീയ സസ്യ ജനിതകസമ്പത്തിന്റെ ജീവിക്കുന്ന ശേഖരമാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം.

614 പരമ്പരാഗതവും വന്യവുമായ സസ്യ ഇനങ്ങളും വൈവിധ്യങ്ങളും ഇന്ന് ഈ ശേഖരത്തിലുണ്ട്. ഇതിൽ 174 വന്യ അലങ്കാര സസ്യങ്ങൾ, 127 വന്യബന്ധുക്കൾ, 130 അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ ഇനങ്ങൾ, 183 കൃഷി ജനിതക വൈവിധ്യ ഇനങ്ങൾ എന്നിവ ഉൾപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന Bulbophyllum aureum, Medinilla malabarica തുടങ്ങിയ അപൂർവ ഓർക്കിഡുകളും അദ്ദേഹത്തിന്റെ സംരക്ഷണ ശേഖരത്തിലുണ്ട്.

“എന്റെ പുരയിടം ഒരു പൂന്തോട്ടം മാത്രമല്ല. നമ്മുടെ തദ്ദേശീയ ജനിതക സമ്പത്തിന്റെ ജീവിക്കുന്ന ശേഖരമാണത്. ഇവിടെ സംരക്ഷിക്കുന്ന ഓരോ സസ്യവും അതിന്റെ ജനിതക പൈതൃകം നിലനിൽക്കണമെന്നുള്ള ചെറിയൊരു ശ്രമമാണ്,” സലീം പറയുന്നു.

സലീമിന്റെ സസ്യശാസ്ത്ര യാത്രയ്ക്ക് തുടക്കമാകുന്നത് 1997-ലാണ്. വയനാട്ടിൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച പാരാടാക്സോണമി പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 പ്രാദേശിക യുവാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

സസ്യങ്ങളുടെ രൂപഘടനയിലെ സൂക്ഷ്മ വ്യത്യാസങ്ങൾ തിരിച്ചറിയാനും മാതൃകകൾ തരംതിരിക്കാനും ഹെർബേറിയം ശേഖരങ്ങൾ തയ്യാറാക്കാനുമുള്ള സലീമിന്റെ കഴിവ് പരിശീലനത്തിനിടെ തന്നെ ശ്രദ്ധിക്കപ്പെട്ടു.

Pitchan M Salim Taxonomist
കല്ലാടി ദുരന്തത്തിന് രണ്ട് മാസം; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത പദ്ധതി

അടുത്ത വർഷം എം.എസ്.എസ്.ആർ.എഫിൽ ചേർന്ന അദ്ദേഹം പിന്നീട് 2,000-ത്തിലേറെ സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങൾ മനഃപാഠമാക്കി. കേരളത്തിന്റെ വിവിധ വനമേഖലകളിലൂടെ സഞ്ചരിച്ച് ഗവേഷകരെ സസ്യങ്ങളെയും അവയുടെ ആവാസവ്യവസ്ഥകളെയും തിരിച്ചറിയാൻ സഹായിച്ചു.

“ഒരു വന്യസസ്യത്തെ ശാസ്ത്രീയമായി മനസ്സിലാക്കുകയും അതിന്റെ ശാസ്ത്രീയ നാമം കണ്ടെത്തുകയും ചെയ്യുന്നതാണ് അതിന്റെ സംരക്ഷണത്തിന്റെയും സുസ്ഥിര ഉപയോഗത്തിന്റെയും ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ഘട്ടമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു,” അദ്ദേഹം പറയുന്നു.

സലീമിനെ സംബന്ധിച്ചിടത്തോളം ഓരോ കണ്ടെത്തലും ഒരു മുന്നറിയിപ്പുകൂടിയാണ്. പേരിടപ്പെടാതെയും രേഖപ്പെടുത്തപ്പെടാതെയും കിടക്കുന്ന ഒരു സസ്യം ശ്രദ്ധിക്കപ്പെടാതെ തന്നെ എന്നെന്നേക്കുമായി ഇല്ലാതായേക്കാം.

"ഒരു സസ്യത്തെ സംരക്ഷിക്കുന്നതിന് മുമ്പ് അത് നിലവിലുണ്ടെന്ന് നാം അറിയണം. അത് എവിടെയാണ് വളരുന്നതെന്നും അതിന്റെ മൂല്യം എന്താണെന്നും മനസ്സിലാക്കണം,” അദ്ദേഹം പറയുന്നു.

സസ്യ സംരക്ഷണ മേഖലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒടുവിൽ രാജ്യത്തെ തന്നെ ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്ന് ലഭിച്ചു. 2021ൽ ഇന്ത്യയുടെ രാഷ്ട്രപതി ദേശീയ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരം സലീമിന് സമ്മാനിച്ചു. ഇന്ത്യയുടെ സസ്യ ജനിതക സമ്പത്തിന്റെ സംരക്ഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു പുരസ്കാരം.

എന്നാൽ സലീമിന്റെ ജീവിതകഥയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അധ്യായം ഇതൊന്നുമല്ല.ആയിരക്കണക്കിന് സസ്യങ്ങളെ തിരിച്ചറിഞ്ഞ, ശാസ്ത്രത്തിന് പുതുതായുള്ള സസ്യ ഇനങ്ങളുടെ കണ്ടെത്തലുകളിൽ പങ്കാളിയായ, 53-ലേറെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ ഭാഗമായ, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഈ സസ്യ വർഗീകരണശാസ്ത്രജ്ഞൻ പിന്തുടർന്നത് പരമ്പരാഗത അക്കാദമിക വഴിയല്ല.

അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസം പ്രീ-ഡിഗ്രി വരെ മാത്രമാണ്.അതിനുശേഷമുള്ളതെല്ലാം അദ്ദേഹം പഠിച്ചത് കാട്ടിൽ നിന്നാണ്. വർഷങ്ങളായുള്ള ഫീൽഡ് പ്രവർത്തനത്തിലൂടെ, നിരീക്ഷണത്തിലൂടെ, സസ്യങ്ങളുടെ മാതൃകകൾ ശേഖരിച്ചും ശാസ്ത്രജ്ഞരുമായി സംവദിച്ചും.

പലപ്പോഴും ‘ബെയർഫൂട്ട് സയന്റിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സലീം ഇന്ന് കേരളത്തിലെ ശ്രദ്ധേയനായ ഫീൽഡ് പാരാടാക്സോണമിസ്റ്റാണ്.അദ്ദേഹത്തിന് കാട് സർവകലാശാലയായി. സസ്യങ്ങൾ പാഠപുസ്തകങ്ങളായി. മണ്ണും ഭൂമിയും പകർന്ന് നൽകിയ അറിവ് ലോക സസ്യ വർഗീകരണശാസ്ത്രത്തിലേക്കുള്ള വഴിയായി.

Summary

Defying traditional academic trajectories, Wayanad-native Pitchan M. Salim has emerged as an iconic parataxonomist and "barefoot scientist," transforming the Western Ghats into his living university

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com